എം ആർ എഫിന്റെ പുതിയ ടയർ നിർമാണശാല ഗുജറാത്തിൽ

ഫോഡ്, മാരുതി സുസുക്കി, ഹോണ്ട തുടങ്ങിയ കാർ നിർമാതാക്കൾക്കു പിന്നാലെ ടയർ കമ്പനികളും പുതിയ ഫാക്ടറികളുമായി ഗുജറാത്തിലേക്ക്. പുതിയ ടയർ നിർമാണശാല സ്ഥാപിക്കാൻ എം ആർ എഫാണു ഗുജറാത്തിനെ പരിഗണിക്കുന്നത്; എതിരാളികളായ സിയറ്റിന്റെയും അപ്പോളൊ ടയേഴ്സിന്റെയും പാത പിന്തുടർന്നാണു കമ്പനി സംസ്ഥാനത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പദ്ധതി സംബന്ധിച്ചു ഗുജറാത്ത് സർക്കാരുമായുള്ള ചർച്ചകളിൽ ഗണ്യമായ പുരോഗതി കൈവന്നതോടെ എം ആർ എഫിന്റെ പുതിയ ശാല ഗുജറാത്തിലാവുമെന്ന് എറെക്കുറെ ഉറപ്പായിട്ടുണ്ട്. നിലവിൽ ടയർ നിർമാണശാല സ്ഥാപിക്കേണ്ട സ്ഥലത്തെക്കുറിച്ചാണു ചർച്ചകൾ നടക്കുന്നത്. മിക്കവാറും ബറൂച്ചിലാവും എ ആർ എഫിന്റെ പുതിയ പ്ലാന്റ് സ്ഥാപിതമാവുകയെന്നാണു സൂചന. പ്രതിമാസം 10 ലക്ഷം ടയർ നിർമിക്കാൻ ശേഷിയുള്ള ശാലയ്ക്കായി എം ആർ എഫ് 4,000 കോടിയോളം രൂപയാണ് നിക്ഷേപിക്കുക. എന്നാൽ പുതിയ ഫാക്ടറി സംബന്ധിച്ച വിശദാംശങ്ങൾ എം ആർ എഫ് വെളിപ്പെടുത്തിയിട്ടില്ല.

ഉൽപ്പാദനശേഷി ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എം ആർ എഫ് പുതിയ നിർമാണശാല സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയത്. നിർദിഷ്ട ശാലയ്ക്കായി 400 ഹെക്ടർ സ്ഥലമാണു കമ്പനി തേടുന്നത്. സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കുന്നതിനു പകരം ഗുജറാത്ത് വ്യവസായ വികസന കോർപറേഷൻ(ജി ഐ ഡി സി) വഴി സ്ഥലം സ്വന്തമാക്കാനാണ് എം ആർ എഫിന്റെ ശ്രമം. പുതിയ ശാലയ്ക്കു പുറമെ തമിഴ്നാട്ടിലെ മൂന്നു ഫാക്ടറികളുടെ ഉൽപ്പാദനശേഷി വർധിപ്പിക്കാനും എം ആർ എഫ് തീരുമാനിച്ചിട്ടുണ്ട്; 4,500 കോടി രൂപയുടെ വികസന പദ്ധതികളാണു കമ്പനി തമിഴ്നാട്ടിൽ നടപ്പാക്കുക.

തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിലായി മൊത്തം എട്ടു ശാലകളുള്ള എം ആർ എഫിന്റെ പ്രതിദിന ഉൽപ്പാദനം 1.2 ലക്ഷം ടയറുകളാണ്. എം ആർ എഫിനു പുറമെ തയ്വാനീസ് ടയർ കമ്പനിയായ മാക്സിസ് ഗ്രൂപ്പും പുതിയ ശാലയ്ക്കായി ഗുജറാത്ത് പരിഗണിക്കുന്നുണ്ട്. അഹമ്മദബാദിൽ നിന്ന് 40 കിലോമീറ്ററകലെ സാനന്ദിൽ 2,500 കോടി രൂപ മുതൽമുടക്കിലാണു കമ്പനി പുതിയ ശാല സ്ഥാപിക്കുക. അടുത്ത വർഷം പ്രവർത്തനക്ഷമമാവുമെന്നു കരുതുന്ന ശാലയിൽ ദിവസവും 10,000 ഇരുചക്രവാഹന ടയറുകളും 20,000 ട്യൂബുകളുമാണ് മാക്സിക് ഗ്രൂപ് ഉൽപ്പാദിപ്പിക്കുക.