പ്യുഷൊ സ്കൂട്ടേഴ്സ് പുനഃസംഘടിപ്പിക്കാൻ മഹീന്ദ്ര

Peugeot Streetzone

ഫ്രഞ്ച് ഇരുചക്രവാഹന നിർമാതാക്കളായ പ്യുഷൊ സ്കൂട്ടേഴ്സിന്റെ പുനഃരുദ്ധാരണത്തിനുള്ള പദ്ധതികളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം). ഇരുചക്രവാഹന നിർമാണ വിഭാഗമായ മഹീന്ദ്ര ടു വീലേഴ്സിന്റെ പുനഃസംഘടന പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണു മഹീന്ദ്ര അടുത്ത മൂന്നു വർഷത്തിനകം പ്യുഷൊ സ്കൂട്ടേഴ്സിന്റെ പ്രവർത്തനം ലാഭത്തിലാക്കാൻ ഒരുങ്ങുന്നത്. യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ മഹീന്ദ്ര ടു വീലേഴ്സ് 2.80 കോടി യൂറോ വിലയ്ക്കു 2014ലാണു പ്യുഷൊ മോട്ടോർസൈക്കിൾസ് അഥവാ പ്യുഷൊ സ്കൂട്ടേഴ്സിന്റെ 51% ഓഹരി സ്വന്തമാക്കിയത്. കമ്പനിയുടെ അവശേഷിക്കുന്ന ഓഹരികൾ ഇപ്പോഴും ഫ്രാൻസിലെ പി എസ് എ ഗ്രൂപ്പിന്റെ പക്കലാണ്.

മഹീന്ദ്ര ടു വീലേഴ്സിനെ പോലെ പ്യുഷൊ സ്കൂട്ടേഴ്സിന്റെ ശ്രദ്ധയും നിലവിലെ 50 സി സി മോഡലുകളിൽ നിന്ന് 300 സി സി വിഭാഗത്തിലേക്കു മാറ്റാനാണു മഹീന്ദ്രയുടെ നീക്കം. കുറഞ്ഞ വിൽപ്പനയും കൂടുതൽ ലാഭസാധ്യതയുമുള്ള മോഡലുകളിലേക്കുള്ള മാറ്റം സമീപ ഭാവിയിൽ കമ്പനി വിപണനം ആരംഭിക്കുന്ന രാജ്യങ്ങളിലും ഗുണം ചെയ്യുമെന്നാണു മഹീന്ദ്രയുടെ കണക്കുകൂട്ടൽ. ഉടമസ്ഥാവകാശം മഹീന്ദ്രയുടെ പക്കലെങ്കിലും പ്യുഷൊ സ്കൂട്ടേഴ്സിന്റെ മോഡലുകളൊന്നും നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കില്ല. പ്യുഷൊയ്ക്കൊപ്പം അടുത്തയിടെ സ്വന്തമാക്കിയ ബി എസ് എ ബ്രാൻഡും പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണു മഹീന്ദ്രയുടെ പദ്ധതി. ഇന്ത്യയിലാവട്ടെ ജാവയും ‘മോജൊ’യുമാവും മഹീന്ദ്രയ്ക്കായി പട നയിക്കുക.

പുതിയ സംസ്കാരവും സംഘനടയുമായി ഒത്തുപോകാനാണു 2015ൽ കമ്പനി ശ്രമിച്ചതെന്നു പ്യുഷൊ സ്കൂട്ടേഴ്സ് ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഫ്രെഡറിക് ഫേബർ അഭിപ്രായപ്പെട്ടു. വിൽപ്പന വർധിപ്പിക്കാനും പ്രവർത്തനം ലാഭകരമാക്കാനുമുള്ള നടപടികളാവും ഇനി സ്വീകരിക്കുക. ഇതിനായി മൂന്നു വർഷത്തേക്കുള്ള തന്ത്രങ്ങളും രൂപീകരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പുത്തൻ മോഡലുകളുടെ വികസനത്തിനൊപ്പം പുതിയ വിപണികളിലേക്കുള്ള പ്രവേശനവും ‘വേ ഫോർവേഡ്’ പദ്ധതി ലക്ഷ്യമിടുന്നു. വരുംവർഷങ്ങളിലെ വിൽപ്പനയിൽ 10 ശതമാനത്തിലേറെ വളർച്ചയാണു പ്യുഷൊ സ്കൂട്ടേഴ്സ് പ്രതീക്ഷിക്കുന്നത്. 2015ൽ 60,000 യൂണിറ്റായിരുന്നു കമ്പനിയുടെ വിൽപ്പന. മൂന്നു വർഷം വളർച്ച നിലനിർത്താൻ കഴിഞ്ഞാൽ വിൽപ്പന 80,000 — 85,000 യൂണിറ്റിലെത്തിക്കാനാവുമെന്നും ഫേബർ പ്രത്യാശിച്ചു.