മഹീന്ദ്ര ‘ഇംപീരിയൊ’ എത്തി; വില 6.25 ലക്ഷം

Mahindra Imperio

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ നിന്നുള്ള പ്രീമിയം പിക് അപ്പായ ‘ഇംപീരിയൊ’ വിൽപ്പനയ്ക്കെത്തി. ഒറ്റ കാബിനും ഭാരത് സ്റ്റേജ് മൂന്ന് നിലവാരം പുലർത്തുന്ന എൻജിനുമുള്ള ‘ഇംപീരിയൊ’യ്ക്ക് 6.25 ലക്ഷം രൂപയാണു താണെയിലെ ഷോറൂം വില. നാലു വകഭേദങ്ങളിലാണ് ‘ഇംപീരിയൊ’ ലഭ്യമാവുക: ഒറ്റ കാബിനും ഇരട്ട കാബിനുമുള്ള രണ്ടു വീതം മോഡലുകൾക്കു പേര് (എസ് സി, എസ് സി — വി എക്സ്, ഡി സി, ഡി സി — വി എക്സ് എന്നാണ്. ലാവ റെഡ്, വെർവ് ബ്ലൂ, ആർട്ടിക് വൈറ്റ് നിറങ്ങളിലാണ് ‘ഇംപീരിയൊ’ എത്തുന്നത്. പിക് ആപ്പിനു കരുത്തേകുന്നത് കോമൺ റയിൽ ഡയറക്ട് ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുടെ പിൻബലമുള്ള 2.5 ലീറ്റർ, നാലു സിലിണ്ടർ എൻജിനാണ്. പരമാവധി 75 ബി എച്ച് പി കരുത്തും 220 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 1,240 കിലോഗ്രാം വരെ ഭാരം വഹിക്കാനും ‘ഇംപീരിയൊ’യ്ക്കു കഴിയും.

Mahindra Imperio

ഫ്യുവൽ സ്മാർട് സാങ്കേതിക വിദ്യ, സ്വതന്ത്ര മുൻ സസ്പെൻഷൻ, എൽ എസ് പി വി സഹിതമുള്ള ബ്രേക്ക്, ഫോളോ മീ ഹോം ലൈറ്റ്, കീ രഹിത എൻട്രി, ടെലിമാറ്റിക്സ് സാധ്യത തുടങ്ങിയവയൊക്കെ ‘ഇംപീരിയൊ’യിൽ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. ചക്കൻ ശാലയിൽ നിർമിക്കുന്ന ‘ഇംപീരിയൊ’യിലൂടെ ചെറുകിട, ഇടത്തരം സംരംഭകരുടെ ഗതാഗത ആവശ്യം നിറവേറ്റാനാണു കമ്പനി ലക്ഷ്യമിടുന്നത്. ലോകോത്തര നിലവാരമുള്ള മോഡലുകൾ ആദ്യം അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു പിക് അപ് വിഭാഗത്തിൽ ‘ഇംപീരിയൊ’യുടെ വരവെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീൺ ഷാ അഭിപ്രായപ്പെട്ടു. പുതുതലമുറ പിക് അപ്പുകൾക്കുള്ള ശക്തമായ അടിത്തറയായിട്ടാണു കമ്പനി ‘ഇംപീരിയൊ’യെ പരിഗണിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ശരിയായ അർഥത്തിൽ ഇന്ത്യയിൽ നിർമിച്ച വാഹനമായ ‘ഇംപീരിയൊ’ ഉടമകൾക്ക് പുരോഗതി ഉറപ്പാക്കുമെന്നും ഷാ അവകാശപ്പെട്ടു.