റെക്കോർഡ് വിൽപ്പന തിളക്കത്തോടെ മെഴ്സീഡിസ് ബെൻസ്

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിനു കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ വിപണിയിൽ റെക്കോർഡ് വിൽപ്പന. 2014 — 15നെ അപേക്ഷിച്ച് 20.91% വർധനയോടെ 13,558 യൂണിറ്റിന്റെ വിൽപ്പനയോടെയാണു കമ്പനി ചരിത്രം രചിച്ചത്. 2014 — 15ൽ വിറ്റ 11,213 യൂണിറ്റായിരുന്നു കമ്പനിയുടെ ഇതുവരെയുള്ള വാർഷിക വിൽപ്പന റെക്കോർഡ്. കൂടാതെ കഴിഞ്ഞ ജനുവരി — മാർച്ച് കാലത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന ത്രൈമാസ വിൽപ്പന രേഖപ്പെടുത്താനും മെഴ്സീഡിസ് ബെൻസ് ഇന്ത്യയ്ക്കു കഴിഞ്ഞു. 2015 ജനുവരി — മാർച്ച് കാലത്ത് 3,566 യൂണിറ്റ് വിറ്റത് കഴിഞ്ഞ മൂന്നു മാസക്കാലത്ത് 3,622 യൂണിറ്റായാണ് ഉയർന്നത്: 1.6% വർധന.

തന്ത്രപ്രധാനമായ ഡൽഹി — എൻ സി ആർ മേഖലയിൽ രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുള്ള കാറുകൾക്ക് നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിൽപ്പനയിലെ ഈ വർധനയെന്നത് ശ്രദ്ധേയമാണെന്നു കമ്പനി കരുതുന്നു. ഈ വിലക്കിനു പുറമെ കേന്ദ്ര ബജറ്റ് നിരാശപ്പെടുത്തിയതും തുടർച്ചയായ വില വർധനയുമൊക്കെ വാഹന വിൽപ്പനയ്ക്കുള്ള പ്രതികൂല ഘടകങ്ങളായി മെഴ്സീഡിസ് ബെൻസ് വിലയിരുത്തുന്നു. സുപ്രധാന നേട്ടമാണു കമ്പനി ഇന്ത്യയിൽ കൈവരിച്ചതെന്നു മെഴ്സീഡിസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോളണ്ട് ഫോൾജർ അഭിപ്രായപ്പെട്ടു. വിപണി സാഹചര്യങ്ങൾ തീർത്തും പ്രതികൂലമായിട്ടും കഴിഞ്ഞ പാദത്തിൽ വിൽപ്പന വർധിപ്പാൻ കഴിഞ്ഞതും ശ്രദ്ധേയ നേട്ടമായി അദ്ദേഹം വിലയിരുത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ മികച്ച വിൽപ്പന വളർച്ച കൈവരിച്ചാണു കമ്പനി ഡൽഹി — എൻ സി ആർ മേഖലയിലെ വിലക്കിനെ അതിജീവിച്ചതെന്നും ഫോൾജർ വിശദീകരിച്ചു.

രാജ്യത്തെ വിപണന ശൃംഖല വിപുലീകരിച്ചതും മികച്ച വിൽപ്പന നേടാൻ മെഴ്സീഡിസ് ബെൻസിനെ സഹായിച്ചിട്ടുണ്ട്. പരമ്പരാഗതമായി മെഴ്സീഡിസ് ബെൻസ് തിരഞ്ഞെടുക്കാത്ത വിഭാഗം ഉപയോക്താക്കളും ഇപ്പോൾ കമ്പനിയുടെ മോഡലുകൾ തേടിയെത്തുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയിലെത്തി രണ്ടു ദശാബ്ദം പിന്നിടുന്ന ‘ഇ ക്ലാസി’ന്റെ പിൻബലത്തിലാണു മെഴ്സീഡിസ് ബെൻസ് ജനുവരി — മാർച്ച് കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചത്. എൻട്രി ലവൽ മോഡലായ ‘സി ക്ലാസും’ മികച്ച വിൽപ്പന കൈവരിക്കുന്നുണ്ട്.