മേരി ബാര ഇനി ജി എമ്മിന്റെ ചെയർമാൻ

Mary Barra

യു എസിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ ചെയർമാൻ എന്ന അധിക ചുമതലയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ മേരി ബാരയ്ക്ക്. 2014 ജനുവരിയിൽ ജി എമ്മിന്റെ സി ഇ ഒ പദത്തിലെത്തിയ ബാര(54)യെ ചെയർമാന്റെ കൂടി ചുമതല ഏൽപ്പിക്കാൻ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഏകകണ്ഠമായാണു തീരുമാനിച്ചത്. ജി എം ചെയർമാനായിരുന്ന, കമിൻസ് ഡീസൽ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായിരുന്ന തിയഡോർ സോൾസൊയുടെ പിൻഗാമിയായി ഉടനടി പ്രാബല്യത്തോടെയാണു ബാരയുടെ സ്ഥാനാരോഹണം. ചെയർമാൻ പദമൊഴിഞ്ഞാലും സോൾസൊ ബോർഡിലെ സ്വതന്ത്ര ഡയറക്ടറായി തുടരുമെന്നും ജി എം വ്യക്തമാക്കി.

യു എസിൽ മാത്രമല്ല, ആഗോളതലത്തിലും പ്രമുഖ വാഹന നിർമാണ കമ്പനിയെ നയിക്കുന്ന ആദ്യ വനിതയെന്ന പെരുമയോടെയാണു മേരി ബാര ജി എമ്മിന്റെ സി ഇ ഒ പദത്തിലെത്തിയത്. കാറുകളിൽ നിർമാണ തകറാറുള്ള ഇഗ്നീഷൻ സ്വിച്ചുകൾ ഘടിപ്പിച്ചതിനെ തുടർന്നു ജി എം കടുത്ത പേരുദോഷം പേറുന്ന വേളയിലായിരുന്ന ബാരയുടെ വരവ്. ലക്ഷക്കണക്കിനു വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കേണ്ടി വന്നതു മൂലമുള്ള പ്രതിച്ഛായ നഷ്ടത്തിനിടയിലും മികച്ച നേതൃപാടവത്തിലൂടെ ബാര ജി എമ്മിനെ സുരക്ഷിത തീരത്തെത്തിച്ചു. ഡാൻ അകെഴ്സനു പകരക്കാരിയായാണു ബാര ജി എമ്മിലെ സി ഇ ഒ പദത്തിലെത്തിയത്. ഇപ്പോൾ അകെഴ്സന്റെ പാത പിന്തുടർന്നു കമ്പനിയുടെ ചെയർമാൻ, സി ഇ ഒ പദവികൾ ഒരുമിച്ചു വഹിക്കാനുള്ള നിയോഗവും ബാരയെ തേടിയെത്തി.

പഠന കാലത്തു തന്നെ ജി എമ്മിൽ സേവനം ആരംഭിച്ച ചരിത്രമാണു ബാരയുടേത്. 18—ാം വയസ്സിൽ കമ്പനിയിൽ കോ—ഓപ് സ്റ്റുഡന്റായി ചേർന്ന ബാരയ്ക്കു പോണ്ടിയാക് ഡിവിഷനിലായിരുന്നു നിയമനം. കമ്പനിയിലെ ഈ ജോലിക്കൊപ്പം കമ്പനിയുടെ തന്നെ ഉടമസ്ഥതയിൽ മിചിഗനിലെ ഫ്ളിന്റിലുള്ള ജനറൽ മോട്ടോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനീയറിങ് ബിരുദ പഠനവും തുടർന്നു. ഇപ്പോൾ കെറ്റെറിങ് യൂണിവേഴ്സിറ്റി എന്ന് അറിയപ്പെടുന്ന പഴയ ജി എം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1985ലാണു ബാര ബിരുദം നേടിയത്. തുടർന്നു ജി എം തന്നെ ബാരയെ സ്റ്റാൻഫർഡ് സർവകലാശയിൽ എം ബി എ പഠനത്തിനയച്ചു. അന്നത്തെ സി ഇ ഒ ആയിരുന്ന ജാക്ക് സ്മിത്തിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എന്നതടക്കമുള്ള ചുമതലകൾ തേടിയെത്തിയതോടെ ബാര ഭാവിയിലെ താരമാവുമെന്ന് സഹപ്രവർത്തകർക്ക് ഉറപ്പായിരുന്നു. പിന്നീട് ഇടത്തരം കാറുകളുടെ എൻജിനീയറിങ് വിഭാഗത്തെ നയിച്ച ബാരയ്ക്ക് ജി എമ്മിന്റെ ഡെട്രോയ്റ്റ് ഹാംട്രാംക് പ്ലാന്റിന്റെ ചുമതലയും ലഭിച്ചു. കമ്പനി പാപ്പരായ 2009ൽ അന്നത്തെ സി ഇ ഒ എഡ് വിറ്റാകർ ബാരയെ മാനവവിഭവ ശേഷി വിഭാഗത്തിന്റെ ചുമതലക്കാരിയാക്കി ഒതുക്കി. എന്നാൽ 2011ൽ അകെഴ്സൻ എത്തിയതോടെ ബാരയെ ആഗോളതലത്തിലുള്ള പ്രോഡക്ട് ഡവലപ്മെന്റിന്റെ ചുമതല നൽകുകയായിരുന്നു.