മാരുതി സുസുക്കി വിറ്റാര ബ്രെസ മാർച്ച് 21ന് എത്തും

Vitara Brezza

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി അനാവരണം ചെയ്ത പ്രീമിയം കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രെസ’യുടെ ഔപചാരിക അരങ്ങേറ്റം മാർച്ച് 21ന്. എക്സ്പോ സന്ദർശകരിൽ നിന്നു ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ നേടിയ പോലുള്ള വിജയം ‘വിറ്റാര ബ്രെസ’യും സ്വന്തമാക്കുന്ന പ്രതീക്ഷയിലാണ് മാരുതി സുസുക്കി. ‘എസ് ക്രോസി’ലൂടെ കോംപാക്ട് എസ് യു വി വിപണിയിൽ പ്രവേശനം നേടിയ മാരുതി സുസുക്കി ‘വിറ്റാര ബ്രെസ’യിലൂടെ പ്രീമിയം കോംപാക്ട് എസ് യു വി വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.

Vitara Brezza

തുടക്കത്തിൽ ഡീസൽ എൻജിനോടെയാവും ‘വിറ്റാര ബ്രേസ’ വിൽപ്പനയ്ക്കെത്തുക; ഡീസൽ എസ് യു വികൾ നിരത്തുവാണിരുന്ന 2012 കാലത്താണ് ‘വിറ്റാര ബ്രെസ’യുടെ വികസന പരിപാടി ആരംഭിച്ചത് എന്നതാവണം ഈ തീരുമാനത്തിനു പിന്നിൽ. ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’നു കരുത്തേകുന്ന 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിൻ തന്നെയാവും ‘വിറ്റാര ബ്രെസ’യിലും ഇടംപിടിക്കുക. ഫിയറ്റിൽ നിന്നുള്ള ഈ മൾട്ടിജെറ്റ് എൻജിൻ ലൈസൻസ് വ്യവസ്ഥയിലാണു മാരുതി സുസുക്കി നിർമിച്ച് ഉപയോഗിക്കുന്നത്. പരമാവധി 88 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്.

Vitara Brezza

അതേസമയം കയറ്റുമതി ലക്ഷ്യമിട്ടു പെട്രോൾ എൻജിനുള്ള ‘വിറ്റാര ബ്രെസ’യും മാരുതി സുസുക്കി ഉൽപ്പാദിപ്പിക്കും. പ്രധാനമായും ഇന്തൊനീഷൻ വിപണി ലക്ഷ്യമിട്ടുള്ള ഈ കോംപാക്ട് എസ് യു വിക്കു കരുത്തേകുക 1.5 ലീറ്റർ, എം സീരീസ് പെട്രോൾ എൻജിനാവും. നാലു വകഭേദങ്ങളിലാണു ഡീസൽ എൻജിനുള്ള ‘വിറ്റാര ബ്രെസ’ വിപണിയിലുണ്ടാവുക: എൽ ഡി ഐ, വി ഡി ഐ, സെഡ് ഡി ഐ, സെഡ് ഡി ഐ പ്ലസ് എന്നിവ. ആഭ്യന്തര വിപണിയിൽ പ്രതിമാസം 10,000 യൂണിറ്റിന്റെ വിൽപ്പനയാണ് ‘വിറ്റാര ബ്രെസ’യിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത മാസം മുതൽ സാധാരണ ഡീലർഷിപ്പുകൾ വഴി തന്നെ ‘വിറ്റാര ബ്രെസ’ രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തിക്കാനാണു മാരുതി സുസുക്കി തയാറെടുക്കുന്നത്. മഹീന്ദ്രയുടെ ‘ടി യു വി 300’, ഫോഡ് ‘ഇകോ സ്പോർട്’ എന്നിവയ്ക്കൊപ്പം ഹ്യുണ്ടേയിയുടെ ‘ക്രേറ്റ’യെയും കൂടി നേരിടാൻ ലക്ഷ്യമിട്ടാണു മാരുതി സുസുക്കി ‘വിറ്റാര ബ്രെസ’യെ പടയ്ക്കിറക്കുന്നത്. കൃത്യമായ സൂചനകളില്ലെങ്കിലും 6.30 മുതൽ ഒൻപതു ലക്ഷം രൂപ വരെയാവും വിലയെന്നാണു വിപണിയുടെ പ്രതീക്ഷ.