മാരുതി സുസുക്കിയുടെ ‘എസ് ക്രോസ്’ വരവായി

രാജ്യത്തെ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിപണിയിൽ ശക്തമായ സാന്നിധ്യമാവാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ‘എസ് ക്രോസ്’ വരവായി. മലേഷ്യയിൽ നടക്കുന്ന ‘ഐഫ’ ചലച്ചിത്ര അവാർഡ്ദാന ചടങ്ങിലാവും ‘എസ് ക്രോസി’ന്റെ ഔപചാരിക അരങ്ങേറ്റം. തുടർന്ന് അടുത്ത മാസത്തോടെ രാജ്യമെങ്ങുമുള്ള മാരുതി സുസുക്കി ഷോറൂമുകളിലും ‘എസ് ക്രോസ്’ ഇടംപിടിക്കുമെന്നാണു പ്രതീക്ഷ.

എക്സൈസ് ഡ്യൂട്ടി ഇളവ് ലക്ഷ്യമിട്ട് കാറിന്റെ നീളം നാലു മീറ്ററിലൊതുക്കാൻ മാരുതി ശ്രമിച്ചിട്ടില്ലെന്നതാണ് ‘എസ് ക്രോസി’ലെ പ്രധാന സവിശേഷത; 4,300 എം എമ്മാണു കാറിന്റെ നീളം. 1,765 എം എം നീളവും 1,580 എം എം ഉയരവുമുള്ള ‘എസ് ക്രോസ്’ വിദേശ വിപണികളിൽ വിൽപ്പനയ്ക്കെത്തുന്നത് 170 എം എം ഗ്രൗണ്ട് ക്ലിയറൻസോടെയാണ്. എന്നാൽ ഇന്ത്യയിലെ സവിശേഷ സാഹചര്യം പരിഗണിച്ച് ഗ്രൗണ്ട് ക്ലിയറൻസ് ഇതിലും കൂടാനാണു സാധ്യത. സാധാരണ ഗതിയിൽ 430 ലീറ്റർ സംഭരണശേഷിയുള്ള കാറിന്റെ പിൻസീറ്റ് മടക്കിയാൽ സ്ഥലലഭ്യത 1,269 ലീറ്ററായി ഉയരും.

രാജ്യാന്തര വിപണിയിൽ പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘എസ് ക്രോസ്’ വിൽപ്പനയ്ക്കുണ്ട്. ഇന്ത്യൻ അഭിരുചിക പരിഗണിക്കുമ്പോൾ ഈ രീതിക്കു മാറ്റമുണ്ടാവാനിടയില്ല. പുത്തൻ 1.6 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും ‘എസ് ക്രോസ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുകയെന്നാണു സൂചന. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനു പരമാവധി 115 പി എസ് കരുത്തും 156 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; ടർബോ ഡീസൽ എൻജിന്റെ പരമാവധി കരുത്താവട്ടെ 118 പി എസും ടോർക്ക് 320 എൻ എമ്മുമാണ്. ഇതല്ലെങ്കിൽ മികവു തെളിയിച്ച കെ 14 പരമ്പരയിലെ 1.4 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡി ഡി ഐ എസ് ഡീസൽ എൻജിനുകൾ തന്നെയാവും ‘എസ് ക്രോസി’നും കരുത്തേകുക.

പുതിയ ഡീസൽ, പെട്രോൾ എൻജിനുകൾക്കൊപ്പം മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകൾ ഘടിപ്പിക്കാൻ അവസരമുണ്ടെങ്കിലും ഇന്ത്യയിൽ മാനുവൽ ഗീയർബോക്സ് സഹിതം മാത്രമാവും ‘എസ് ക്രോസ്’ ലഭ്യമാവുക.

മാരുതി സുസുക്കിയുടെ പതിവു ശൈലിയിൽ ‘വി എക്സ് ഐ’, ‘വി ഡി ഐ’, ‘സെഡ് എക്സ് ഐ’, ‘സെഡ് ഡി ഐ വകഭേദങ്ങളിൽ ‘എസ് ക്രോസ്’ വിൽപ്പനയ്ക്കുണ്ടാവുമെന്നാണു പ്രതീക്ഷ. മിക്കവാറും എട്ടു ലക്ഷം രൂപ മുതലാവും ‘എസ് ക്രോസി’ന്റെ വകഭേദങ്ങളുടെ വിലയെന്നാണു പ്രാഥമിക വിലയിരുത്തൽ.