മഹീന്ദ്ര ഇ ടു ഒ വില കുറച്ചു

ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളുടെ പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ’ഫെയിം പദ്ധതിയുടെ ഗുണഫലങ്ങൾ ദൃശ്യമായി തുടങ്ങി. ’ഇ ടു ഒ ശ്രേണിയിലെ വൈദ്യുത വാഹനങ്ങളുടെ നിർമാതാക്കളായ മഹീന്ദ്ര വിവിധ മോഡലുകളുടെ വിലയിൽ ഗണ്യമായ കുറവു പ്രഖ്യാപിച്ചു. മുംബൈയിൽ ഇതുവരെ 6.76 ലക്ഷം രൂപ വിലയുണ്ടായിരുന്ന ’ടി ടു പ്രീമിയം ഇപ്പോൾ 4.99 ലക്ഷം രൂപയ്ക്കാണു മഹീന്ദ്ര വിൽക്കുന്നത്. പ്രീമിയം വിഭാഗത്തിൽപെട്ട ’ടി ടു ഒ ക്വിക് ടു ചാർജിന് 5.38 ലക്ഷം രൂപയാണു വില; നേരത്തെ ഏഴു ലക്ഷം രൂപയായിരുന്നു കാറിനു വില.

’ഇ ടു ഒയ്ക്ക് ലഭ്യമായിരുന്ന എല്ലാ ഇളവുകൾക്കും പുറമെയാണ് ഈ ആനുകൂല്യമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി രാജ്യതലസ്ഥാന മേഖലയ്ക്കു പുറമെ കൊൽക്കത്ത, ഗ്രേറ്റർ മുംബൈ, ബെംഗളൂരു, ഹൈദരബാദ്, അഹമ്മദബാദ്, ചെന്നൈ തുടങ്ങിയ വൻനഗരങ്ങളിലും 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ളതായി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത എല്ലാ നഗരങ്ങളിലും കാറിന്റെ വിലക്കിഴിവ് ലഭ്യമാണ്. കാർ വില കുറഞ്ഞെങ്കിലും ബാറ്ററി പാട്ടത്തിനെടുക്കുന്ന പദ്ധതിയുടെ പ്രതിമാസത്തവണ മഹീന്ദ്ര പരിഷ്കരിച്ചിട്ടില്ല; ഇപ്പോഴും പ്രതിമാസം 2,999 രൂപയാണു കമ്പനി ഈടാക്കുന്നത്.

സങ്കര ഇന്ധന, വൈദ്യുത വാഹന നിർമാതാക്കൾക്ക് കാലതാമസം ഒഴിവാക്കി ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു പ്രഖ്യാപിച്ചതാണു ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചർ ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് അഥവാ ’ഫെയിം പദ്ധതി. ആഗോളതലത്തിൽ തന്നെ അതിവേഗം കുതിക്കുന്ന സമ്പദ്വ്യവസ്ഥയും മികച്ച വളർച്ച നേടി മുന്നേറുന്ന വാഹന വ്യവസായവുമാണ് ഇന്ത്യയുടേത്. എന്നാൽ ഇതിന്റെ പ്രത്യാഘാതമായി ആഗോളതലത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിലും ഇന്ത്യ തന്നെയാണു മുന്നിൽ. ഒപ്പം അടുത്ത 10 വർഷത്തിനകം ഇന്ത്യയുടെ ഇന്ധന ഉപയോഗം 70% ഉയരുമെന്ന മുന്നറിയിപ്പും നിലവിലുണ്ട്.

വൈദ്യുത, സങ്കര ഇന്ധന വാഹന വികസനത്തിനായി കേന്ദ്ര ബജറ്റിൽ വെറും 75 കോടി രൂപയാണു നീക്കിവച്ചിരുന്നത്. എന്നാൽ ’ഫെയിം വന്നതോടെ സഹായം 795 കോടി രൂപയായി ഉയർന്നു; ഇതിൽ തന്നെ 500 കോടി രൂപ വിവിധ അനുകൂല്യങ്ങൾക്കായിട്ടാണു നീക്കിവച്ചിരിക്കുന്നത്. ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കൽ, പരീക്ഷണ പദ്ധതികളുടെ പ്രോത്സാഹനം, ടെക്നോളജി പ്ലാറ്റ്ഫോം വികസനം തുടങ്ങിയവയ്ക്കാണു ബാക്കി തുക ചെലവഴിക്കുക.

വിവിധ ഘട്ടങ്ങളായി നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ’ഫെയിമിന്റെ ആദ്യ ഘട്ടം 2015 മുതൽ 2017 വരെയാണ്. തുടർന്ന് 2017 മുതൽ 2020 വരെ നീളുന്ന അടുത്ത ഘട്ടത്തിന് കൂടുതൽ ധനസഹായം അനുവദിക്കുമെന്നാണു പ്രതീക്ഷ