‘ജി ക്ലാസി’ന്റെ വാർഷികോൽപ്പാദനം ആദ്യമായി 20,000 യൂണിറ്റിൽ

G Wagon

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസിന്റെ ‘ജി ക്ലാസ്’ ഉൽപ്പാദനം ഇക്കൊല്ലം 20,000 യൂണിറ്റിലെത്തി. ഓസ്ട്രിയയിലെ ഗ്രാസ് ശാലയിൽ മാഗ്ന സ്റ്റെയർ അസംബ്ലി ലൈനിൽ നിന്നു പുറത്തെത്തിയ വെള്ള, മെഴ്സിഡീസ് എ എം ജി ജി 63’ ആണ് ഉൽപ്പാദനം 20,000 യൂണിറ്റ് തികച്ചത്.

ഇതാദ്യമായാണു ‘ജി ക്ലാസി’ന്റെ വാർഷിക ഉൽപ്പാദനം 20,000 യൂണിറ്റ് പിന്നിടുന്നതെന്നു മെഴ്സിഡീസ് ബെൻസ് അറിയിച്ചു.ഓഫ് റോഡ് പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ‘ജി ക്ലാസി’ന്റെ വേറിട്ട വ്യക്തിത്വവും സാങ്കേതിക മേന്മയുമാണ് ഉൽപ്പാദനത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചതെന്ന് മെഴ്സിഡീസ് ബെൻസ് ഓഫ് റോഡ് പ്രോഡക്ട് ഗ്രൂപ് മേധാവി ഡോ ഗണ്ണർ ഗതങ്കെ അഭിപ്രായപ്പെട്ടു. ഓഫ് റോഡ് പ്രകടനക്ഷമതയിൽ തെല്ലും വിട്ടുവീഴ്ച ചെയ്യാതെയാണ് ഇപ്പോഴും ‘ജി ക്ലാസ്’ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റ വർഷത്തിനിടെ 20,000 ‘ജി ക്ലാസ്’ ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞതു വാഹനത്തിന്റെ ഗുണമേന്മയുടെ കൂടി സാക്ഷ്യപത്രമാണ്. 37 വർഷം മുമ്പ് ഉൽപ്പാദനം ആരംഭിച്ച മോഡലിന്റെ ഗുണനിലവാരം സ്ഥിരമായി നിലനിർത്താനാവുന്നതു പ്ലാന്റ് ജീവനക്കാരുടെ കൂടി മികവാണെന്നും അദ്ദേഹം വിലയിരുത്തി.മെഴ്സിഡീസ് ബെൻസിനായി ഗ്രാസ് മാഗ്ന സ്റ്റെയർ അസംബ്ലി ലൈനിൽ 1979 മുതലാണു ‘ജി ക്ലാസ്’ ഉൽപ്പാദിപ്പിക്കുന്നത്. ഇതു വരെ കാൽ ലക്ഷത്തോളം ‘ജി ക്ലാസ്’ ആണ് ഈ ശാലയിൽ നിന്നു വിവിധ വിപണികളിലായി വിൽപ്പനയ്ക്കെത്തിയത്.