ദുബായ് ഡ്രൈവിങ് പരീക്ഷ മലയാളത്തിലും

മലയാളത്തിന് അംഗീകാരവുമായി ദുബായ്. ദുബായ്‌യിൽ ഡ്രൈവിങ് ടെസ്റ്റിനുള്ള പരീക്ഷ ഇനി മലയാളത്തിലും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ദുബായിൽ തിയറി നോളജ് ഡ്രൈവിങ് ടെസ്റ്റിനുള്ള ഭാഷകളിൽ മലയാളവും അംഗീകരിച്ചത്തോടെയാണ് മലയാളികൾക്ക് ഇനി മാതൃഭാഷയിൽ ഡ്രൈവിങ് ടെസ്റ്റ് എഴുതാൻ സാധിക്കുന്നത്. ഇതുസംബന്ധിച്ച നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും നടപ്പാകുന്നത് ഇപ്പോഴാണ്. ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുക്കാൻ പരീക്ഷാർഥിക്കു സൗകര്യം ലഭിക്കുന്നതുവഴി ഡ്രൈവിങ് നിയമങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കാനുള്ള അവസരമാണു ലഭിക്കുന്നതെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ ഹാഷിം ബഹ്റോസ്യാൻ പറഞ്ഞു.

സർവം മലയാളം മലയാളത്തിലും ചോദ്യങ്ങൾ ലഭിക്കുമെന്നതാണ് പ്രത്യേകത. ഉത്തരവും മലയാളത്തിലുള്ള ഓപ്ഷനിൽ രേഖപ്പെടുത്താം. ഡ്രൈവിങ് ടെസ്റ്റിനു മുൻപുള്ള തിയറി പരീക്ഷയാണിത്. ആർടിഎ മലയാളംകൂടി ഉൾപ്പെടുത്തിയത് ഒട്ടേറെപ്പേർക്ക് പ്രയോജനം ചെയ്യും. ഭാഷാ പ്രശ്നങ്ങൾ ലൈസൻസ് ലഭിക്കാൻ പ്രതിബന്ധമായിരുന്നവർക്കാണ് ഏറെ പ്രയോജനം ചെയ്യുക. ആകെ ഭാഷകൾ 11 ഹിന്ദി, പേർഷ്യൻ, റഷ്യൻ, ചൈനീസ്, ബംഗാളി, തമിഴ് എന്നീ ഭാഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പരീക്ഷയ്ക്കു ലഭ്യമായ ഭാഷകളുടെ എണ്ണം 11 ആയി. ഇതിനിടെ, അറബിക് ഭാഷയിലുള്ള എഴുത്ത് പരീക്ഷയ്ക്കു ശബ്ദ സംവിധാനവും ഏർപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു.