1.99 ലീറ്റർ എൻജിനുള്ള മോഡലുകൾ തുടരുമെന്നു മഹീന്ദ്ര

ശേഷിയേറിയ ഡീസൽ എൻജിനുള്ള വാഹനങ്ങളുടെ വിൽപ്പനയ്ക്ക് രാജ്യതലസ്ഥാന മേഖല(എൻ സി ആർ) യിൽ നിലനിന്ന വിലക്ക് സുപ്രീം കോടതി നീക്കിയെങ്കിലും 1.99 ലീറ്റർ എൻജിനുള്ള ‘എക്സ് യു വി 500’, ‘സ്കോർപിയൊ’ വിൽപ്പന തുടരാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) തീരുമാനിച്ചു. ഈ വിഷയത്തിലെ കോലാഹലം പൂർണമായും അടങ്ങും വരെ 1.99 ലീറ്റർ എൻജിനുള്ള വാഹനങ്ങളുടെ വിൽപ്പന അവസാനിപ്പിക്കേണ്ടെന്നാണു കമ്പനിയുടെ നിലപാട്. രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുള്ള വാഹനങ്ങൾക്ക് ഡിസംബർ മധ്യത്തിൽ സുപ്രീം കോടതി വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മഹീന്ദ്ര എം ഹോക്ക് പരമ്പരയിൽ 1,999 സി സി എൻജിൻ അവതരിപ്പിച്ചത്. എന്നാൽ വാഹന വിലയുടെ ഒരു ശതമാനം പരിസ്ഥിതി സെസ് ഈടാക്കി വിലക്ക് പിൻവലിക്കാൻ ഏതാനും ആഴ്ച മുമ്പ് സുപ്രീം കോടതി തീരുമാനിച്ചു.

എന്തായാലും നിലവിൽ 1.99 ലീറ്റർ എൻജിനുള്ള മോഡലുകളുടെ വിൽപ്പന തുടരാനാണു കമ്പനിയുടെ തീരുമാനമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക വെളിപ്പെടുത്തി. 1.99 ലീറ്റർ എൻജിനായി ഉപയോക്താക്കൾ വിട്ടുവീഴ്ചയൊന്നും ചെയ്യാത്ത സാഹചര്യത്തിൽ എടുത്തുചാടി 2.2 ലീറ്റർ എൻജിനിലേക്കു മടങ്ങേണ്ട കാര്യമില്ലെന്ന് അദ്ദേഹം കരുതുന്നു. മാത്രമല്ല, ശേഷിയേറിയ ഡീസൽ എൻജിനുകളുടെ കാര്യത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി എന്താവുമെന്ന അനിശ്ചിതത്വവും തുടരുകയാണ്. ഇപ്പോഴത്തെ ഇടക്കാല ഉത്തരവിന്റെ ബലത്തിൽ 2.2 ലീറ്റർ എൻജിനിലേക്കു തിരിച്ചു പോയാൽ അന്തിമ വിധി എതിരായാൽ 1.99 ലീറ്റർ എൻജിൻ വീണ്ടും അവതരിപ്പിക്കേണ്ട സാഹചര്യമുണ്ടാവും. ഇതൊക്കെ ഒഴിവാക്കാൻ 1.99 ലീറ്റർ എൻജിനുള്ള മോഡലുകളുടെ വിൽപ്പന തുടരുന്നതാണു യുക്തിയെന്നു മഹീന്ദ്ര കരുതുന്നു. മാത്രമല്ല, ആവശ്യഘട്ടത്തിൽ 2.2 ലീറ്റർ എൻജിനിലേക്കുള്ള മാറ്റം അനായാസം പൂർത്തിയാക്കാമെന്നും ഗോയങ്ക വ്യക്തമാക്കി.

പരിസ്ഥിതി സെസിന്റെ കാര്യത്തിൽ വാഹന വ്യവസായത്തിന് ഏകാഭിപ്രായമാണെന്നും ഗോയങ്ക വെളിപ്പെടുത്തി. ഡൽഹിയിലെ മലിനീകരണത്തിനു ഡീസൽ വാഹനങ്ങളെ മാത്രം പഴി ചാരുന്നത് നീതികരിക്കാനാവില്ലെന്നാണു വ്യവസായത്തിന്റെ നിലപാട്. നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ പോലും പിഴ ഈടാക്കുന്നതിനു തുല്യമാണ് പുതിയ സെസ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം പുതിയ സെസ് വാഹന വിൽപ്പനയെ ബാധിക്കില്ലെന്നും സെസ് പിരിവിലൂടെ പരിസ്ഥിതി മലിനീകരണത്തെ ചെറുക്കാനാവില്ലെന്നും അദ്ദേഹം വിലയിരുത്തി. പ്രശ്നത്തിനുള്ള താൽക്കാലിക പരിഹാമെന്ന നിലയിലാണു പരമോന്നത കോടതി ഈ നിലപാട് സ്വീകരിച്ചത്. വിൽപ്പന സാധ്യമാവുമെന്നതിനാൽ വാഹന നിർമാതാക്കളും പുതിയ സെസ് അംഗീകരിക്കുകയായിരുന്നെന്ന് ഗോയങ്ക വിശദീകരിച്ചു.