5 വർഷം കൊണ്ട് 15,000 കോടി നിക്ഷേപിക്കാൻ മാരുതി സുസുക്കി

വിപണന ശൃംഖല വിപുലീകരണത്തിനായി അടുത്ത അഞ്ചു വർഷം കൊണ്ട് 15,000 കോടി രൂപ നിക്ഷേപിക്കാൻ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എൽ)നു പദ്ധതി. സ്വന്തമായി ഭൂമി വാങ്ങാനും പുതിയ ഡീലർഷിപ്പുകൾ തുടങ്ങാനുമൊക്കെയാണ് മാരുതി സുസുക്കി ഇത്രയും പണം വിനിയോഗിക്കുക. ഇപ്പോൾ തന്നെ രാജ്യത്തെ കാർ നിർമാതാക്കളിൽ ഏറ്റവും വലിയ വിപണന ശൃംഖല മാരുതി സുസുക്കിക്കാണ്.ഗുജറാത്തിലെ ഹൻസാൽപൂരിൽ സ്ഥാപിക്കുന്ന പുതിയ നിർമാണശാല പ്രവർത്തനം തുടങ്ങുന്നതോടെ വിൽപ്പന ഇരട്ടിയാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. അധികമായി ഉൽപ്പാദിപ്പിക്കുന്ന കാറുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശേഖരിക്കാനും വിതരണം ചെയ്യാനും വിൽപ്പന നടത്താനുമൊക്കെയുള്ള സൗകര്യം ഉറപ്പാക്കാനാണു മാരുതി സുസുക്കി 15,000 കോടി രൂപ നീക്കിവച്ചിരിക്കുന്നത്.

കമ്പനിയുടെ വിതരണ, വിപണന ശൃംഖല ശക്തിപ്പെടുത്താൻ 30,000 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നതെന്നു ചെയർമാൻ ആർ സി ഭാർഗവ അഭിപ്രായപ്പെട്ടിരുന്നു. ഇതിൽ മാരുതി സുസുക്കിയുടെ വിഹിതമെന്ന നിലയിലാണ് ഇപ്പോൾ 15,000 കോടി രൂപ വകയിരുത്തിയത്. അവശേഷിക്കുന്ന പണം കമ്പനിയുടെ പങ്കാളികളായ ഡീലർമാർ വഹിക്കുമെന്നാണു ധാരണ. 13,000 കോടി രൂപ കരുതൽധനമായുള്ള മാരുതി സുസുക്കിക്ക് നിലവിൽ ഇന്ത്യയിൽ 1,700 ഡീലർഷിപ്പുകളാണുള്ളത്.

അതിനിടെ രാജസ്ഥാനിലെ റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് അതിർത്തി രക്ഷാ സേന(ബി എസ് എഫ്) നടത്തുന്നു ഉദ്യമങ്ങളിൽ പങ്കാളിയാവാനും മാരുതി സുസുക്കി തീരുമാനിച്ചു. ബി എസ് എഫിന്റെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഡിസംബർ ഒന്നു മുതലുള്ള കാലത്ത് ഒരു ലക്ഷത്തിലേറെ വാഹനങ്ങളിൽ റിഫ്ളക്ടറുകൾ ഘടിപ്പിക്കാനുള്ള പദ്ധതിയിലാണു കമ്പനി പങ്കാളിയാവുക.