ഇന്ത്യൻ കാർ വിപണിയിൽ പിടിമുറുക്കി മാരുതി സുസുക്കി

Alto K10

ആഭ്യന്തര കാർ വിപണിയിലെ മേധാവിത്തം കഴിഞ്ഞ മാസവും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) നിലനിർത്തി. ഡിസംബറിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ 10 മോഡലുകളിൽ ആറെണ്ണവും മാരുതി സുസുക്കിയുടേത്; ഒപ്പം ഫ്രഞ്ച് നിർമാതാക്കളായ റെനോ അവതരിപ്പിച്ച ചെറുകാറായ ‘ക്വിഡും’ ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സി (സയാം)ന്റെ കണക്കനുസരിച്ച് ഡിസംബറിൽ ഏറ്റവുമധികം വിൽപ്പന നേടിയ കാർ ‘ഓൾട്ടോ’യാണ്; 22,589 യൂണിറ്റ് വിൽപ്പനയോടെയാണ് ‘ഓൾട്ടോ’ പ്രതിമാസ വിൽപ്പന കണക്കിലെ ആദ്യ സ്ഥാനം നിലനിർത്തിയത്. 2014 ഡിസംബറിൽ ‘ഓൾട്ടോ’ നേടിയ വിൽപ്പന 22,296 യൂണിറ്റായിരുന്നു. മാരുതി സുസുക്കിയുടെ തന്നെ കോംപാക്ട് ഹാച്ച്ബാക്കായ ‘വാഗൻ ആർ’ ആണു രണ്ടാം സ്ഥാനത്ത്. 2014 ഡിസംബറിൽ 12,329 യൂണിറ്റ് വിറ്റത് കഴിഞ്ഞ മാസം 14,645 ആയി ഉയർന്നു.

Baleno

കമ്പനിയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ‘സ്വിഫ്റ്റ്’ 14,548 യൂണിറ്റ് വിൽപ്പനയോടെ മൂന്നാം സ്ഥാനത്തെത്തി; 2014 ഡിസംബറിൽ 17,410 ‘സ്വിഫ്റ്റാ’യിരുന്നു മാരുതി സുസുക്കി വിറ്റത്.‘സ്വിഫ്റ്റി’ന്റെ സെഡാൻ രൂപാന്തരമായ ‘ഡിസയറി’നാണു പട്ടികയിൽ നാലാം സ്ഥാനം; 13,176 ‘സ്വിഫ്റ്റ് ഡിസയർ’ ആണു കഴിഞ്ഞ മാസം നിരത്തിലെത്തിയത്. 2014 ഡിസംബറിൽ ‘ഡിസയർ’ നേടിയ വിൽപ്പനയാവട്ടെ 15,526 യൂണിറ്റായിരുന്നു., കൊറിയയിൽ നിന്നുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ ‘ഗ്രാൻഡ് ഐ 10’ അഞ്ചാം സ്ഥാനത്തെത്തി. 2014 ഡിസംബറിൽ 8,210 യൂണിറ്റോടെ വിൽപ്പന കണക്കെടുപ്പിൽ ഏഴാമതായിരുന്ന ‘ഗ്രാൻഡ് ഐ 10’ 12,749 യൂണിറ്റിന്റെ വിൽപ്പനയോടെയാണു കഴിഞ്ഞ മാസം അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നത്.

Swift

അതേസമയം പുതുമുഖമെങ്കിലും തകർപ്പൻ പ്രകടനവുമായി മാരുതി സുസുക്കിയുടെ പുതിയ ‘ബലേനൊ’ ആറാം സ്ഥാനത്തെത്തി; 10,572 യൂണിറ്റായിരുന്നു വിൽപ്പന. ‘ബലേനൊ’യുടെ കുതിപ്പിൽ ഹ്യുണ്ടേയിയുടെ ‘എലീറ്റ് ഐ 20’ ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. എങ്കിലും 2014 ഡിസംബറിൽ 9,345 ‘എലീറ്റ് ഐ 20’ വിറ്റത് കഴിഞ്ഞ മാസം 10,379 ആയി ഉയർന്നെന്നതിൽ ഹ്യുണ്ടേയിക്ക് ആശ്വസിക്കാം. മാരുതിയിൽ നിന്നുള്ള കോംപാക്ട് കാറായ ‘സെലേറിയൊ’ ആണു വിൽപ്പനയിൽ എട്ടാം സ്ഥാനത്ത്. 2014 ഡിസംബറിൽ 6,252 യൂണിറ്റ് വിൽപ്പനയോടെ ഈ സ്ഥാനത്തായിരുന്ന ‘ഓമ്നി’ക്കു പകരക്കാരനാവുന്ന ‘സെലേറിയൊ’ കഴിഞ്ഞ മാസം കൈവരിച്ച വിൽപ്പന 8,019 യൂണിറ്റാണ്.

Dezire

യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘ബൊളേറൊ’ 7,133 യൂണിറ്റ് വിൽപ്പനയോടെ കണക്കെടുപ്പിൽ ഒൻപതാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ മാസം 6,888 യൂണിറ്റിന്റെ വിൽപ്പനയോടെയാണ് ‘ക്വിഡ്’ ആദ്യ പത്തിലേക്ക് സ്ഥാനക്കയറ്റം നേടിയത്. ശക്തരായ എതിരാളികളുടെ കടന്നുകയറ്റത്തിൽ ഹോണ്ടയുടെ ഇടത്തരം സെഡാനായ ‘സിറ്റി’ക്കും ഹ്യുണ്ടേയിയുടെ എൻട്രി ലവൽ കാറായ ‘ഇയോണി’നുമൊക്കെയാണ് ആദ്യ പത്തിൽ നിന്നു പുറത്തു പോകേണ്ടി വന്നത്.