ഭാവിയിൽ സുസുക്കിക്കുള്ള റോയൽറ്റി രൂപയിലാക്കാൻ മാരുതി

പുതിയ മോഡലുകൾക്കായി മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷനു(എസ് എം സി)മായി നടത്തുന്ന റോയൽറ്റി ഇടപാടുകൾ രൂപയിലാക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ഒരുങ്ങുന്നു. നിലവിൽ സുസുക്കിക്കുള്ള റോയൽറ്റി തുക മാരുതി ജാപ്പനീസ് കറൻസിയായ യെന്നിലാണു കൈമാറുന്നത്. അടുത്ത വർഷമാദ്യം പുറത്തെത്തുന്ന കോംപാക്ട് സ്പോർട്ട് യൂട്ടിലിറ്റി വാഹനം (എസ് യു വി) മുതലാവും രൂപ അടിസ്ഥാനത്തിലുള്ള റോയൽറ്റി ഇടപാടെന്നും മാരുതി സുസുക്കി അറിയിച്ചു.

ഈ നീക്കത്തിലൂടെ വിദേശ നാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടങ്ങളെ അതിജീവിക്കാനാവുമെന്നാണു മാരുതി സുസുക്കിയുടെ പ്രതീക്ഷ. യെൻ അടിസ്ഥാനമാക്കുമ്പോൾ മൊത്തം വിൽപ്പനയുടെ 5.6 മുതൽ ആറു ശതമാനം വരെയാണു മാരുതി റോയൽറ്റിയായി നൽകേണ്ടി വരുന്നത്. എന്നാൽ പ്രതിഫലം രൂപയിലാക്കുന്നതോടെ റോയൽറ്റി അഞ്ചു ശതമാനത്തോളമായി കുറയുമെന്നും മാരുതി സുസുക്കി കണക്കുകൂട്ടുന്നു. ഭാവിയിൽ റോയൽറ്റി സംബന്ധിച്ച എല്ലാ കരാറുകളും രൂപ അടിസ്ഥാമാക്കിയാവുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ സി ഭാർഗവ വ്യക്തമാക്കി. അടുത്ത വർഷം ആദ്യം പുറത്തെത്തുന്ന കോംപാക്ട് എസ് യു വി മുതലാവും പുതിയ വ്യവസ്ഥ നടപ്പാവുകയെന്നും അദ്ദേഹം അറിയിച്ചു.

വാഹന വികസനത്തിൽ മാരുതി നൽകിയ സംഭാവന അടിസ്ഥാനമാക്കി ഓരോ മോഡലിന്റെ റോയൽറ്റി നിരക്ക് വ്യത്യസ്തമാവുമെന്നും അദ്ദേഹം വിശദീകരിച്ചു. മാരുതിയുടെ സംഭാവന കൂടുതലെങ്കിൽ റോയൽറ്റി കുറവാകും. മറിച്ചു സുസുക്കിയുടെ സംഭാവനയാണു കൂടുതലെങ്കിൽ സ്വാഭാവികമായും റോയൽറ്റി നിരക്ക് ഉയരുമെന്നും ഭാർഗവ അറിയിച്ചു. കോംപാക്ട് എസ് യു വിയുടെ കാര്യത്തിൽ റോയൽറ്റി നാലു ശതമാനത്തോളമാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം പുതിയ മോഡലുകൾക്കു മാത്രമാവും രൂപ അടിസ്ഥാനമാക്കിയുള്ള റോയൽറ്റി നിർണയമെന്നും ഭാർഗവ വ്യക്തമാക്കി. ‘ഓൾട്ടോ 800’ മുതൽ പുതിയ ‘ബലേനൊ’ വരെ നിലവിലുള്ള മോഡലുകൾക്ക് പഴയ കരാറാണു ബാധകമെന്നതിനാൽ റോയൽറ്റി നിർണയവും യെന്നിൽ തുടരുമെന്ന് അദ്ദേഹം വിശദീകരിച്ചു. നിലവിലുള്ള മോഡലുകളുടെ റോയൽറ്റി വിഹിതം രൂപയിലേക്കു മാറ്റാൻ സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സുസുക്കിയുടെ സഹകരണത്തോടെയുള്ള മോഡൽ വികസന പദ്ധതികളിലെ സംഭാവന മെച്ചപ്പെടുത്താനായി മനേസാറിൽ എം എസ് ഐയ്ക്കുള്ള ഗവേഷണ, വികസന (ആർ ആൻഡ് ഡി) കേന്ദ്രം ശക്തിപ്പെടുത്തി വരികയാണെന്നും ഭാർഗവ അറിയിച്ചു. മാരുതിയിൽ നിന്നു സുസുക്കി ഈടാക്കുന്ന റോയൽറ്റി അമിതമാണെന്ന മട്ടിലുള്ള പ്രചാരണങ്ങളെ ഭാർഗവ നിരാകരിച്ചു. യന്ത്രഭാഗങ്ങളുടെ വില പോലെ വാഹന നിർമാണ ചെലവിനെ ബാധിക്കുന്ന വിവിധ ഘടകങ്ങളിലൊന്നു മാത്രമാണു റോയൽറ്റി. അതുകൊണ്ടുതന്നെ റോയൽറ്റി ചെലവിന് അമിത പ്രാധാന്യം നൽകുന്നതിൽ അർഥമില്ലെന്നാണു ഭാർഗവയുടെ നിലപാട്.