‘സുപ്രൊ’ ശ്രേണിയിൽ വാനും മാക്സി ട്രക്കുമായി മഹീന്ദ്ര

പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോം ആധാരമാക്കി യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) രണ്ടു പുതിയ മോഡലുകൾ പുറത്തിറക്കി. യാത്രാവിഭാഗത്തിൽ എട്ടു സീറ്റുള്ള ‘സുപ്രൊ’യും ഭാരവാഹന വിഭാഗത്തിൽ ‘സുപ്രൊ മാക്സി ട്രക്കു’മാണു കമ്പനി അനാവരണം ചെയ്തത്.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് മൂന്നു നിലവാരം പുലർത്തുന്ന ഡീസൽ എൻജിനുള്ള ‘സുപ്രൊ’ വാനിന് 4.38 ലക്ഷം രൂപയാണു താനെയിലെ ഷോറൂം വില. ഇതേ എൻജിനോടെ എത്തുന്ന ‘മാക്സി ട്രക്കി’ന്റെ വില 4.25 ലക്ഷം രൂപയാണ്. 3,750 ആർ പി എമ്മിൽ പരമാവധി 45 ബി എച്ച് പി കരുത്താണ് ഈ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ ഡീസൽ എൻജിൻ സൃഷ്ടിക്കുക. വാനിൽ ഈ എൻജിനു ലീറ്ററിന് 23.5 കിലോമീറ്ററാണ് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത; ട്രക്കിലെത്തുമ്പോൾ ഇന്ധനക്ഷമത 22.4 കിലോമീറ്ററായി കുറയും. അർധനഗര, ചെറുകിട പട്ടണ മേഖലകളിൽ വലിയ കുടുംബങ്ങൾക്ക് ഒരുമിച്ചു യാത്ര ചെയ്യാനുള്ള സൗകര്യമാണു ‘സുപ്രൊ’ വാൻ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം ‘സുപ്രൊ’യിലൂടെ ടൂർ ഓപ്പറേറ്റർമാരെയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

കാര്യക്ഷമമായ ചരക്കുനീക്കത്തിന് ഏറെ അനുയോജ്യമാണു ‘സുപ്രൊ മാക്സി ട്രക്കെ’ന്നു കമ്പനി കരുതുന്നു. 8.2 അടി നീളമുള്ള കാർഗോ ബോക്സുമായി എത്തുന്ന ട്രക്കിൽ ഒരു ടൺ വരെ ഭാരം കയറ്റാമെന്നാണു മഹീന്ദ്രയുടെ വാഗ്ദാനം. ‘മാക്സി ട്രക്കി’ന് മണിക്കൂറിൽ പരമാവധി 95 കിലോമീറ്റർ വേഗവും നിർമാതാക്കൾ ഉറപ്പു നൽകുന്നുണ്ട്. മൂന്നു വകഭേദങ്ങളിലാണു ‘സുപ്രൊ’ വാൻ ലഭിക്കുക: അടിസ്ഥാന മോഡലായ ‘വി എക്സ്’, പവർ സ്റ്റീയറിങ്ങുള്ള ‘എൽ എക്സ്’, പവർ സ്റ്റീയറിങ്ങിനൊപ്പം എയർ കണ്ടീഷനിങ്ങുമുള്ള മുന്തിയ മോഡലായ ‘സെഡ് എക്സ്’. അഞ്ചു സ്പീഡ് ഗീയർബോക്സാണു ‘സുപ്രൊ’യുടെ ട്രാൻസ്മിഷൻ.

സാങ്കേതികവിഭാഗത്തിൽ കാര്യമായ മാറ്റമില്ലാത്ത ‘സുപ്രൊ മാക്സി ട്രക്കും’ മൂന്നു വകഭേദങ്ങളിൽ ലഭിക്കും: അടിസ്ഥാന മോഡലായ ‘ടി ടു’, പവർ സ്റ്റീയറിങ്ങുള്ള ‘ടി ഫോർ’, എ സിയും പവർ സ്റ്റീയറിങ്ങുമുള്ള ‘ടി സിക്സ്’.

അക്ഷരാർഥത്തിൽ ഇന്ത്യയിൽ നിർമിച്ച പ്ലാറ്റ്ഫോം അടിത്തറയാക്കിയാണ് അതതു വിഭാഗങ്ങളെ പൊളിച്ചെഴുതാൻ പ്രാപ്തിയുള്ള ‘സുപ്രൊ’ ശ്രേണിയുടെ വരവെന്ന് എം ആൻഡ് എ ഓട്ടമോട്ടീവ് ഡിവിഷൻ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീൺ ഷാ വെളിപ്പെടുത്തി. യാത്രാവാഹന, ചരക്കുനീക്ക വിഭാഗങ്ങളിൽ നിലവിലുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമെല്ലാം സാക്ഷാത്കരിക്കുംവിധമാണു ‘സുപ്രൊ’യുടെ രൂപകൽപ്പനയെന്നും അദ്ദേഹം അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ ചക്കനിലെ ശാലയിൽ നിന്നു പുറത്തെത്തുന്ന ‘സുപ്രൊ’ ശ്രേണി മൂന്നു നിറങ്ങളിലാണു വിൽപ്പനയ്ക്കുണ്ടാവുക: മെറ്റാലിക് ലേക് സൗഡ് ബ്രൗൺ, ഡീപ് വാം ബ്ലൂ, ഡയമണ്ട് വൈറ്റ്.