മാരുതി കാർ വാങ്ങാം ഫ്ലിപ്കാർട്ടിൽ നിന്ന്

ഓൺലൈന്‍ വിപണിയുടെ കാലമാണിത്, എന്തും ഏതും ഓൺലൈനായാണ് ആളുകൾ വാങ്ങുന്നത്. മാറ്റത്തിനൊപ്പം നീങ്ങുകയാണ് വാഹന വിപണിയും. ഇരുചക്രവാഹന നിർമ്മാതാക്കൾക്ക് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയും തങ്ങളുടെ വാഹനങ്ങളുടെ ബുക്കിംങും പർച്ചേസും ഫ്ളിപ്കാർട്ട് വഴി ആക്കിയിരിക്കുന്നു.

ഫ്ളിപ്കാർട്ട് മാരുതി കാറുകളുടെ ബുക്കിംഗ് സ്വീകരിക്കുമെങ്കിലും നിലവിൽ ഈ സൗകര്യം ബാംഗ്ളൂരിൽ മാത്രമായിരിക്കും ലഭ്യമാവുക. നെക്സ ഔട്ട്‌ലെറ്റുകൾ വഴി ലഭിക്കുന്ന പ്രിമീയം ഹാച്ചായ ബലേനോ ഒഴിച്ച് ബാക്കി എല്ലാ മാരുതി കാറുകളും ഇപ്പോൾ ഫ്ളിപ്കാർട്ടിൽ ലഭ്യമാണ്. പതിനായിരം രൂപയാണ് ഫ്ലിഫ്കാർട്ട് വഴി ബുക്ക് ചെയ്യുമ്പോൾ അഡ്വാൻസായി നൽകേണ്ടത്. ഫ്ളിപ്കാർട്ടിൽ ബുക്കിംഗ് കഴിഞ്ഞാലുടൻ അടുത്തുള്ള ഡീലർമാര്‍ കൂടുതൽ വിവരങ്ങൾക്കായി ഉപഭോക്താക്കളെ സമീപിക്കുന്നതായിരിക്കും.

അതിനൊപ്പം ടെസ്റ്റ് ഡ്രൈവും മറ്റുള്ള സജ്ജീകരണങ്ങളും ഡീലർമാർ ഒരുക്കി തരുന്നതാണ്. ഫ്ളിപ്കാർട്ടിന്റെ ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് സ്പെഷ്യൽ ഓഫറുകൾ ലഭിക്കും. കൂടാതെ വാഹനത്തിന്റെ ഡെലിവറി സമയത്ത് ഫ്ളിപ്കാർട്ട് എല്ലാ ആക്സറീസിനും പത്ത് ശതമാനം ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ എസ് യു വിയായ സ്കോർപ്പിയോ കമ്പനി സ്നാപ്ഡീൽ വഴി വിറ്റിരുന്നു. അതിന് ശേഷം ആദ്യമാണ് ഒരു കാർ നിർമ്മാതാക്കൾ ഓൺ‌ലൈനായി വാഹനങ്ങൾ വിൽക്കുന്നത്.