അഞ്ചാം വാർഷിക പകിട്ടോടെ മഹീന്ദ്ര മാക്സിമൊ

മിനി ട്രക്കായ ‘മാക്സിമൊ’ അവതരണത്തിന്റെ അഞ്ചു വർഷം പിന്നിട്ടതായി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘മാക്സിമൊ പ്ലസി’ന്റെ എൻജിനു മൂന്നു വർഷമോ ഒരു ലക്ഷം കിലോമീറ്ററോ നീളുന്ന വാറന്റിയും അതേ ദിവസം തന്നെ വാഹനം സർവീസ് ചെയ്തു നൽകുമെന്ന് ഉറപ്പുള്ള ‘പ്രോമിസ് ഓഫ് സെയിം ഡേ സർവീസും’ മഹീന്ദ്ര പ്രഖ്യാപിച്ചു.

‘മാക്സിമൊ’ എന്ന പേരിൽ 2010ൽ നിരത്തിലെത്തിയ, 850 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള മിനി ട്രക്ക് നിലവിൽ ‘മാക്സിമൊ പ്ലസ്’ എന്ന പേരിലാണു വിൽപ്പനയ്ക്കുള്ളത്. സാധാരണ രണ്ടു വർഷമോ 60,000 കിലോമീറ്ററോ നീളുന്ന വാറന്റിയാണു ‘മാസ്കിമൊ പ്ലസി’ന്റെ എൻജിനു നിർമാതാക്കളുടെ വാഗ്ദാനം. എന്നാൽ മാർച്ച് ഒന്നിനു ശേഷം വാങ്ങുന്ന ‘മാക്സിമൊ പ്ലസി’നാണ് മൂന്നു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ വരെ തുടരുന്ന വാറന്റി ലഭ്യമാവുക.

വിശ്വോത്തര സാങ്കേതികവിദ്യ, മികച്ച സുരക്ഷാ ക്രമീകരണം, തകർപ്പൻ കരുത്ത്, ഉയർന്ന ഇന്ധനക്ഷമത തുടങ്ങിയവയൊക്കെ ഉറപ്പുനൽകി മിനി ട്രക്ക് വിഭാഗത്തിന്റെ ജാതകം തന്നെ തിരുത്താൻ ‘മാക്സിമൊ’യ്ക്കു സാധിച്ചിട്ടുണ്ടെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടമോട്ടീവ് ഡിവിഷൻ ചീഫ് മാർക്കറ്റിങ് ഓഫിസർ വിവേക് നായർ അവകാശപ്പെട്ടു. ഫ്യുവൽ സ്മാർക് സാങ്കേതികവിദ്യയുടെ കൂടി പിൻബലമാണു ‘മാക്സിമൊ പ്ലസി’ന്റെ കരുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

VIEW FULL TECH SPECS