‘സെലേറിയൊ’യിലും ഇനി എയർബാഗും എ ബി എസും

മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടു ചെറുകാറായ ‘സെലേറിയൊ’യുടെ അടിസ്ഥാന വകഭേദങ്ങളിലും ആവശ്യക്കാർക്ക് എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സൗകര്യങ്ങൾ ലഭ്യമാക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചു. ഇരട്ട എയർ ബാഗും എ ബി എസും കൂടിയാവുന്നതോടെ പെട്രോൾ എൻജിനുള്ള ‘സെലേറിയൊ’യുടെ അടിസ്ഥാന മോഡലിനു ഡൽഹി ഷോറൂമിലെ വില 4.16 ലക്ഷം രൂപയാവും. വൈകാതെ ‘സെലേറിയൊ’യുടെ ഓട്ടേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) വകഭേദത്തിലും എയർബാഗും എ ബി എസും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

‘സെലേറിയൊ’ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും നൽകാനാണു കമ്പനി ശ്രമിച്ചിട്ടുള്ളതെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. ഡ്രൈവർക്കും സഹയാത്രികനും എയർബാഗും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവുമൊക്കെ ലഭ്യമാവുന്നതോടെ ‘സെലേറിയൊ’ കൂടുതൽ ആകർഷകമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കർശന സുരക്ഷയ്ക്കുള്ള നിയമ വ്യവസ്ഥകൾ പ്രാബല്യത്തിലെത്തുംമുമ്പു തന്നെ ‘സെലേറിയൊ’യിൽ ഈ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എ എം ടി ഗീയർബോക്സ് അടിസ്ഥാനമാക്കി ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ആദ്യ കാറെന്ന പെരുമയോടെ 2014 ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത ‘സെലേറിയൊ’യുടെ ഇതുവരെയുള്ള വിൽപ്പന 1.40 ലക്ഷത്തോളം യൂണിറ്റാണ്. തുടക്കത്തിൽ ഒരു ലീറ്റർ പെട്രോൾ എൻജിനുമായി വിപണിയിലെത്തിയ ‘സെലേറിയൊ’ പിന്നീട് 800 സി സി ഡീസൽ എൻജിൻ സഹിതവും ലഭ്യമായി തുടങ്ങി. തുടർന്ന് സി എൻ ജി കിറ്റ് ഘടിപ്പിച്ചും മാരുതി സുസുക്കി ‘സെലേറിയൊ’ വിൽപ്പനയ്ക്കെത്തിച്ചു. ഇതോടെ മൂന്ന് ഇന്ധന സാധ്യതകളും രണ്ട് ഗീയർബോക്സ് സാധ്യതകളുമായി ഈ വിഭാഗത്തിൽ വിൽപ്പനയ്ക്കെത്തുന്ന ഏക കാറുമായി ‘സെലേറിയൊ’.

‘സെലേറിയൊ’യ്ക്കു മുമ്പ് ‘സ്വിഫ്റ്റ്’, ‘സ്വിഫ്റ്റ് ഡിസയർ’ ശ്രേണിയിലും മാരുതി സുസുക്കി എയർബാഗും എ ബി എസും ലഭ്യമാക്കിയിരുന്നു. പുത്തൻ അവതരണങ്ങളായ ‘ബലേനൊ’, ‘എസ് ക്രോസ്’ എന്നിവയ്ക്കൊപ്പം ‘വാഗൻ ആർ’, ‘എർട്ടിഗ’ എന്നിവയിലും മാരുതി സുസുക്കി ഇതേ സൗകര്യങ്ങളോടെ മെച്ചപ്പെട്ട സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്.