യുഎസിലെ ജിഎം കാറുകൾ ഇനി മെയ്ഡ് ഇൻ ചൈന

ചൈനയിൽ നിർമിച്ച കാറുകൾ യു എസിൽ വിൽപ്പനയ്ക്കെത്തിക്കാൻ ജനറൽ മോട്ടോഴ്സി(ജി എം)നു പദ്ധതി. അടുത്ത വർഷം ആദ്യത്തോടെ ചൈനീസ് നിർമിത കാറുകൾ യു എസിൽ ലഭ്യമാക്കാനാണു ജി എം തയാറെടുക്കുന്നത്. ഇതോടെ ചൈനയിൽ നിന്നുള്ള കാറുകൾ യു എസിൽ വിൽക്കുന്ന ആദ്യത്തെ പ്രമുഖ വാഹന നിർമാതാവായും ജി എം മാറും. ഷാങ്ഡോങ് പ്രവിശ്യയിൽ നിർമിക്കുന്ന ഇടത്തരം സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ബ്യുക്ക് എൻവിഷൻ’ ആവും ജി എം യു എസ് വിപണിയിൽ അവതരിപ്പിക്കുന്ന ആദ്യ ചൈനീസ് മോഡൽ. നിലവിൽ ദക്ഷിണ കൊറിയയിൽ നിർമിച്ച ‘എൻകോറും’ മിച്ചിഗനിൽ നിന്നുള്ള ‘എൻക്ലേവു’മാണ് ബ്യൂക്ക് ശ്രേണിയിലെ എസ് യു വി വിഭാഗത്തിലുള്ളത്.

buick envision

തുടക്കത്തിൽ 30,000 മുതൽ 40,000 വരെ ‘എൻവിഷൻ’ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യാനാണു ഡെട്രോയ്റ്റ് ആസ്ഥാനമായ ജി എം ആലോചിക്കുന്നത്. ഇന്ധനവില കുറഞ്ഞതോടെ യു എസ് വിപണിയിൽ പിക് അപ്പുകൾക്കും എസ് യു വികൾക്കുമുള്ള ആവശ്യം വർധിച്ച സാഹചര്യം പരിഗണിച്ചാണു ജി എമ്മിന്റെ നടപടി. നിർമാണ ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടല്ല ചൈനയിൽ നിന്നുള്ള എസ് യു വി ഇറക്കുമതിയെന്നാണ് ജി എമ്മിന്റെ അവകാശവാദം. മറിച്ച് എസ് യു വി ശ്രേണിയിലെ വിടവ് നികത്താൻ മാത്രമാണത്രെ ജി എം ‘ബ്യുക്ക് എൻവിഷൻ’ യു എസിൽ എത്തിക്കുന്നത്.

buick envision

ചൈനയിൽ ജനപ്രീതിയാർജിച്ച ജി എം ബ്രാൻഡാണു ബ്യുക്ക്; യു എസിൽ ബ്യുക്ക് കൈവരിക്കുന്നതിന്റെ നാലിരട്ടിയോളമാണു ചൈനീസ് വിപണിയിൽ ബ്രാൻഡിനുള്ള വിൽപ്പന. എങ്കിലും ചൈനീസ് വിപണിയിലെ വിൽപ്പന ഇടിയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയതാണു ജി എം പോലുള്ള നിർമാതാക്കളെ ആശങ്കാകുലരാക്കുന്നത്. മികച്ച വളർച്ച പ്രതീക്ഷിച്ച് കഴിഞ്ഞ ദശാബ്ദത്തിനിടെ വമ്പൻ നിർമാണശാലകളാണു ജി എം ചൈനയിൽ സഥാപിച്ചത്.

buick envision

അതിനിടെ ചൈനയിൽ നിന്നുള്ള ജി എമ്മിന്റെ വാഹന ഇറക്കുമതി യു എസിലെ യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയനെ പ്രകോപിപ്പിക്കുമോയെന്ന ആശങ്കയും ശക്തമാണ്. ജി എമ്മുമായി നാലു വർഷ കാലാവധിയുള്ള തൊഴിൽ കരാർ തത്വത്തിൽ അംഗീകരിച്ച യൂണിയൻ, ഈ തീരുമാനത്തിന് അംഗങ്ങളുടെ പിന്തുണ സമാഹരിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ നിലയനുസരിച്ച് 55.4% അംഗങ്ങൾ ഈ കരാറിന് അനുകൂലമായും 44.6% എതിർത്തും വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്.