സുസുക്കിക്കുള്ള പുത്തൻ ഹാച്ച്ബാക്ക് നിർമിക്കാൻ മാരുതി

ആഗോളതലത്തിൽ വിൽക്കാൻ ലക്ഷ്യമിടുന്ന പ്രീമിയം ഹാച്ച്ബാക്ക് കാറിന്റെ വികസന ചുമതല ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ ഉപസ്ഥാപനമായ മാരുതി സുസുക്കിയെ ഏൽപ്പിച്ചു. രാജ്യാന്തര വിപണികളിൽ വിൽക്കാനുള്ള ഏതെങ്കിലും കാറിന്റെ വികസന ചുമതല സുസുക്കി മാരുതിയെ ഏൽപ്പിക്കുന്നത് ഇതാദ്യമാണ്. യൂറോപ്പും ഏഷ്യ പസഫിക് രാജ്യങ്ങളും പോലുള്ള വികസിത വിപണികളിൽ ഫോക്സ്​വാഗൻ ‘പോളോ’, ഫിയറ്റ് ‘പുന്തൊ’, ഫോഡ് ‘ഫിഗൊ’ തുടങ്ങിയവയെ നേരിടാനാണു സുസുക്കി പുതിയ പ്രീമിയം ഹാച്ച്ബാക്ക് വികസിപ്പിക്കുന്നത്.

യൂറോപ്പിനും ഏഷ്യ പസഫിക് മേഖലയ്ക്കും വേണ്ടി ‘വൈ ആർ എ’ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന കാറിനായി ഹംഗറിയെ പിന്തള്ളിയാണു സുസുക്കി മാരുതിയെ തിരഞ്ഞെടുത്തതെന്നാണു സൂചന. അടുത്ത ഫ്രാങ്ക്ഫുർട്ട് മോട്ടോർ ഷോയിൽ ഈ കാറിന്റെ മാതൃക പ്രദർശിപ്പിക്കാനാണു സുസുക്കിയുടെ പദ്ധതി.

ജർമനിക്കും ഇറ്റലിക്കും യു കെയ്ക്കും പുറമെ സുസുക്കിയുടെ ജന്മനാടായ ജപ്പാനിലും പുതിയ പ്രീമിയം ഹാച്ച്ബാക്ക് വിൽക്കാനാണു പദ്ധതി. പ്രതിവർഷം 40,000 — 50,000 യൂണിറ്റിന്റെ വിൽപ്പനയാണു പുതിയ കാറിലൂടെ സുസുക്കി ലക്ഷ്യമിടുന്നത്. ക്രമേണ വിദേശ വിപണികളിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലായും ഈ ഹാച്ച്ബാക്ക് മാറുമെന്നു സുസുക്കി കണക്കുകൂട്ടുന്നു.

നേരത്തെ യൂറോപ്പിലെ എൻട്രി ലവൽ വിഭാഗം ലക്ഷ്യമിട്ടു മാരുതി സുസുക്കി ‘എ സ്റ്റാർ’ വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ ‘വൈ ആർ എ’ യാഥാർഥ്യമാക്കി ‘പോളോ’യും ‘പുന്തൊ’യും പോലുള്ള മുൻനിര മോഡലുകളെ അവരുടെ സ്വന്തം തട്ടകത്തിൽ നേരിടാനുള്ള ദൗത്യം സുസുക്കി മാരുതിയെ ഏൽപ്പിച്ചത്.

ആഭ്യന്തര വിപണിയിൽ 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനുകളോടെയാവും ‘വൈ ആർ എ’ വിൽപ്പനയ്ക്കെത്തുകയെന്നാണു സൂചന. അതേസമയം രാജ്യാന്തര വിപണികളിൽ പുത്തൻ പെട്രോൾ എൻജിനുകളാവും കാറിനു കരുത്തേകുക. ‘കെ 10 സി’ എന്നു പേരിട്ട ഒരു ലീറ്റർ ഡയറക്ടർ ഇഞ്ചക്ഷൻ ടർബോ ചാർജ്ഡ് പെട്രോൾ, ‘കെ 12 സി’ എന്ന 1.2 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിവയും 1.4 ലീറ്റർ എൻജിനുമാണ് കാറിനായി വികസനഘട്ടത്തിലുള്ളത്.

നടപ്പു സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ഉൽപ്പാദനമായ അര ലക്ഷം യൂണിറ്റിൽ 10% മാത്രമാവും വിദേശത്തു വിൽക്കുക. എന്നാൽ 2016 — 17ൽ നിർമിക്കുന്ന 1.30 ലക്ഷം യൂണിറ്റിൽ 40 ശതമാനവും കയറ്റുമതിക്കു വേണ്ടിയാവുമെന്നാണു കണക്ക്.