‘വെരിറ്റൊ വൈബ്’ ഉൽപ്പാദനം മഹീന്ദ്ര തൽക്കാലം നിർത്തി

കമ്പനിയുടെ മോഡൽ ശ്രേണിയിലെ ഏക ഹാച്ച്ബാക്കായ ‘വെരിറ്റൊ വൈബി’ന്റെ ഉൽപ്പാദനം യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) നിർത്തിവച്ചു. വിൽപ്പനയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാതെ പോയ സാഹചര്യത്തിലാണു മഹീന്ദ്ര ‘വെരിറ്റൊ വൈബി’ന്റെ നിർമാണം നിർത്തിവച്ചതെന്നാണു സൂചന.കഴിഞ്ഞ ഏപ്രിലിനു ശേഷം ഇതുവരെ ഒറ്റ ‘വെരിറ്റൊ വൈബ്’ പോലും നിർമിച്ചിട്ടില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല 2016 — 17 സാമ്പത്തിക വർഷത്തെ ആദ്യ അഞ്ചു മാസത്തിനിടെ മഹീന്ദ്ര വിറ്റതാവട്ടെ വെറും 32 ‘വെരിറ്റൊ വൈബ്’ ആണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം വിൽപ്പനയും പ്രതീക്ഷാവഹമായിരുന്നില്ല; ആകെ 619 ‘വൈബ്’ ആണു കമ്പനി വിറ്റത്.

അതേസമയം, ‘വെരിറ്റൊ വൈബ്’ ഉൽപ്പാദനം അവസാനിപ്പിച്ചിട്ടില്ലെന്നാണു മഹീന്ദ്രയുടെ ഔദ്യോഗിക വിശദീകരണം. ഈ മോഡൽ നിർത്താൻ പദ്ധതിയില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാൽ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് വിറ്റഴിയും വരെ ‘വൈബ്’ ഉൽപ്പാദിപ്പിക്കില്ലെന്നും മഹീന്ദ്ര വിശദീകരിക്കുന്നു. മൂന്നു വർഷം മുമ്പ് 2013ൽ അവതരിപ്പിച്ച സെഡാനായ ‘വെരിറ്റൊ’ആധാരമാക്കിയാണു മഹീന്ദ്ര ഹാച്ച്ബാക്കായ ‘വൈബ്’ യാഥാർഥ്യമാക്കിയത്. ഡി ടു, ഡി ഫോർ, ഡി സിക്സ് എന്നീ മൂന്നു വകഭേദങ്ങളിലാണു ‘വൈബ്’ വിപണിയിലുണ്ടായിരുന്നത്. റെനോയിൽ നിന്നു ലഭിച്ച 1.5 ലീറ്റർ, ഡി സി ഐ ഡീസൽ എൻജിനാണു കാറിനു കരുത്തേകിയിരുന്നത്. 4,000 ആർ പി എമ്മിൽ 65 പി എസ് വരെ കരുത്തും 2,000 ആർ പി എമ്മിൽ 160 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിച്ചിരുന്നത്.

മത്സരക്ഷമമല്ലാത്ത വിലയ്ക്കു വിപണിയിലെത്തിയതാണു മഹീന്ദ്ര ‘വൈബി’ന്റെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചതെന്നാണു വിപണിയുടെ വിലയിരുത്തൽ. മാരുതി സുസുക്കി ‘സ്വിഫ്റ്റ്’, ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 20’ തുടങ്ങിയ കരുത്തരായ എതിരാളികളെ നേരിടാൻ മഹീന്ദ്രയുടെ ‘വൈബി’നു കഴിഞ്ഞില്ലെന്നതാണു യാഥാർഥ്യം. എങ്കിലും ചെറുകാർ വിപണിയിൽ സാന്നിധ്യം നിലനിർത്താൻ മഹീന്ദ്രയ്ക്ക് ‘വൈബ്’ അനിവാര്യതയാണെന്ന വസ്തുതയും ബാക്കിയാവുന്നു.