ഫ്രാഞ്ചൈസി ശൈലിയിൽ പടരാനൊരുങ്ങി മഹീന്ദ്ര ഫസ്റ്റ് ചോയ്സ്

ഫ്രാഞ്ചൈസി അടിസ്ഥാനത്തിലുള്ള ഔട്ട്ലെറ്റുകളുടെ എണ്ണം മാർച്ചോടെ ഇരട്ടിയാക്കാനാവുമെന്നു മഹീന്ദ്ര ഗ്രൂപ്പിൽപെട്ട മൾട്ടി ബ്രാൻഡ് യൂസ്ഡ് കാർ വ്യാപാര സംരംഭമായ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസിനു പ്രതീക്ഷ. 2017 മാർച്ചിൽ ഫ്രാഞ്ചൈസി വ്യവസ്ഥയിലുള്ള ഷോറൂമുകളുടെ എണ്ണം 1,500 ആക്കി ഉയർത്താനാണു കമ്പനി ലക്ഷ്യമിടുന്നത്. മെട്രോ, മിനി മെട്രോ, ചെറുനഗരങ്ങൾ എന്നിവിടങ്ങളിലായി 360 പട്ടണങ്ങളിൽ നിലവിൽ കമ്പനിക്കു സാന്നിധ്യമുണ്ടെന്നു മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ നാഗേന്ദ്ര പല്ലി അറിയിച്ചു. നിലവിൽ 800 ഔട്ട്ലെറ്റുകളുള്ളത് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 1,500 ആക്കി ഉയർത്താനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് തുടങ്ങിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെയാണു കമ്പനി വളർച്ചയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

നിലവിൽ ഉത്തരേന്ത്യയിൽ 106 ഔട്ട്ലെറ്റുകളാണു കമ്പനിക്കുള്ളതെന്നു മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസ് വൈസ് പ്രസിഡന്റ് — റീട്ടെയ്ൽ ബിസിനസ് തരുൺ നഗർ അറിയിച്ചു. പഞ്ചാബ്, ഹരിയാന, ജമ്മു ആൻഡ് കശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലായി ഇരുനൂറോളം ഷോറൂമുകൾ തുറക്കുകയാണു കമ്പനിയുടെ ലക്ഷ്യം. കൂടാതെ ഗ്രാമീണ മേഖലയിൽ സജീവ സാന്നിധ്യമാവാനും കമ്പനിക്ക് പരിപാടിയുണ്ടെന്നു നഗർ വിശദീകരിച്ചു. ‘ഡി’ വിഭാഗമെന്നു വിശേഷിപ്പിക്കാവുന്ന ചെറുകിട പട്ടണങ്ങളിൽ ഇപ്പോൾതന്നെ 110 ഷോറൂമുകളാണു മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസിനുള്ളത്. ഇത്തരം ഔട്ട്ലെറ്റുകളുടെ എണ്ണം ഗണ്യമായി ഉയർത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.കമ്പനിയുടെ 800—ാമത് അംഗീകൃത ഡീലർഷിപ് ചണ്ടീഗഢിൽ പല്ലി ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ഉപയോക്താക്കളിൽ 60 ശതമാനത്തോളം ആദ്യമായി കാർ വാങ്ങുന്നവരാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വികസിത വിപണികളിൽ യൂസ്ഡ് കാർ വ്യാപാരത്തിന്റെ വലിപ്പം പുത്തൻ കാറുകളുടെ വിൽപ്പനയുടെ മൂന്ന് ഇരട്ടിയോളമാണ്. ഇന്ത്യയിലാവട്ടെ യൂസ്ഡ് കാർ വ്യാപാരത്തിന്റെ തോത് പുതിയ കാറുകളുടെ വിൽപ്പനയുടെ 1.2 ഇരട്ടിയോളം മാത്രമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ കാര്യമായ വളർച്ചാസാധ്യത നിലവിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പോരെങ്കിൽ ഇന്ത്യയിൽ 1,000 പേർക്ക് 22 കാർ മാത്രമാണുള്ളത്. അതേസമയം ചൈനയിൽ 1,000 പേർക്ക് 140 കാറും യു എസിൽ ഓരോ 1,000 പേർക്കും 809 കാർ വീതവുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ കാർ വിൽപ്പനയിലും ഇന്ത്യ കാര്യമായ വളർച്ച നേടിയേക്കും. ഇതും യൂസ്ഡ് കാർ വ്യാപാര മേഖലയ്ക്ക് അനുകൂലമാണെന്നാണു പല്ലിയുടെ പ്രതീക്ഷ.