കെയുവി സ്വന്തമാക്കാം ഫ്ലിപ്കാർട്ടിലൂടെ

KUV 100

ഷോറൂമിൽ പോയി ബുക്ക് ചെയ്യേണ്ട, കാത്തിരുന്നു മുഷിയേണ്ടതില്ല. മഹീന്ദ്രയുടെ യങ് എസ് യു വിയായ കെയുവി 100 ഫ്ലിപ്കാർട്ടിലൂടെ സ്വന്തമാക്കാം. ബുക്കുചെയ്ത് ഒരു മാസത്തിനകം വാഹനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും മഹീന്ദ്ര ഫ്ലിപ്കാർട്ടുമായുള്ള കരാർ അറിയിച്ചുകൊണ്ട് മഹീന്ദ്ര പ്രഖ്യാപിച്ചത്.

KUV 100

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽ‌പ്പനയുള്ള ബി സെഗ്‍മെന്റ് ഹാച്ച്ബാക്കിൽ മത്സരിക്കാനെത്തുന്ന ചെറു എസ് യു വി കെയുവി 100 കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അഞ്ച് ലക്ഷത്തിൽ താഴെ വിലയുള്ള ഈ കാറിൽ മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ച എം ഫാൽക്കൺ പെട്രോൾ എൻജിനും ഡീസൽ എൻജിനുമാണ് ഉപയോഗിക്കുന്നത്.

KUV 100

എം ഫാല്‍ക്കണ്‍ ജി 80 എന്നു പേരിട്ടിരിക്കുന്ന 1.2 ലീറ്റര്‍, മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിൻ 5500 ആർപിഎമ്മിൽ 82 ബിഎച്ച്പി കരുത്തും 3500-3600 ആർപിഎമ്മിൽ 115 എന്‍എം ടോർക്കും ഉതിപാദിപ്പിക്കും. 18.15 കിമീ/ലീറ്റര്‍ കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഡി75 എന്നു പേരുള്ള 1.2 ലീറ്റര്‍, മൂന്ന് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിൻ 375 ആർപിഎമ്മിൽ 77 ബിഎച്ച്പി കരുത്തും 1750-2250 ആർപിഎമ്മിൽ 190 എന്‍എം ടോർക്കും ഉത്പാദിപ്പിക്കും.

KUV 100

കെയുവി രാജ്യത്തെ ഏറ്റവും മൈലേജുള്ള ഡീസല്‍ എസ്‍യുവി എന്നാണ് മഹീന്ദ്ര ആവകാശപ്പെടുന്നത്. മൈലേജ് 25.32 കിമീ/ലീറ്ററാണ് കമ്പനി പറയുന്ന മൈലേജ്. കെയുവിയുടെ മറ്റൊരു പ്രധാന പ്രത്യേകത ആറു പേർക്കിരിക്കാവുന്ന മോഡലുമുണ്ടെന്നുള്ളതാണ്. മുന്നില്‍ ഡ്രൈവർ അടക്കം മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന വിധം ബെഞ്ച് സീറ്റ് നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഗീയര്‍ലീവറും ഹാന്‍ഡ് ബ്രേക്കുമെല്ലാം ഡാഷ്ബോര്‍ഡിലാണ് ഉറപ്പിച്ചിരിക്കുന്നത്. 4.59 ലക്ഷം രൂപ മുതൽ 6.97 ലക്ഷം രൂപ വരെയാണ് കെയുവി 100 കൊച്ചി എക്സ്ഷോറൂം വിലകൾ.