ഇന്ത്യൻ നിർമിത ‘ബീറ്റ്’ ഇനി മെക്സിക്കോയിലേക്കും

ഇന്ത്യയിൽ നിർമിച്ച ‘ബീറ്റ്’ കാറുകൾ മെക്സിക്കോയിലേക്കു കയറ്റുമതി ചെയ്തു തുടങ്ങിയെന്നു ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ). മഹാരാഷ്ട്രയിലെ തലേഗാവ് ശാലയിൽ നിർമിച്ച കാറുകൾ മുംബൈ തുറമുഖം വഴിയാണു രണ്ടാമത്തെ കയറ്റുമതി വിപണിയായ മെക്സിക്കോയിലെത്തുക. എട്ടാഴ്ചയ്ക്കുള്ളിൽ മെക്സിക്കോയിലെത്തുന്ന കാറുകളുടെ വിൽപ്പന ഡിസംബറോടെ തുടങ്ങാനാണു ജി എമ്മിന്റെ പദ്ധതി.

ആഗോള വിപണികൾക്കുള്ള കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു മെക്സിക്കേയിലേക്കുള്ള വിപണനമെന്ന് ജി എം ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് സക്സേന അറിയിച്ചു. ഇനി മുതൽ എല്ലാ മാസവും മെക്സിക്കോയിലേക്കു ‘ബീറ്റ്’ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേഔട്ടുള്ള, ഇന്ത്യൻ നിർമിത ‘ബീറ്റി’നെ ‘സ്പാർക്ക്’ എന്ന പേരിലാണ് ജി എം വിദേശ വിപണികളിൽ വിൽക്കുക. നിലവിൽ എഴുപതോളം വിദേശ രാജ്യങ്ങളിൽ ‘സ്പാർക്ക്’ വിൽപ്പനയ്ക്കുണ്ട്.

ഇന്ത്യൻ നിർമിത ‘ബീറ്റ്’ ആദ്യം ചിലിയിലേക്കാണു കപ്പൽ കയറിയത്. പിന്നാലെ മെക്സിക്കോയിലും ഇന്ത്യയിൽ നിർമിച്ച കാർ വിൽപ്പനയ്ക്കെത്തുകയാണ്. തുടർന്ന് പെറുവിലും മധ്യ അമേരിക്കൻ — കരീബിയൻ(സി എ സി) രാജ്യങ്ങളിലും ഇന്ത്യയിൽ നിർമിച്ച ‘ബീറ്റ്’ വിൽപ്പന തുടങ്ങാനാണു ജി എമ്മിന്റെ പദ്ധതി. ഇക്കൊല്ലം 20,000 കാറുകൾ കയറ്റുമതി ചെയ്യാനാണു ജി എം ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 1,000 കാറുകൾ കയറ്റുമതി ചെയ്ത സ്ഥാനത്താണിതെന്നും സക്സേന വെളിപ്പെടുത്തി. അടുത്ത വർഷം കയറ്റുമതി അര ലക്ഷം യൂണിറ്റിലെത്തിക്കാനും ജി എം ലക്ഷ്യമിടുന്നുണ്ട്.

തലേഗാവിലെ ശാലയുടെ ഉൽപ്പാദനശേഷി വർധിപ്പിക്കാൻ 100 കോടി ഡോളർ(6,400 കോടിയോളം രൂപ) നിക്ഷേപിക്കുമെന്ന് ഇന്ത്യ സന്ദർശനവേളയിൽ ജനറൽ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മേരി ബാര പ്രഖ്യാപിച്ചിരുന്നു. 2025 ആകുമ്പോഴേക്ക് ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 2.20 ലക്ഷം യൂണിറ്റിലെത്തിക്കുകയാണു ലക്ഷ്യം. തലേഗാവിലുള്ള ഫാക്ടറിയിലെ ഉൽപ്പാദനത്തിൽ 30 ശതമാനത്തോളം കയറ്റുമതിക്കായി നീക്കിവയ്ക്കാനാണു പദ്ധതി.