ജൂലൈയിൽ റെക്കോഡ് വിൽപ്പനയോടെ മാരുതി സുസുക്കി

ജൂലൈയിലെ കാർ വിൽപ്പനയിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു ചരിത്ര നേട്ടം. ആഭ്യന്തര വിപണിയിൽ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണു കമ്പനി ജൂലൈയിൽ കൈവരിച്ചത്: 1,25,778 യൂണിറ്റ്. 2015 ജൂലൈയിൽ ആഭ്യന്തര വിപണിയിൽ വിറ്റ 1,10,405 കാറുകളെ അപേക്ഷിച്ച് 13.9% അധികമാണിത്. കയറ്റുമതി കൂടി പരിഗണിച്ചാൽ 1,37,116 കാറുകളാണു മാരുതി സുസുക്കി ഇന്ത്യ ജൂലൈയിൽ വിറ്റത്. 2015 ജൂലൈയിലെ മൊത്തം വിൽപ്പനയായ 1,21,712 യൂണിറ്റിനെ അപേക്ഷിച്ച് 12.7% അധികമാണിത്.

റെക്കോഡ് നേട്ടത്തിനിടയിലും ചെറുകാർ വിഭാഗത്തിൽ മാരുതി സുസുക്കിയുടെ വിൽപ്പന ഇടിഞ്ഞെന്നാണു കണക്കുകൾ നൽകുന്ന സൂചന. ‘ഓൾട്ടോ’, ‘വാഗൻ ആർ’ എന്നിവ ഉൾപ്പെടുന്ന മിനി വിഭാഗത്തിൽ 2015 ജൂലൈയിൽ 37,752 കാർ വിറ്റത് കഴിഞ്ഞ മാസം 35,051 ആയി താഴ്ന്നതോടെ 7.2% ആണ് ഇടിവ്. അതേസമയം, ‘സ്വിഫ്റ്റ്’, ‘എസ്റ്റിലൊ’, ‘റിറ്റ്സ്’, ‘ഡിസയർ’, ‘ബലേനൊ’ എന്നിവ ഇടംപിടിക്കുന്ന കോംപാക്ട് വിഭാഗത്തിലെ വിൽപ്പനയിൽ 4.1% വളർച്ച രേഖപ്പെടുത്തി. 2015 ജൂലൈയിൽ ഇത്തരം 48,381 കാർ വിറ്റത് കഴിഞ്ഞ മാസം 50,362 ആയാണ് ഉയർന്നത്. ടാക്സി വിഭാഗത്തിൽ ഇടംപിടിക്കുന്ന ‘ഡിസയർ ടൂർ’ വിൽപ്പനയിലും 9.2% ഇടിവു നേരിട്ടു. 2015 ജൂലൈയിൽ ഇത്തരം 3,370 കാർ വിറ്റതു കഴിഞ്ഞ മാസം 3,059 ആയാണു കുറഞ്ഞത്. എന്നാൽ ഇടത്തരം സെഡാനായ ‘സിയാസ്’ മാരുതി സുസുക്കിക്കു നേട്ടം സമ്മാനിച്ചു; 2015 ജൂലൈയെ അപേക്ഷിച്ച് ഇരട്ടിയോളം വർധിച്ച് 5,162 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ വില്പ്പന.

യൂട്ടിലിറ്റി വാഹന വിൽപ്പനയിലും ഗണ്യമായ നേട്ടമുണ്ടായെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. ‘ജിപ്സി’, ‘ഗ്രാൻഡ് വിറ്റാര’, ‘എർട്ടിഗ’, ‘എസ് ക്രോസ്’, ‘വിറ്റാര ബ്രേസ’ എന്നിവയുടെ കഴിഞ്ഞ മാസത്തെ വില്പ്പന 17,382 യൂണിറ്റാണ്; 2015 ജൂലൈയിൽ വെറും 6,916 എണ്ണം വിറ്റ സ്ഥാനത്താണിത്. വാനുകളായ ‘ഓമ്നി’യുടെയും ‘ഇകോ’യുടെയും വിൽപ്പനയും കുതിച്ചുയർന്നു. 2015 ജൂലൈയിൽ 11,887 വാൻ വിറ്റത് കഴിഞ്ഞ മാസം 14,748 ആയതോടെ വളർച്ച 24.1% ആണ്. അതേസമയം, കയറ്റുമതിയിൽ കാര്യമായ മുന്നേറ്റമില്ലാതെയാണു ജൂലൈയും കടന്നു പോകുന്നത്. 2015 ജൂലൈയിൽ 11,307 വാഹനം കയറ്റുമതി ചെയ്തത് കഴിഞ്ഞ മാസം 11,338 എണ്ണമായിട്ടാണ് ഉയർന്നത്.