വീണ്ടും ഫിയറ്റിൽ നിന്ന് എൻജിൻ കടമെടുത്ത് മാരുതി

ഭാവി മോഡലുകൾക്ക് കരുത്തേറിയ ഡീസൽ എൻജിനുകൾ കണ്ടെത്താൻ മാരുതി സുസുക്കി ശ്രമം തുടങ്ങി. ഇറ്റാലിയൻ നിർമാതാക്കളായ ഫിയറ്റിൽ നിന്ന് 1.6 ലീറ്റർ ഡീസൽ എൻജിൻ കടമെടുക്കാനാണു കമ്പനി ആലോചിക്കുന്നത്. അടുത്തുതന്നെ പുറത്തെത്തുന്ന കോംപാക്ട് എസ് യു വിയായ ‘എസ് ക്രോസി’ൽ ഈ പുതിയ എൻജിനും അരങ്ങേറ്റം കുറിക്കുമെന്നാണു സൂചന. ഫിയറ്റിന്റെ ഈ കരുത്തേറിയ ഡീസൽ എൻജിൻ ഇതുവരെ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ലെന്ന പുതുമയുമുണ്ട്.

പിന്നാലെ സെഡാനായ ‘സിയാസി’നു കരുത്തേകാനും ഈ 1.6 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കും. നിലവിൽ ഫിയറ്റിൽ നിന്നു ലൈസൻസ് വ്യവസ്ഥയിൽ നിർമിക്കുന്ന 1.3 ലീറ്റർ ഡീസൽ എൻജിനാണു ‘സിയാസി’ലുള്ളത്. അതുകൊണ്ടുതന്നെ കാറിന് വേണ്ടത്ര കരുത്തില്ലെന്ന ആക്ഷേപവും ശക്തമാണെന്നു മാരുതി സുസുക്കി തിരിച്ചറിയുന്നു. ‘സിയാസി’നു പുറമെ ‘സ്വിഫ്റ്റ്’, ‘സ്വിഫ്റ്റ് ഡിസയർ’, ‘റിറ്റ്സ്’ തുടങ്ങിയ മോഡലുകളിലും മാരുതി ഇതേ ഡീസൽ എൻജിൻ ഉപയോഗിക്കുന്നുണ്ട്. മാരുതിക്കു പുറമെ വ്യത്യസ്ത പേരുകളോടെ ടാറ്റ മോട്ടോഴ്സും ഫിയറ്റും ഇതേ 1.3 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിൻ വിവിധ മോഡലുകളിൽ ഘടിപ്പിക്കുന്നുണ്ട്.

അതേസമയം കരുത്തുറ്റ ഡീസൽ എൻജിൻ ഇല്ലെന്ന പോരായ്മ താൽക്കാലികമായി മറികടക്കാൻ മാത്രമാണു മാരുതി സുസുക്കി ഫിയറ്റ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതെന്നാണു സൂചന. സ്വന്തം നിലയിൽ 1.5 ലീറ്റർ ഡീസൽ എൻജിൻ വികസിപ്പിക്കാൻ മാരുതി സുസുക്കി ശ്രമിക്കുന്നുണ്ട്. രണ്ടു വർഷത്തിനകം ഈ എൻജിൻ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിനു ലഭ്യമാവുമെന്നാണു പ്രതീക്ഷ. അതിനിടെ ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ശാലയിൽ മാരുതി സുസുക്കി പുതുമോഡലായ ‘എസ് ക്രോസി’ന്റെ നിർമാണം ആരംഭിച്ചതായി വാർത്തയുണ്ട്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ അരങ്ങേറ്റത്തിനൊരുങ്ങുന്ന കാറിന്റെ വിലയടക്കമുള്ള കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാവുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ ആഴ്ച മലേഷ്യയിൽ നടന്ന ‘ഐഫ’ ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ‘എസ് ക്രോസ്’ ഔപചാരികമായി അനാവരണവും ചെയ്തിരുന്നു.

മാരുതി സുസുക്കിയുടെ സ്ഥിരം ശൈലിയിൽ ‘വി എക്സ് ഐ’, ‘വി ഡി ഐ’, ‘സെഡ് എക്സ് ഐ’, ‘സെഡ് ഡി ഐ വകഭേദങ്ങളിൽ ‘എസ് ക്രോസ്’ വിൽപ്പനയ്ക്കുണ്ടാവുമെന്നാണു പ്രതീക്ഷ. മിക്കവാറും എട്ടു ലക്ഷം രൂപ മുതലാവും ‘എസ് ക്രോസി’ന്റെ വകഭേദങ്ങളുടെ വിലയെന്നാണു വിപണി വിദഗ്ധരുടെ വിലയിരുത്തൽ.