‘ബ്ലേസൊ’യ്ക്ക് ആഫ്രിക്കൻ വിപണി ലക്ഷ്യമിട്ടു മഹീന്ദ്ര

Mahindra Blazo

ഒന്നര വർഷത്തിനകം ആഫ്രിക്കയിലേക്ക് ഭാര വാണിജ്യ വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം)യ്ക്കു പദ്ധതി. നിലവിൽ മൊത്തം വിൽപ്പനയുടെ 10 ശതമാനത്തോളമാണു കയറ്റുമതി; ഇതിൽ തന്നെ ലഘുവാണിജ്യ വാഹന(എൽ സി വി)ങ്ങളാണു കമ്പനി കയറ്റുമതി ചെയ്യുന്നത്. അടുത്ത 18 മാസത്തിനുള്ളിൽ ചില ആഫ്രിക്കൻ രാജ്യങ്ങളിലേക്കു കയറ്റുമതി തുടങ്ങാനാവുമെന്ന് മഹീന്ദ്ര ട്രക്സ് ആൻഡ് ബസ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നളിൻ മേഹ്ത പ്രതീക്ഷ പ്രകടിപ്പിച്ചു. ലഘു വാണിജ്യ വാഹനങ്ങൾക്കു പുറമെ ഹെവി ട്രക്കായ ‘ബ്ലേസൊ’യ്ക്കും ആഫ്രിക്കൻ വിപണിയിൽ വിൽപ്പന സാധ്യതയുണ്ടെന്ന് അദ്ദേഹം കരുതുന്നു.

അതേസമയം ആഫ്രിക്കയിലേക്കുള്ള ട്രക്ക് കയറ്റുമതി സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. എന്നാൽ ആഫ്രിക്കൻ വിപണിയിൽ ഹെവി ട്രക്കുകൾക്ക് 3.5% വിഹിതമാണു നിലവിലുള്ളതെന്നും രണ്ടു വർഷത്തിനകം ഈ വിഹിതം ഇരട്ടിയാവുമെന്നു കരുതുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഭാര വാണിജ്യ വാഹന(എച്ച് സി വി) വിഭാഗത്തിൽ ‘ബ്ലേസൊ’ ശ്രേണിയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കുമെന്നും മേഹ്ത അറിയിച്ചു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘ബ്ലേസൊ’യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള അവതരണമാണ് ഇപ്പോൾ നടന്നത്; ഹോളേജ്, ട്രാക്ടർ ട്രെയ്ലർ, ടിപ്പർ എന്നിവയൊക്കെ ഈ ശ്രേണിയിലുണ്ടാവും. ട്രക്ക്, ബസ് വിപണിയിൽ സ്ഥിരതയാർന്ന വളർച്ചയാണു കമ്പനി കൈവരിക്കുന്നതെന്നു മേഹ്ത അറിയിച്ചു. പുതിയ ശ്രേണിയായ ‘ബ്ലേസൊ’യുടെ വരവോടെ ഈ വിഭാഗത്തിൽ നില മെച്ചപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.