അബുദാബി പൊലീസിന്റെ പുതിയ സൂപ്പർകാർ

കോടീശ്വരന്മാർപ്പോലും അമ്പരക്കുന്ന സൂപ്പർകാർ കളക്ഷനാണ് യുഎഇ പൊലീസ് വകുപ്പിലുള്ളത്. ബുഗാട്ടി വെയ്‌റോൺ, ലംബോർഗ്നി, ഫെരാരി തുടങ്ങിയ സൂപ്പർ കാറുകൾ സ്വന്തമായുള്ള ദുബൈ സിറ്റി ട്രാഫിക്ക് പൊലീസിന് വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് അബുദാബി പൊലീസ്. ലെബനൻ ആസ്ഥാനമായ ഡബ്ല്യു മോട്ടോഴ്‌സ് ആണ് ഈ ലിമിറ്റഡ് എഡിഷൻ ലൈക്കൻ ഹൈപ്പർ സ്‌പോർട്‌സ് കാറിന്റെ നിർമ്മാതാക്കൾ. ഏകദേശം 21.6 കോടിരൂപയാണ് ഈ ഹൈപ്പർസ്‌പോർട്ട് കാറിനെ സൂപ്പർപൊലീസ് കാറാക്കാൻ അബുദാബി പൊലീസ് ചെലവിട്ടത്. ലോകത്താകെ ഏഴ് ലൈക്കൻ ഹൈപ്പർ സ്‌പോർട്‌സ് കാറുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളു. അവയിലൊന്നാണ് അബുദാബി പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്.

കാറിലെ 3.7 ലിറ്റർ , ആറ് സിലിണ്ടർ, ഇരട്ട ടർബോ ചാർജർ പെട്രോൾ എൻജിന് 740 ബിഎച്ച്പി കരുത്തും 960 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് നൂറ് കിമീ വേഗമെടുക്കാൻ വെറും 2.8 സെക്കൻഡ് മാത്രം മതി ഈ കരുത്തന്. പരമാവധി വേഗത 385 കിമീ. വേതയിൽ മാത്രമല്ല പൊലീസിന്റെ ഈ കാർ കേമൻ. ലോകോത്തര നിലവാരമുള്ള ട്രാഫിക്ക് പട്രോൾ ഉപകരണങ്ങളും കാറിൽ അബുദാബി പൊലീസ് ഘടിപ്പിച്ചിട്ടുണ്ട്. മുന്നിൽ പോകുന്ന എല്ലാ വാഹനങ്ങളുടെയും വേഗവും നമ്പർപ്ലേറ്റുമൊക്കെ രേഖപ്പെടുത്തി വേഗത്തിൽ പായുന്നവരേയും, അപകടകരമായി വാഹനമോടിക്കുന്നവരെയും ഇവൻ കുടുക്കും. മണിക്കൂറിൽ 394 കിമീ വേഗത്തിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മുഖം പോലും സ്‌കാൻ ചെയ്യാൻ സാധിക്കുന്ന സാങ്കേതികവിദ്യ കാറിലുണ്ടെന്നാണ് അബുദാബി പൊലീസ് പറയുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ കൺട്രോൾ റൂമിലേയ്ക്ക് അയയ്ക്കാനുള്ള സംവിധാനവും കാറിലുണ്ട്.