മസെരാട്ടിയുടെ എസ് യു വി അടുത്ത വർഷം മാത്രം

ഇക്കൊല്ലത്തെ വാഹന വിൽപ്പനയിൽ കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടി. സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ലെവാന്റെ’യുടെ നിർമാണം അടുത്ത ഫെബ്രുവരിയിലേക്കു നീണ്ടതാണ് വിൽപ്പന അരലക്ഷം യൂണിറ്റിലെത്തിക്കാനുള്ള കമ്പനിയുടെ മോഹത്തിനു തിരിച്ചടിയായത്. കഴിഞ്ഞ വർഷം 36,448 കാറുകൾ വിറ്റ മസെരാട്ടി ഇക്കൊല്ലം വിൽപ്പന അര ലക്ഷത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നെന്നും ബ്രാൻഡ് മേധാവി ഹരാൾഡ് വെസ്റ്റർ വെളിപ്പെടുത്തി.

അടുത്ത മാർച്ചിൽ നടക്കുന്ന ജനീവ ഓട്ടോ ഷോയിലാവും മസെരാട്ടിയുടെ ആദ്യ എസ് യു വിയായ ‘ലെവാന്റെ’യുടെ അരങ്ങേറ്റം. പിന്നാലെ എസ് യു വിയുടെ വിൽപ്പനയ്ക്കും തുടക്കമാവും. വൻ വിപണന സാധ്യതയാണ് ‘ലെവാന്റെ’ സമ്മാനിക്കുന്നതെന്നും ഇതു പ്രയോജനപ്പെടുത്തുന്നതിനെ ആശ്രയിച്ചാവും കമ്പനിയുടെ വിൽപ്പന അരലക്ഷത്തിലെത്തുന്നതെന്നും വെസ്റ്റർ വിശദീകരിച്ചു.

‘ലെവാന്റെ’യ്ക്കു പിന്നാലെ വരുന്ന രണ്ടു വർഷത്തിനിടെ രണ്ടു സീറ്റുള്ള ‘അൽഫിയേരി’യും ‘ഗ്രാൻ ടുറിസ്മൊ’ സെഡാന്റെ പുതുവകഭേദവുമൊക്കെ അവതരിപ്പിക്കാൻ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസി(എഫ് സി എ)ന്റെ ഉടമസ്ഥതയിലുള്ള മസെരാട്ടി തയാറെടുക്കുന്നുണ്ട്. ഇത്തരം പുതു അവതരണങ്ങളുടെ പിൻബലത്തിൽ 2018ൽ മൊത്തം വിൽപ്പന 75,000 യൂണിറ്റിലെത്തിക്കാനാണു കമ്പനിയുടെ മോഹം. നിലവിൽ നാലു വാതിലുള്ള ‘ഗ്രാൻ ടുറിസ്മൊ’ സെഡാനും രണ്ടു ഡോറുള്ള ‘ക്വട്രൊപോർട്ടെ’ കൂപ്പെയും കോംപാക്ട് വിഭാഗത്തിൽപെട്ട ‘ഖിബ്ലി’യുമാണു മസെരാട്ടി വിൽക്കുന്നത്.

ആഡംബര വിഭാഗത്തിലെ സ്പോർട് യൂട്ടിലിറ്റി വാഹന വിപണിയിലേക്കു താരതമ്യേന വൈകിയാണു മസെരാട്ടി പ്രവർത്തനം വ്യാപിപ്പിക്കുന്നത്. പ്രധാന എതിരാളികളെല്ലാം ഫ്രാങ്ക്ഫുർട്ടിൽ തന്നെ പുത്തൻ എസ് യു വികൾ അനാവരണം ചെയ്തപ്പോൾ മസെരാട്ടിയുടെ പോരാളിയുടെ അരങ്ങേറ്റം ജനീവയോളം വൈകുമെന്നതാണു സ്ഥിതി. എങ്കിലും ഇറ്റാലിയൻ രൂപകൽപ്പനയുടെ മികവും ഫെറാരി എൻജിന്റെ കരുത്തുമായി എത്തുന്ന ‘ലെവാന്റെ’യ്ക്കായി വിപണി കാത്തിരിക്കുമെന്നാണു വെസ്റ്ററുടെ അവകാശവാദം.

അതിനിടെ വാഹന വിൽപ്പനയിൽ ഗണ്യമായ വർധന കൈവരിക്കാൻ ഫിയറ്റ ക്രൈസ്ലർ തയാറാക്കുന്ന പദ്ധതികളിലും മസെരാട്ടിക്കു നിർണായക പങ്കുണ്ട്. ജീപ്പിനും ആൽഫ റോമിയോയ്ക്കുമൊപ്പം മസെരാട്ടി കൂടി സജീവമായാൽ മാത്രമേ 2018ൽ 70 ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുകയെന്ന എഫ് സി എയുടെ മോഹം സാധ്യമാവൂ. കഴിഞ്ഞ വർഷം ആകെ 46 ലക്ഷം യൂണിറ്റായിരുന്നു എഫ് സി എ വിറ്റത്.