മാരുതി സുസുക്കി കാർ ഉൽപ്പാദനം ഒന്നര കോടിയിൽ

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മൊത്തം ഉൽപ്പാദനം ഒന്നര കോടി യൂണിറ്റിലെത്തി. ഇന്ത്യയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി ലിമിറ്റഡ്. ഹരിയാനയിലെ മനേസാറിലുള്ള പ്രധാന ശാലയിൽ നിന്നു കഴിഞ്ഞ ദിവസം പുറത്തെത്തിയ ‘സ്വിഫ്റ്റ് ഡിസയർ വി ഡി ഐ’ കാറാണു കമ്പനിയുടെ മൊത്തം ഉൽപ്പാദനം 150 ലക്ഷത്തിലെത്തിച്ചത്.

ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ശാലയിൽ നിന്ന് 1983 ഡിസംബറിലാണു കമ്പനിയുടെ ആദ്യ കാറായ ‘മാരുതി 800’ പുറത്തിറങ്ങിയത്. തുടർന്നുള്ള 31 വർഷത്തിനും അഞ്ചു മാസത്തിനുമിടയിലാണു മാരുതി സുസുക്കി 150 ലക്ഷം കാറുകൾ കൂടി നിർമിച്ചത്. 1994 മാർച്ചിൽ മൊത്തം ഉൽപ്പാദനം 10 ലക്ഷം യൂണിറ്റ് പിന്നിട്ടു; 2005 ഏപ്രിലിലായിരുന്നു മൊത്തം ഉൽപ്പാദനം 50 ലക്ഷത്തിലെത്തിയത്. തുടർന്ന് 2011 മാർച്ചിൽ ഉൽപ്പാദനം ഒരു കോടി യൂണിറ്റുമായി. ഇപ്പോഴിതാ മൊത്തം ഉൽപ്പാദനം ഒന്നര കോടി യൂണിറ്റെന്ന ചരിത്ര നേട്ടത്തിലുമെത്തി. ‘മാരുതി 800’(29 ലക്ഷം യൂണിറ്റ്) കാറിനു പുറമെ ‘ഓൾട്ടോ’ ശ്രേണി(കെ 10 അടക്കം 31 ലക്ഷം യൂണിറ്റ്)യും ‘വാഗൺ ആർ’(16 ലക്ഷം), ‘ഓമ്നി’(17 ലക്ഷം), ‘സ്വിഫ്റ്റ്’(13 ലക്ഷം), ‘സ്വിഫ്റ്റ് ഡിസയർ’(10 ലക്ഷം) എന്നിവയാണ് ഈ തകർപ്പൻ പ്രകടനം സാധ്യമാക്കാൻ മികച്ച സംഭാവന നൽകിയത്.

ഉപയോക്താക്കൾക്കും പങ്കാളികൾക്കും ജീവനക്കാർക്കുമാണ് കമ്പനി ഈ ചരിത്ര നേട്ടം സമർപ്പിക്കുന്നതെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ(പ്രൊഡക്ഷൻ) രാജീവ് ഗാന്ധി അഭിപ്രായപ്പെട്ടു. നിരന്തര പുരോഗതിയിലും ‘കൈസൻ’ സിദ്ധാന്തത്തിലും അധിഷ്ഠിതമായാണു മാരുതി സുസുക്കിയുടെ യാത്ര. ഉപയോക്താക്കൾക്കു മെച്ചപ്പെട്ട സേവനം നൽകാനുള്ള മികച്ച ആശയങ്ങൾ ഷോപ് ഫ്ളോറിലാണു പിറവിയെടുക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിവുറ്റ ജീവനക്കാരുടെ പിന്തുണയോടെ ഗുണമേന്മയുള്ള മോഡലുകൾ അവതരിപ്പിച്ച് കഴിവതും വേഗം ഉൽപ്പാദനം രണ്ടു കോടിയിലെത്തിക്കുകയാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ഗാന്ധി സൂചിപ്പിച്ചു.