മാരുതി ‘സൂപ്പർ ക്യാരി’ ഗുജറാത്തിൽ വിൽപ്പനയ്ക്കെത്തി

പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള ആദ്യ ലഘു വാണിജ്യ വാഹന(എൽ സി വി)മായ ‘സൂപ്പർ ക്യാരി’ ഗുജറാത്തിൽ വിൽപ്പനയ്ക്കെത്തി. 4.03 ലക്ഷം രൂപയാണു ‘സൂപ്പർ ക്യാരി’യുടെ അഹമ്മദബാദ് ഷോറൂമിലെ വില. ഉപയോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാൻ ‘സൂപ്പർ ക്യാരി’ക്കാവുമെന്നു മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അവകാശപ്പെട്ടു. ദൃഢതയുള്ള എൽ സി വിയായ ‘സൂപ്പർ ക്യാരി’ക്ക് കൂടുതൽ ഭാരം വഹിക്കാൻ മാത്രമല്ല, മികച്ച ഇന്ധനക്ഷമത നൽകാനും കഴിയും. കമ്പനിയുടെ മികച്ച വിൽപ്പനാന്തര സേവന ശൃംഖലയും ‘സൂപ്പർ ക്യാരി’ ഉടമകൾക്ക് ഗുണകരമാവുമെന്നു കാൽസി അഭിപ്രായപ്പെട്ടു.

ഇന്ത്യക്കാരുടെ യാത്രാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയതു മാരുതി സുസുക്കിയിൽ നിന്നുള്ള കാറുകളാണ്. എൽ സി വി വിഭാഗത്തിലും സമാന വിപ്ലവം സൃഷ്ടിക്കാൻ ‘സൂപ്പർ ക്യാരി’ക്കു കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എൽ സി വി വിൽപ്പനയ്ക്കായി അഞ്ചു സംസ്ഥാനങ്ങളിലായി 50 പുതിയ ഡീലർഷിപ്പുകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ലഘു വാണിജ്യ വാഹന വിപണിയെക്കുറിച്ചുള്ള വിപുലമായ ഗവേഷണങ്ങൾക്കൊടുവിലാണു ‘സൂപ്പർ ക്യാരി’ യാഥാർഥ്യമായതെന്നു കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ(എൻജിനീയറിങ്) സി വി രാമൻ വെളിപ്പെടുത്തി. കരുത്തും സ്ഥിരതയും മികച്ച യാത്രയും ഹാൻഡ്ലിങ്ങും ഇന്ധനക്ഷമതയുമൊക്കെ ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണു ‘സൂപ്പർ ക്യാരി’ വികസിപ്പിച്ചിരിക്കുന്നത്.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ട്രിപ് സാധ്യമാക്കുന്ന ‘സൂപ്പർ ക്യാരി’ വാഹന ഉടമകൾക്കു മികച്ച ലാഭവും ഉറപ്പു നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ വിപണിക്കായി 300 കോടിയോളം രൂപ ചെലവിൽ വികസിപ്പിച്ച ‘സൂപ്പർ ക്യാരി’ക്കു കരുത്തേകുന്നത് 793 സി സി ഡീസൽ എൻജിനാണ്; ലീറ്ററിന് 22.07 കിലോമീറ്ററാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 3.25 ചതുരശ്ര അടി വിസ്തൃതിയുള്ള ലോഡിങ് ഡെക്കിൽ 740 കിലോഗ്രാമിന്റെ ഭാരവാഹക ശേഷിയാണു ‘സൂപ്പർ ക്യാരി’ക്കുള്ളത്. സുപ്പീരിയർ വൈറ്റ്, സിൽക്കി സിൽവർ നിറങ്ങളിലാണു ‘സൂപ്പർ ക്യാരി’ വിൽപ്പനയ്ക്കുള്ളത്.