ഇന്ത്യയെപ്പറ്റി പുതുപാഠം പഠിച്ചു ഫോക്സ്‍വാഗൻ

ഇന്ത്യൻ വിപണിയിൽ കടുത്ത മത്സരമുള്ള വിഭാഗങ്ങളിലേക്കു കടക്കാനില്ലെന്നു ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൻ. പകരം ഓരോ വർഷവും കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള പുത്തൻ മോഡലുകൾ അവതരിപ്പിച്ചു വിപണിയുടെ ശ്രദ്ധ കവരാനും ഇന്ത്യയിൽ നിർമിക്കുന്ന കാറുകളിൽ പ്രാദേശികമായി സമാഹരിച്ച യന്ത്രഭാഗങ്ങളുടെ വിഹിതം ഉയർത്താനുമാണു കമ്പനിയുടെ പദ്ധതി. ദശാബ്ദത്തിലേറെയായി ഇന്ത്യയിൽ സാന്നിധ്യമുള്ള ഫോക്സ്വാഗൻ ഇക്കാലത്തിനിടെ നേടിയ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണു പുത്തൻ ദിശാനിർണയം നടത്തുന്നത്. വ്യാപക വിൽപ്പനയ്ക്കു പകരം ഇന്ത്യൻ വിപണിയിൽ ന്യായവിലയ്ക്കു ലഭ്യമാവുന്ന പ്രീമിയം ബ്രാൻഡ് എന്ന വേറിട്ട പ്രതിച്ഛായ സ്വന്തമാക്കുകയാണു ഫോക്സ്‍വാഗന്റെ ലക്ഷ്യം.

ഇന്ത്യയിലെത്തി 10 വർഷം പിന്നിടുമ്പോഴും ഈ വിപണിയെക്കുറിച്ചുള്ള പഠനം ഇപ്പോഴും തുടരുകയാണെന്നു ഫോക്സ്‍വാഗൻ ഗ്രൂപ് സെയിൽസ് ഇന്ത്യ ഡയറക്ടർ(ഫോക്സ്‍വാഗൻ പാസഞ്ചർ കാഴ്സ്) മൈക്കൽ മേയർ അഭിപ്രായപ്പെട്ടു. ‘വെന്റോ’യും ‘പോളോ’യുമായി ഇന്ത്യയിലെ പ്രയാണം തുടങ്ങിയ ഘട്ടത്തിൽ സ്വീകരിച്ച നിഗമനങ്ങൾ പലതും പൂർണമായും ശരിയായിരുന്നില്ലെന്നും കാലം പഠിപ്പിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി. മികച്ച വളർച്ചയാണ് ഇന്ത്യൻ വിപണിയിൽ ഫോക്സ്‍വാഗൻ മോഹിച്ചത്; എന്നാൽ 2011 — 13 കാലത്തു നേരിട്ട തുടർച്ചയായ തിരിച്ചടി കമ്പനിയുടെ ആവേശം തണുപ്പിച്ചതായു അദ്ദേഹം അംഗീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളെന്നും യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളെന്നുമൊക്കെയുള്ള വിശേഷണങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ ഫോക്സ്‍വാഗൻ ബ്രാൻഡിന്റെ പ്രകടനത്തെയോ സ്വീകാര്യതയെ തുണയ്ക്കണമെന്നില്ലെന്നു മേയർ ഓർമിപ്പിച്ചു. സ്വന്തം ഘടനയും സവിശേഷതകളുമുള്ള പ്രത്യേക വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതുമയാണ് ഇന്ത്യൻ ഉപയോക്താക്കളെ ആകർഷിക്കാൻ പോന്ന പ്രധാന ഘടകം. ഉൽപന്നങ്ങളിൽ നിരന്തര മാറ്റം വരുത്തി കഴിഞ്ഞ വർഷത്തെ മോഡലിനെ അപേക്ഷിച്ച് ഇക്കൊല്ലം അവതരിപ്പിച്ചതു വാങ്ങാനുള്ള കാരണം ബോധ്യമാക്കാതെ ഈ വിപണിയിൽ പിടിച്ചുനിൽക്കാനാവില്ല. അതുകൊണ്ടുതന്നെ കാറുകളിൽ വരുത്തുന്ന മാറ്റങ്ങൾ ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന പ്രധാന തത്വം ഇന്ത്യ തന്നെ പഠിപ്പിച്ചതായി മേയർ വെളിപ്പെടുത്തി. റിയർവ്യൂ കാമറ, ഓട്ടോ ഡിമ്മിങ് മിറർ, ഓട്ടമാറ്റിക് ഗീയർബോക്സ് തുടങ്ങി കോംപാക്ട് സെഡാനിൽ ഇന്ത്യക്കാർ ആഗ്രഹിച്ചതൊക്കെ നൽകിയാണ് ഭാവി ഉപയോക്താക്കളെ കമ്പനി ‘അമിയൊ’യിലേക്ക് ആകർഷിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. വിലയുടെ കാര്യത്തിൽ ഇന്ത്യൻ വിപണിയിൽ അഭിമുഖീകരിക്കുന്ന കടുത്ത മത്സരം അതിജീവിക്കാൻ പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളുടെ വിഹിതം ഉയർത്തുകയല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.