എഫ് വണ്ണിനോട് തൽക്കാലം വിട പറയാൻ മലേഷ്യ

തുടർച്ചയായ നഷ്ടം പരിഗണിച്ചു ഫോർമുല വണ്ണിനോടു താൽക്കാലികമായി വിട പറയാൻ മലേഷ്യ ആലോചിക്കുന്നു. ഫോർമുല വൺ അഡ്മിനിസ്ട്രേഷനുമായി നിലവിലുള്ള കരാർ 2018ൽ അവസാനിക്കാനിരിക്കെ മലേഷ്യൻ ഗ്രാൻപ്രിയുടെ ഭാവി ചർച്ച ചെയ്യാനുള്ള നിർണായ യോഗം ഈ ആഴ്ച ചേരുന്നുണ്ട്. ഫോർമുല വൺ മത്സരം കാണാൻ നാട്ടുകാർ എത്തുന്നില്ലെന്നു സെപാങ് ഇന്റർനാഷനൽ സർക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് റാസ്ലൻ റസാലി വെളിപ്പെടുത്തി. സാമ്പത്തിക നേട്ടമില്ലാതെ ഈ രംഗത്തു തുടരുന്നതിൽ അർഥമില്ല; അതുകൊണ്ടുതന്നെ ഫോർമുല വണ്ണിൽ നിന്നു താൽക്കാലികമായി മാറി നിൽക്കുന്നതാവും അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടിക്കറ്റ് വിൽപ്പനയിലെ ഇടിവിനു പുറമെ ടി വി പ്രേക്ഷകരുടെ എണ്ണത്തിലെ ഇടിവും മലേഷ്യൻ ഗ്രാൻപ്രിക്കു തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. 1999 മുതൽ ക്വലാലംപൂരിനു സമീപമുള്ള സെപാങ് സർക്യൂട്ട് ആതിഥ്യമരുളുന്ന മലേഷ്യൻ ഗ്രാൻപി, ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ഫോർമുല വൺ മത്സരമാണ്. അയൽ രാജ്യമായ സിംഗപ്പൂരിൽ വർണപ്പകിട്ടോടെ രാത്രികാല ഫോർമുല വൺ മത്സരം ആരംഭിച്ചതും മലേഷ്യൻ ഗ്രാൻപ്രിക്കു തലവേദന സൃഷ്ടിച്ചിരുന്നു. മലേഷ്യ തന്നെ രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടുഴലുന്നതും ഫോർമുല വണ്ണിന്റെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. മത്സര നടത്തിപ്പിലെ അഭിമാനവും ആഗോളതലത്തിൽ ടി വി പ്രേക്ഷകർക്കു മുന്നിലെ വിപണന സാധ്യതകളും പരിഗണിച്ചാണു പല നഗരങ്ങളും ഫോർമുല വണ്ണിൽ തുടരുന്നത്.

മൊത്തം 1.20 ലക്ഷം ആരാധകർക്ക് ഇരിപ്പിടമുള്ള മലേഷ്യൻ ഗ്രാൻപ്രി കാണാൻ കഴിഞ്ഞ തവണ വെറും 45,000 പേരാണ് എത്തിയതെന്നു റാസ്ലൻ വെളിപ്പെടുത്തി. ടി വിയിൽ മലേഷ്യൻ ഗ്രാൻപ്രി കണ്ടവരുടെ എണ്ണത്തിലും ഗണ്യമായ ഇടിവുണ്ട്. പോരെങ്കിൽ ഫോർമുല വൺ മത്സരസംഘാടനം ചെലവേറിയ പരിപാടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.മലേഷ്യയ്ക്കു പുറത്തു സംഘടിപ്പിക്കുന്ന മത്സരങ്ങളും ഫോർമുല വണ്ണിനു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നു മലേഷ്യൻ കായിക മന്ത്രി ഖൈറി ജമാലുദീൻ സ്ഥിരീകരിച്ചു. സാഹചര്യം പ്രതികൂലമായതിനാൽ ഫോർമുല വൺ മത്സരം സംഘടിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

മലേഷ്യ ആദ്യമായി എഫ് വൺ ചാംപ്യൻഷിപ് സംഘടിപ്പിക്കുമ്പോൾ അതു വലിയ സംഭവമായിരുന്നു; ജപ്പാനു പുറത്ത് ഏഷ്യയിലെ ആദ്യ ഗ്രാൻപ്രിയായിരുന്നു സെപാങ്ങിലേത്. ഇന്നാവട്ടെ പുതിയ മത്സരവേദികളുടെ പ്രളയമാണ്. മത്സരത്തിന്റെ പുതുമയും നഷ്ടമായി. ഇന്നാവട്ടെ ടിക്കറ്റ് വിൽപ്പന ഇടിഞ്ഞു; ടി വി പ്രേക്ഷകർ കുറഞ്ഞു. സിംഗപ്പൂരിലും ചൈനയിലും ഗൾഫിലുമൊക്കെ പുതിയ മത്സരം വന്നതോടെ വിദേശത്തു നിന്നുള്ള ആരാധകപ്രവാഹവും അവസാനിച്ചു. ഈ സാഹചര്യത്തിൽ തൽക്കാലത്തേക്കെങ്കിലും മലേഷ്യൻ ഗ്രാൻപ്രി നിർത്തിവയ്ക്കണമെന്നാണു മന്ത്രിയുടെ നിലപാട്.