മെഴ്സീഡിസ് ബെൻസ് ആർ ആൻഡ് ഡി കേന്ദ്രം ബെംഗളൂരുവിലും

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യയിലെ ഗവേഷണ, വികസന(ആർ ആൻഡ് ഡി) വിഭാഗം വിപുലീകരിച്ചു. ബെംഗളൂരുവിലാണു മെഴ്സീഡിസ് ബെൻസിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ആർ ആൻഡ് ഡി കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. വൈറ്റ്ഫീൽഡിൽ മെഴ്സീഡിസ് ബെൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഇന്ത്യ (എം ബി ആർ ഡി ഐ) ആസ്ഥാനത്തോടു ചേർന്ന് 1,19,227 ചതുരശ്ര അടി വിസ്തീർണത്തിലാണു പുതിയ കേന്ദ്രം പ്രവർത്തിക്കുക. തൊള്ളായിരത്തോളം ജീവനക്കാരാണു പുതിയ കേന്ദ്രത്തിലുണ്ടാവുകയെന്നാണു പ്രതീക്ഷ. ഇതോടൊപ്പം പുണെയ്ക്കടുത്ത് ഹിഞ്ചെവാഡിയിലുള്ള ഉപഗ്രഹകേന്ദ്രം മെഴ്സീഡിസ് ബെൻസ് വിപുലീകരിച്ചിട്ടുമുണ്ട്. കേന്ദ്രത്തിന് 23,318 ചതുരശ്ര അടി സ്ഥലം കൂടി ലഭ്യമാക്കി 203 സീറ്റുകൾ വർധിപ്പിക്കാനാണു കമ്പനി തീരുമാനിച്ചത്. ഇതോടെ പുണെ കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം 600 ആയി ഉയരും.

ഡിജിറ്റൽ രംഗത്തു കമ്പനിയുടെ പരിവർത്തനം പൂർണതോതിൽ പുരോഗമിക്കുകയാണെന്ന് മെഴ്സിഡീസ് ബെൻസ് കാഴ്സ് ഡവലപ്മെന്റ് വൈസ് പ്രസിഡന്റും(ബോഡി ആൻഡ് സേഫ്റ്റി) എം ബി ആർ ഡി ഐ ആക്ടിങ് ചെയർമാനുമായ തോമസ് മെർകർ അഭിപ്രായപ്പെട്ടു. ഡെയ്മ്ലറിന്റെ വിവിധ മേഖലാ കേന്ദ്രങ്ങളെ എം ബി ആർ ഡി ഐ നിലവിൽ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡിജിറ്റൽ തലത്തിലുള്ള മോഡൽ വികസനത്തിൽ നിർണായക മേഖലകളിൽ കമ്പനി ഇപ്പോൾ സംഭാവന നൽകുന്നുണ്ടെന്ന് എ ബി ആർ ഡി ഐ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മനു സാലെ അറിയിച്ചു. ജീവനക്കാർക്ക് ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവും സംവിധാനങ്ങളും ലഭ്യമാക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.