അപ്പോളൊ — മാഞ്ചസ്റ്റർ യുണൈറ്റഡ് ടയറുകൾ ഇന്ത്യയിലും

അപ്പോളൊ — മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രാൻഡിൽപെട്ട പ്രകടനക്ഷമതയേറിയ ടയറുകൾ അപ്പോളൊ ടയേഴ്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. യു കെയ്ക്കും തായ്ലൻഡിനും പിന്നാലെ അപ്പോളൊ — മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രേണിയിലെ ടയറുകൾ വിൽപ്പനയ്ക്കെത്തുന്ന മൂന്നാമതു രാജ്യമാണ് ഇന്ത്യ.

പ്രകടനക്ഷമതയേറിയ ടയറുകൾ ഉൾപ്പെട്ട അപ്പോളൊ — മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രേണി ‘ടൊയോട്ട കൊറോള’യും ‘ഹോണ്ട സിവിക്കും’ പോലുള്ള കാറുകളിൽ ഉപയോഗിക്കാമെന്ന് അപ്പോളൊ ടയേഴ്സ് പ്രസിഡന്റ്(ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക) സതീഷ് ശർമ അറിയിച്ചു. ആഗോളതലത്തിൽ ഏറെ ജനപ്രിയമായ ടയർ സൈസാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള സഹകരണം ബ്രാൻഡ് വ്യാപനത്തിൽ അപ്പോളൊ ടയേഴ്സിനെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ശർമ വെളിപ്പെടുത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡുമായി 2013ലാണ് അപ്പോളൊ ടയേഴ്സ് മൂന്നു വർഷം നീളുന്ന സ്പോൺസർഷിപ് കരാർ ഒപ്പിട്ടത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്വുമായും യൂത്ത് ഫുട്ബോൾ ഇന്റർനാഷനലു(വൈ എഫ് ഐ)മായും സഹകരിച്ച് അപ്പോളൊ ടയേഴ്സ് സ്കോളർഷിപ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

‘അപ്പോളൊ ഗോ ദ് ഡിസ്റ്റൻസ് സ്കോളർഷിപ്’ പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ കണ്ടെത്തിയ 192 കുട്ടികളിൽ ആറു പേർക്കാണ് വൈ എഫ് ഐയിൽ പരിശീലനത്തിന് അവസരം ലഭിക്കുക. ഇവർക്ക് അപ്പോളൊ ടയേഴ്സ് പ്രത്യേക സ്കോളർഷിപ്പും ലഭ്യമാക്കും.

കൂടാതെ ഇവരിൽ ഒരാൾക്കു യു കെയിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സോക്കർ സ്കൂളിൽ ഒരാഴ്ച നീളുന്ന റസിഡൻഷ്യൽ പരിശീലന ക്യാംപിൽ പങ്കെടുക്കാനും അവസരം ലഭിക്കും.