മെക്സിക്കോയിലേക്ക് ഇനി ഇന്ത്യയിൽ നിർമിച്ച ‘ബീറ്റും’

Beat

ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ)യും മെക്സിക്കോയിലേക്കു കാർ കയറ്റുമതി ആരംഭിക്കുന്നു. മെക്സിക്കൻ വിപണിക്കുള്ള ആദ്യ ‘ഷെവർലെ ബീറ്റ്’ മഹാരാഷ്ട്രയിലെ തലേഗാവിലുള്ള ജി എം ഐ ശാലയിൽ നിന്നു പുറത്തെത്തി. ഡിസംബറോടെ മെക്സിക്കോയിൽ ചെറുകാറായ ‘ബീറ്റ്’ വിൽപ്പന ആരംഭിക്കാൻ ലക്ഷ്യമിട്ടാണു ജനറൽ മോട്ടോഴ്സ് തലേഗാവിൽ നിന്നുള്ള കയറ്റുമതിക്കു തുടക്കം കുറിച്ചത്. നേരത്തെ കൊറിയയിൽ നിർമിച്ച കാറുകളാണു ജി എം മെക്സിക്കൻ വിപണിയിൽ വിറ്റിരുന്നത്.

കയറ്റുമതിയടക്കമുള്ള രംഗങ്ങളിലെ മുന്നേറ്റത്തിനായി ജനറൽ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മേരി ബാര ഇന്ത്യ സന്ദർശനവേളയിൽ 100 കോടി ഡോളർ(6,600 കോടിയോളം രൂപ) നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. നിലവിൽ പ്രതിവർഷം 1.30 ലക്ഷം കാറുകൾ ഉൽപ്പാദിപ്പിക്കാവുന്ന തലേഗാവ് ശാലയുടെ ശേഷി 2025ൽ 2.20 ലക്ഷം യൂണിറ്റിലെത്തിക്കാനാണു ജി എം ഐ ലക്ഷ്യമിടുന്നത്. ഭാവിയിൽ ജി എമ്മിന്റെ പ്രധാന കയറ്റുമതി കേന്ദ്രമായും ഈ ശാല മാറുമെന്നാണു പ്രതീക്ഷ; ഇവിടെ ഉൽപ്പാദിപ്പിക്കുന്ന കാറുകളിൽ 30 ശതമാനത്തോളം വിദേശ വിപണികളിൽ വിൽക്കാനാണു കമ്പനിയുടെ പദ്ധതി.

‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയോടുള്ള പ്രതിബദ്ധത വ്യക്തമാക്കി മെക്സിക്കൻ വിപണിക്കുള്ള ‘ഷെവർലെ’ വാഹനങ്ങളുടെ ഉൽപ്പാദനത്തിനു കമ്പനി തുടക്കമിട്ടതായി ജി എം ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് സക്സേന അറിയിച്ചു. ഭാവിയിൽ ജി എം ഐ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലയും വാഹന കയറ്റുമതിയാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ക്രമേണ ഇന്ത്യയെ കയറ്റുമതി കേന്ദ്രമായി വളർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ സെപ്റ്റംബറിൽ തലേഗാവിൽ നിർമിച്ച കാറുകൾ ജി എം ചിലിയിലേക്കു കയറ്റുമതി ചെയ്തു തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം 1,000 യൂണിറ്റ് കയറ്റുമതി ചെയ്തത് ഇക്കൊല്ലം 20,000 ആയി ഉയർത്താമെന്നാണു ജി എം ഐയുടെ പ്രതീക്ഷ. ഇതിനു പുറമെ ദക്ഷിണ ആഫ്രിക്കയിലേക്ക് എൻജിൻ കയറ്റുമതിക്കുള്ള സാധ്യതയും ജി എം പരിഗണിക്കുന്നുണ്ട്. തുടക്കമെന്ന നിലയിൽ ഇന്ത്യയിൽ നിർമിച്ച എൻജിനുകളുടെ ആദ്യ ബാച്ച് ആഫ്രിക്കയിലെത്തിച്ചിട്ടുണ്ട്.

അടുത്ത വർഷത്തോടെ ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ പകുതിയും കയറ്റുമതിയിൽ നിന്നാവുമെന്നാണു ജി എമ്മിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ കമ്പനി പുതിയ വിദേശ വിപണികൾ തേടുന്നുണ്ടെന്നും സക്സേന അറിയിച്ചു. കയറ്റുമതി ഉയരുന്നതോടെ തലേഗാവ് ശാലയുടെ ശേഷി കൂടുതൽ പ്രയോനജപ്പെടുത്താനാവുമെന്നും അദ്ദേഹം വിശദീകരിച്ചു.

തലേഗാവ് ശാല പ്രവർത്തനം തുടങ്ങി ഏഴു വർഷം പിന്നിടുമ്പോഴാണ് മെക്സിക്കൻ വിപണിക്കായി ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള ‘ബീറ്റ്’ നിർമിച്ചു തുടങ്ങുന്നത്. മെക്സിക്കൻ വിപണിയിൽ ഡിസംബറോടെ ‘സ്പാർക്ക്’ എന്ന പേരിലാവും ഈ കാർ വിൽപ്പനയ്ക്കെത്തുക.