നവി മുംബൈ — ഗേറ്റ്‌വേ ഓഫ് ഇന്ത്യ ജലഗതാഗതം 2018ൽ

മഹാനഗരമായ മുംബൈയിലെ പ്രധാന വ്യവസായ, വാണിജ്യ മേഖലകളായ നവി മുംബൈയെയും ഗേറ്റ്‌വേ ഓഫ് ഇന്ത്യയും ജലമാർഗം ബന്ധിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നു. 2018 മാർച്ചിനുള്ളിൽ തുറമുഖ വികസനം പൂർത്തിയാക്കി നവി മുംബൈയിൽ നിന്നു ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്കു ജലമാർഗമുള്ള യാത്ര സാധ്യമാവുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയെ അറിയിച്ചു. നവി മുംബൈയിലും ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലും തുറമുഖ സൗകര്യങ്ങൾ വികസിപ്പിക്കാനും ഈ ജലപാതയാത്രാസജ്ജമാക്കാനുമുള്ള നടപടികൾക്കു തുടക്കമായിട്ടുണ്ട്. ഇതിനു പുറമെ മുംബൈയിൽ നിന്നു കൊങ്കണിലേക്കു ജലമാർഗം യാത്ര ചെയ്യാനുള്ള പദ്ധതിയും ആസൂത്രണഘട്ടത്തിലാണ്.

ജലമാർഗമുള്ള മുംബൈ — കൊങ്കൺ യാത്ര സംബന്ധിച്ച റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം ചോദ്യോത്തരവേളയിൽ മറുപടി നൽകി. തുറമുഖങ്ങൾ അടിസ്ഥാനമാക്കിയുള്ള വികസനത്തിൽ സംസ്ഥാനം ഒന്നര പതിറ്റാണ്ട് പാഴാക്കിയെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തി. എന്നാൽ ഈ നഷ്ടം നികത്താനും പുതിയ യാത്രാ സാധ്യതകൾ യാഥാർഥ്യമാക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. തുറമുഖങ്ങൾ വികസിപ്പിക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി.