പെട്രോളിനും ഡീസലിനും പകരം മെഥനോൾ ഇന്ധനമാക്കാൻ ശുപാർശ

ന്യൂഡൽഹി ∙ രാജ്യത്തു പെട്രോളിനും ഡീസലിനും പകരം മെഥനോൾ ഇന്ധനമാക്കാൻ കഴിഞ്ഞേക്കുമെന്നു വിദഗ്ധർ. ഇക്കാര്യത്തിൽ അടിയന്തര ഗവേഷണ, വികസന പദ്ധതിക‌ളുണ്ടാവണമെന്നു നിതി ആയോഗ് തയാറാക്കിയ റിപ്പോർട്ട് ശുപാർശ ചെയ്തു.‘മരത്തിന്റെ മദ്യ’മെന്നു പേരുള്ള മെഥനോൾ കാര്യക്ഷമമായി ഉൽപാദിപ്പിച്ചാൽ പെട്രോളിയം ഇറക്കുമതി ഉപേക്ഷിക്കാനാവുമെന്ന വാദമാണു ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മുന്നോട്ടുവയ്ക്കുന്നത്. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ആശയത്തെ പിന്താങ്ങുന്നു.

ചൈന മെഥനോൾ കലർത്തിയ ഇന്ധനം വ്യാപകമായി ഉപയോഗിക്കുന്നു. ഇന്ത്യയിലും മെഥനോൾ മിശ്രിത ഇന്ധനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്.

കാർഷികമാലിന്യത്തിൽനിന്നു മെഥനോൾ വേർതിരിച്ചെടുത്തു പെട്രോളുമായി കലർത്തി ഉപയോഗിക്കാം. വാഹന എൻജിനുകൾ പരിഷ്കരിച്ചാൽ മിശ്രിതത്തിൽ 85% വരെ മെഥനോൾ ചേർക്കാനാവും. രാജ്യത്തു ദിവസവും കോടിക്കണക്കിനു ടൺ കാർഷികമാലിന്യമാണുണ്ടാകുന്നത്. പെട്രോളിയത്തിനും പ്രകൃതിവാതകത്തിനും പകരമായി മെഥനോൾ ഉപയോഗിക്കാനാവുമെന്നു നിതി ആയോഗ് അംഗമായ വി.കെ.സാരസ്വത് പറയുന്നു. എന്നാൽ, മെഥനോൾ വൻതോതിൽ സംസ്കരിച്ചെടുക്കാനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ രാജ്യത്തില്ല. പരീക്ഷണപദ്ധതികൾ നടപ്പാക്കാൻ സർക്കാർ മുൻകയ്യെടുക്കേണ്ടി വരും.