അലൊൻസോ നോട്ടമുണ്ടെന്നു മെഴ്സീഡിസ്

Alonso

മക്ലാരന്റെ സ്പാനിഷ് ഡ്രൈവർ ഫെർണാണ്ടൊ അലൊൻസോയെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നുണ്ടെന്നു ലോക ചാംപ്യൻമാരായ മെഴ്സീഡിസ് എ എം ജി പെട്രോണാസ് ഫോർമുല വൺ ടീം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2016 സീസണിൽ ഡ്രൈവേഴ്സ് ചാംപ്യൻഷിപ് നേടിയ പിന്നാലെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ ജർമൻ ഡ്രൈവർ നികൊ റോസ്ബർഗിനു പകരക്കാരനായി അലൊൻസോയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന കാര്യം മെഴ്സീഡിസ് എക്സിക്യൂട്ടീവ് ഡയറക്ടർ ടോട്ടോ വുൾഫാണു വെളിപ്പെടുത്തിയത്. (ഇപ്പോഴത്തെ സാഹചര്യത്തിൽ) ഫെർണാണ്ടൊയെ പരിഗണിക്കുക തന്നെ വേണമെന്നായിരുന്നു സ്കൈ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ വുൾഫിന്റെ പ്രതികരണം.

തനിക്ക് ഏറെ ബഹുമാനമുള്ള എഫ് വൺ ഡ്രൈവറാണ് അലൊൻസൊയെന്നും അദ്ദേഹം വ്യക്തമാക്കി. അലൊൻസോയിൽ പ്രതിഭയും വേഗവും പരിചയസമ്പത്തുമൊക്കെ സമന്വയിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു സീസണായി ഫോർമുല വൺ നിർമാതാക്കളുടെ ചാംപ്യൻഷിപ് മെഴ്സീഡിസിന്റെ പക്കലാണ്. മെഴ്സീഡിസിനൊപ്പം രണ്ടു തവണയടക്കം മൊത്തം മൂന്നു ലോക ചാംപ്യൻഷിപ് നേടിയ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽറ്റന്റെ സഹ ഡ്രൈവറെയാണു മെഴ്സീഡിസ് ഇപ്പോൾ തേടുന്നത്. അബുദാബി ഗ്രാൻപ്രിയിൽ പൊരുതി നേടിയ രണ്ടാം സ്ഥാനത്തോടെ ഡ്രൈവേഴ്സ് ചാംപ്യൻഷിപ് സ്വന്തമാക്കി അഞ്ചാം നാളിലായിരുന്നു റോസ്ബർഗ്(31) നാടകീയമായി കളിക്കളം വിട്ടത്.

റെനോയ്ക്കൊപ്പം 2005ലും 2006ലും ഡ്രൈവേഴ്സ് ചാംപ്യൻഷിപ് നേടിയ താരമാണ് അലൊൻസോ(35). തുടർന്നു 2007ൽ മക്ലാരനായി മത്സരിക്കുമ്പോൾ സഹഡ്രൈവറായിരുന്ന ഹാമിൽറ്റനുമായി അലൊൻസോയുടെ ബന്ധം സുഖകരവുമായിരുന്നില്ല. നിലവിൽ മക്ലാരൻ ഹോണ്ടയ്ക്കായി മത്സരിക്കുന്ന അലൊൻസൊയെ കരാറിൽ നിന്നു മോചിപ്പിച്ചെടുക്കുക എളുപ്പമാവില്ലെന്നു വുൾഫും അംഗീകരിക്കുന്നു. അതുകൊണഅടുതന്നെ മെഴ്സീഡിസ് ടെസ്റ്റ് ഡ്രൈവറായിരുന്ന പാസ്കർ വെർലീൻ(22) റോസ്ബർഗിന്റെ പകരക്കാരനാവാനുള്ള സാധ്യതയേറുകയാണ്. മെഴ്സീഡിസ് എൻജിൻ ഉപയോഗിക്കുന്ന മാനർ റേസിങ്ങിനു വേണ്ടിയാണു 2016 സീസണിൽ വെർലീൻ മത്സരിച്ചത്.