പിനിൻഫരിനയെ സ്വന്തമാക്കാൻ മഹീന്ദ്ര രംഗത്ത്

പ്രശസ്തമായ ഇറ്റാലിയൻ ഓട്ടോ ഡിസൈൻ, എൻജിനീറിങ് കമ്പനിയായ പിനിൻഫരിന എസ് പി എ സ്വന്തമാക്കാൻ ഇന്ത്യൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) രംഗത്ത്. ഫെരാരിയുടെ ’ടെസ്റ്ററോസ പോലുള്ള വിഖ്യാത മോഡലുകളുടെ രൂപകൽപ്പന നിർവഹിച്ച കമ്പനിയെയാണു മഹീന്ദ്ര സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

ഇടപാട് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഫലം എന്താവുമെന്നു വ്യക്തമായിട്ടില്ലെന്നാണു സൂചന. ചർച്ചകൾ വിജയിക്കാനും പരാജയപ്പെടാനും തുല്യസാധ്യതയാണു കൽപിക്കപ്പെടുന്നത്. കമ്പനി ഏറ്റെടുത്തേക്കുമെന്നു വാർത്ത പ്രചരിച്ചതോടെ ബുധനാഴ്ച പിനിൻഫരിനയുടെ ഓഹരി വില 2014 ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലെത്തിയിരുന്നു. ഇതോടെ കമ്പനിയുടെ ഓഹരി മൂല്യം 14.90 കോടി ഡോളർ(924 കോടിയോളം രൂപ) നിലവാരവും കൈവരിച്ചു.

എട്ടര ദശാബ്ദം മുമ്പ് 1930ൽ സ്ഥാപിതമായ പിനിൻഫരിനയുടെ രൂപകൽപ്പനാ മികവിലാണ് അൻപതുകളിലെ ഇതിഹാസ മോഡലുകളായ ’ഫെരാരി 250 ജി ടിയും ആൽഫ റോമിയൊ ’ഗ്വിലെറഅറ സ്പൈഡറുമൊക്കെ പിറവിയെടുത്തത്.

കൂടാതെ റോൾസ് റോയ്സ് ’കമാർഗ്, കാഡിലാക് ’അലന്റെ, മസെരാട്ടി ’ക്വാർട്രോപോർട്ടെ തുടങ്ങിയ സാക്ഷാത്കരിച്ചതും പിനിൻഫരിനയാണ്. അതുകൊണ്ടുതന്നെ പിനിൻഫരിന ഏറ്റെടുക്കുന്നത് മഹീന്ദ്രയുടെ മാത്രമല്ല കൊറിയൻ ഉപസ്ഥാപനമായ സാങ്യങ്ങിന്റെയും വാഹന രൂപകൽപ്പനയെ ഏറെ സഹായിക്കുമെന്നാണു പ്രതീക്ഷ.

കഴിഞ്ഞ 11 വർഷത്തിനിടെ പത്തിലും ട്യൂറിൻ ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം നഷ്ടത്തിലാണു കലാശിച്ചത്. കടം പെരുകിയതും മറ്റു കമ്പനികൾക്കായി കാറുകൾ നിർമിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതുമാണു പിനിൻഫരിനയ്ക്കു തിരിച്ചടിയായത്.

തുടർച്ചയായി മാന്ദ്യം അഭിമുഖീകരിക്കുന്ന ഇറ്റലിയിൽ നിന്നു വിദേശ ഉടമസ്ഥതയിലേക്കു നീങ്ങുന്ന കമ്പനികളുടെ പരമ്പരയിലെ പുതിയ കണ്ണിയാവുകയാണു പിനിൻഫരിന. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ വികസനത്തിൽ മുമ്പ് മഹീന്ദ്രയുമായി പിനിൻഫരിന സഹകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വൈദ്യുത കാർ കൺസപ്റ്റായി ’ഹാലോയുടെ രൂപകൽപ്പനയിൽ പിനിൻഫരിന പങ്കാളിയായിരുന്നു.

മഹീന്ദ്ര ഇടപാടുകാരാണെന്നും ഇരുകമ്പനികളുമായി മികച്ച ബന്ധമാണെന്നുമായിരുന്നു ഏറ്റെടുക്കൽ സംബന്ധിച്ച വാർത്തകളോടു പിനിൻഫരിനയുടെ പ്രതികരണം. ഇറ്റാലിയൻ കമ്പനിയെ ഏറ്റെടുക്കുമോ എന്ന ചോദ്യങ്ങളോടു പ്രതികരിക്കാൻ മഹീന്ദ്രയും തയാറായില്ല.

VIEW FULL TECH SPECS