ഡീസൽ കരുത്തോടെ ‘എസ് ക്രോസ്’; വില 8.34 ലക്ഷം മുതൽ

വാഹനപ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന പ്രീമിയം ക്രോസ്ഓവറായ ‘എസ് ക്രോസി’നെ മാരുതി സുസുക്കി പടയ്ക്കിറക്കി. റെനോ ‘ഡസ്റ്ററി’നെയും ഫോഡ് ‘ഇകോ സ്പോർട്ടി’നെയും ഹ്യുണ്ടായ് ‘ക്രേറ്റ’യെയുമൊക്കെ നേരിടാൻ പുത്തൻ ഷോറൂം ശൃംഖലയായ ‘നെക്സ’ വഴി മാത്രം വിൽപ്പനയ്ക്കെത്തുന്ന ‘എസ് ക്രോസി’ന്റെ അടിസ്ഥാന വകഭേദത്തിന് 8.34 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. മുൻ ഉദ്യമങ്ങളിലൊന്നും വിജയം അനുഗ്രഹിക്കാത്ത പ്രീമിയം വിഭാഗത്തെ ‘എസ് ക്രോസി’ലൂടെ കീഴടക്കാനാണു മാരുതി സുസുക്കിയുടെ പദ്ധതി.

ഡീസൽ കരുത്തോടെ മാത്രമാണു മാരുതി സുസുക്കി ‘എസ് ക്രോസ്’ ലഭ്യമാവുന്നത്; സമീപ ഭാവിയിലൊന്നും കാറിന്റെ പെട്രോൾ വകഭേദം പുറത്തെത്താനും സാധ്യതയില്ല.

വിവിധ നിർമാതാക്കൾക്കായി മികവു തെളിയിച്ച 1.3 ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിനു പുറമെ ശേഷിയേറിയ 1.6 ലീറ്റർ ഡീസൽ എൻജിൻ സഹിതവും ‘എസ് ക്രോസ്’ വിപണിയിലുണ്ട്. ശേഷി കുറഞ്ഞ ‘ഡി ഡി ഐ എസ് 200’ എൻജിന് പരമാവധി 90 പി എസ് കരുത്തും 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; ‘ഡി ഡി ഐ എസ് 320’ എൻജിന്റെ പരമാവധി ശേഷിയാവട്ട 120 പി എസ് കരുത്തും 320 എൻ എം ടോർക്കുമാണ്. ശേഷി കുറഞ്ഞ എൻജിന് ലീറ്ററിന് 23.65 കിലോമീറ്ററാണു മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത; ശേഷിയേറിയ എൻജിൻ ലീറ്ററിന് 22.07 കിലോമീറ്റർ ഇന്ധനക്ഷമത കൈവരിക്കുമെന്നാണു നിർമാതാക്കളുടെ അവകാശവാദം.

ഗ്രീക്ക് അക്ഷരങ്ങളായ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെയാണ് ‘എസ് ക്രോസ്’ വകഭേദങ്ങളുടെ പേര്. 1.3 ലീറ്റർ എൻജിനോടെ ‘ആൽഫ’ വകഭേദത്തിനു വില 10.75 ലക്ഷം രൂപ വരെയാണ്. 1.6 ലീറ്റർ എൻജിൻ ഡെൽറ്റ, സീറ്റ, ആൽഫ വകഭേദങ്ങളിൽ മാത്രമാണു ലഭിക്കുക; വിലയാവട്ടെ 11.99 ലക്ഷം — 13.74 ലക്ഷം രൂപ നിലവാരത്തിലും.

ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, നാലു വീലിനും ഡിസ്ക് ബ്രേക്ക്, ഓട്ടോ ഡിമ്മിങ് ഇന്റേണൽ റിയർവ്യൂ മിറർ(ഐ ആർ വി എം), ഓട്ടോ ലൈറ്റ് ഓൺ ഫംക്ഷൻ സഹിതം ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ്(എച്ച് ഐ ഡി) ഹെഡ്ലാംപ്, റിവേഴ്സ് പാർക്കിങ് കാമറ സഹിതം സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സംവിധാനം എന്നിവയൊക്കെ മാരുതി സുസുക്കി ‘എസ് ക്രോസി’ൽ ലഭ്യമാക്കുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാൻ അടിസ്ഥാന വകഭേദങ്ങളിൽ പോലും ഇരട്ട എയർബാഗും ആന്റി ലോക്ക് ബ്രേക്ക് സംവിധാനവുമുണ്ട്.