നേപ്പാൾ ഭൂകമ്പം: സഹായഹസ്തവുമായി മഹീന്ദ്ര

ഭൂകമ്പം തകർത്ത ഹിമാലയൻ രാജ്യമായ നേപ്പാളിനു സഹായ ഹസ്തവുമായി ഇന്ത്യൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). രാജ്യത്തെ പുനഃരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ട്രാക്ടറുകളും പിക് അപ് വാഹനങ്ങളും സൗജന്യമായി ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

നേപ്പാളിലെ പ്രാദേശിക വിതരണക്കാർ വഴിയാകും ആ രാജ്യത്തെ സർക്കാരിനു വാഹനങ്ങൾ കൈമാറുകയെന്നും കമ്പനി വ്യക്തമാക്കി. നേപ്പാളിനെ തകർത്തെറിഞ്ഞ ഭൂചലനത്തിൽ മൂവായിരത്തി അറുനൂറിലേറെ പേർക്കാണു ജീവൻ നഷ്ടമായത്; പരുക്കേറ്റവരാവട്ടെ ആറായിരത്തി അഞ്ഞൂറിലേറെയും.

ഇതോടൊപ്പം ഭൂകമ്പം ദുരിതം വിതച്ച ഇന്ത്യൻ സംസ്ഥാനങ്ങളെയും സഹായിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ട്രാക്ടറുകളും പിക് അപ് ട്രക്കുകളും ലഭ്യമാക്കാനാണു കമ്പനിയുടെ പദ്ധതി.

നേപ്പാളിലെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെയും ഭൂകമ്പ ബാധിതർ എത്രയും വേഗം പൂർവസ്ഥിതി കൈവരിക്കട്ടെയെന്നും മഹീന്ദ്ര ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്ര പ്രത്യാശിച്ചു.

കഴിഞ്ഞ വർഷം ജനുവരിയിൽ പ്രളയം തകർത്തെറിഞ്ഞ ഉത്തരാഖണ്ഡിന് ആശ്വാസമേകാനും മഹീന്ദ്ര ഗ്രൂപ് രംഗത്തെത്തിയിരുന്നു. ഉത്തരാഖണ്ഡിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മഹീന്ദ്ര ജീവനക്കാർ ഒരു ദിവസത്തെ വേതനമാണ് മഹീന്ദ്ര ഫൗണ്ടേഷനു സംഭാവന ചെയ്തത്. ഇതിനു പുറമെ പ്രളയബാധിതർക്ക് അടിയന്തര സഹായം എത്തിക്കാനായി മഹീന്ദ്ര ഗ്രൂപ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും സംഭാവന ചെയ്തു.

ദരിദ്രർക്കും അശരണർക്കും വൈദ്യ സഹായമെത്തിക്കാൻ രൂപീകൃതമായ മഹീന്ദ്ര ഫൗണ്ടേഷൻ പ്രകൃതി ദുരന്തം നേരിടുന്ന പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.

ഡെറാഡൂൺ ആസ്ഥാനമായ സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് അന്നു 19 മഹീന്ദ്ര വാഹനങ്ങളാണു കമ്പനി കൈമാറിയത്. ഇതിൽ സംസ്ഥാനത്തെ 13 ജില്ലകൾക്കായി 13 ഫോർ വീൽ ഡ്രൈവ് ‘ബൊലേറോ’ പിക് അപ് ട്രക്കുകളും ഒരു ‘സ്കോർപിയോ’യും മൂന്ന് 25 സീറ്റുള്ള ബസ്സുകളും ഒരു 25 ടൺ ഭാരവാഹക ശേഷിയുള്ള എം ടി ബി എൽ ട്രക്കും ഉൾപ്പെടും; കൂടാതെ 20 കെ വി എ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മഹീന്ദ്ര പവറോൾ ഡീസൽ ജനറേറ്റർ സെറ്റ് ഘടിപ്പിച്ച ‘ബൊലേറോ’യും ഫൗണ്ടേഷൻ ലഭ്യമാക്കിയിരുന്നു.

കൂടാതെ വൈദ്യുതി ഇല്ലാതെ വലയുന്ന ഗ്രാമങ്ങളിൽ വെളിച്ചമെത്തിക്കാൻ സൗരോർജത്തിൽ പ്രവർത്തിക്കുന്ന 150 വഴി വിളക്കുകളും 300 സൗരോർജ റാന്തലുകളും ഫൗണ്ടേഷൻ ഉത്തരാഖണ്ഡിനു കൈമാറിയിരുന്നു.