‘എസ് ക്രോസി’നൊഴികെ മാരുതി സുസുക്കി വില കൂട്ടി

പ്രധാന എതിരാളികളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയ്ക്കു പിന്നാലെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും കാർ വില ഉയർത്തി. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ പ്രീമിയം ക്രോസോവറായ ‘എസ് ക്രോസ്’ ഒഴികെയുള്ള മോഡലുകളുടെ വിലയിൽ 3,000 മുതൽ 9,000 രൂപ വരെയുള്ള വർധന കഴിഞ്ഞ 11നു പ്രാബല്യത്തിലെത്തി. 22 മാസത്തിനിടെ ഇതാദ്യമായാണു മാരുതി സുസുക്കി ഇന്ത്യ കാറുകളുടെ വില വർധിപ്പിക്കുന്നത്.

കോംപാക്ട് എസ് യു വി വിഭാഗത്തിലെ പുതുമുഖമായ ‘ക്രേറ്റ’ ഒഴികെയുള്ള വാഹനങ്ങളുടെ വിലയായിരുന്നു കഴിഞ്ഞ ഒന്നു മുതൽ പ്രാബല്യത്തോടെ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) കൂട്ടിയത്. മോഡൽ അടിസ്ഥാനത്തിൽ പരമാവധി 30,000 രൂപ വരെയായിരുന്നു വർധന.

കഴിഞ്ഞ 11 മുതൽ വാഹന വില വർധിപ്പിച്ചെന്നും ഈ വിവരം അന്നു തന്നെ ഡീലർമാരെ അറിയിച്ചെന്നും മാരുതി സുസുക്കി ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. ഡീലർ മാർജിനിൽ വന്ന മാറ്റങ്ങളെ തുടർന്നാണ് വില വർധന വേണ്ടി വന്നതെന്നും കമ്പനി വിശദീകരിച്ചു. അതേസമയം സാധന വിലകളിൽ സ്ഥിരത ദൃശ്യമായ സാഹച്യത്തിലും മാരുതി സുസുക്കി വില വർധനയ്ക്കു തുനിഞ്ഞതു വിപണിക്ക് അത്ഭുതമായിട്ടുണ്ട്. പോരെങ്കിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മിന്നുന്ന പ്രകടനമാണു മാരുതി സുസുക്കി കാഴ്ചവച്ചതും.

ഇതൊക്കെ പരിഗണിക്കുമ്പോൾ വില വർധനയിലൂടെ കാര്യമായ നേട്ടമൊന്നും കമ്പനി ലക്ഷ്യമിടുന്നില്ലെന്നു വ്യക്തമാണ്. രാജ്യമാകെ ഉത്സവാഘോഷങ്ങളിലേക്കു നീങ്ങുന്ന വേളയിൽ വാഹന നിർമാതാക്കളെല്ലാം വൻതോതിൽ വിലക്കിഴിവും ഇളവുകളും ആനുകൂല്യങ്ങളുമൊക്കെ പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്. ഇപ്പോൾ മാരുതി സുസുക്കി പ്രഖ്യാപിച്ച വില വർധനയുടെ ആഘാതം ഇത്തരം ഇളവുകളുടെ ഫലമായി പ്രതിഫലിക്കാതെ പോകാനാണു സാധ്യതയേറെ.