ദക്ഷിണാഫ്രിക്കയിൽ പഠനസാമഗ്രി വിതരണവുമായി മഹീന്ദ്ര

സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ വിദ്യാർഥികൾക്കു പഠന സഹായം വാഗ്ദാനം ചെയ്ത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) യുടെ ഉപസ്ഥാപനമായ മഹീന്ദ്ര സൗത്ത് ആഫ്രിക്ക രംഗത്ത്. ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കു പഠന സൗകര്യം ഉറപ്പാക്കാനുള്ള നടപടികൾ റോട്ടറി സൗത്ത് ആഫ്രിക്കയുടെ സഹകരണത്തോടെയാണ് മഹീന്ദ്ര സൗത്ത് ആഫ്രിക്ക നടപ്പാക്കുക. രാത്രികാലങ്ങളിൽ പഠനസൗകര്യം ഉറപ്പാക്കാൻ സൗരോർജത്തിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന വിളക്കുകളും വിദ്യാർഥികൾക്ക് ആവശ്യമായ പഠന സാമഗ്രികളുമാണു കമ്പനി വിതരണം ചെയ്യുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പൂർണ ഉപസ്ഥാപനമായ മഹീന്ദ്ര സൗത്ത് ആഫ്രിക്ക (എം എസ് എ) 1945ലാണു സ്ഥാപിതമായത്.

സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മെട്രിക് നിലവാരത്തിലുള്ള ദക്ഷിണാഫ്രിക്കൻ വിദ്യാർഥികൾക്ക് 5000 വിളക്കുകളും പഠന സാമഗ്രികളടങ്ങിയ കിറ്റുകളും വിതരണം ചെയ്യാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. മഹീന്ദ്ര ഡീലർമാരും റോട്ടറി സൗത്ത് ആഫ്രിക്കയും വഴിയാണു പഠനസാമഗ്രി വിതരണത്തിനുള്ള സ്കൂളുകൾ തിരഞ്ഞെടുക്കുക. വിദ്യാർഥികളുടെ പഠനം കാര്യക്ഷമമാക്കാൻ മെച്ചപ്പെട്ട സാഹചര്യവും സൗകര്യങ്ങളും ഉറപ്പാക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നു മഹീന്ദ്ര സൗത്ത് ആഫ്രിക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സഞ്ജോയ് ഗുപ്ത വിശദീകരിച്ചു. മഹീന്ദ്രയുടെ മുദ്രാവാചകമായ ‘റൈസി’നോടു നീതി പുലർത്തുന്നതാണു പഠന സാമഗ്രി വിതരണം. ഈ മാസം അവസാനത്തോടെ തന്നെ പഠനസാമഗ്രി വിതരണം ആരംഭിക്കുമെന്നും ഗുപ്ത വെളിപ്പെടുത്തി.

മൂല്യവത്തായ സഹായമാണു മഹീന്ദ്ര സൗത്ത് ആഫ്രിക്ക വാഗ്ദാനം ചെയ്തിരിക്കുന്നതെന്നായിരുന്നു പദ്ധതിയിൽ പങ്കാളിയായ റോട്ടറി സൗത്ത് ആഫ്രിക്കയുടെ മുൻ ഡിസ്ട്രിക്ട് ഗവർണർ ഗ്രെഗ് സ്റ്റതാകോപുലസിന്റെ പ്രതികരണം. വിദ്യാഭ്യാസ മേഖലയിൽ അർഥപൂർണമായ ഇടപെടലുകൾ സാധ്യമാക്കുന്നതു കോർപറേറ്റ് മേഖലയുടെ നിർലോഭ സഹകരണമാണ്. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ നേരിടുന്ന ദക്ഷിണാഫ്രിക്കൻ വിദ്യാർഥികളെ പ്രായോഗികമായി സഹായിക്കാൻ ഇത്തരം നടപടികളാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.