എം വി അഗസ്റ്റ ഇന്ത്യയിലെത്തുന്നു; വില 13 ലക്ഷം മുതൽ

M V Agusta Brutale

‘മോട്ടോറോയൽ’ എന്നു പേരിട്ട പ്രത്യേക ഷോറൂമുകളുമായി ഇറ്റാലിയൻ പ്രീമിയം മോട്ടോർ സൈക്കിൾ നിർമാതാക്കളായ എം വി അഗസ്റ്റ പുതുവർഷത്തിൽ ഇന്ത്യയിലെത്തുന്നു. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, പുണെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാവും ‘മോട്ടോറോയൽ’ ഷോറൂമുകൾ പ്രവർത്തനം തുടങ്ങുക. ഇരുചക്രവാഹന വിപണിയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന കൈനറ്റിക് ഗ്രൂപ്പുമായി കൈകോർത്താണ് ഏഴു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള എം വി അഗസ്റ്റ ഇന്ത്യയിലെത്തുന്നത്. വിദേശ നിർമിത ബൈക്കുകൾ ഇറക്കുമതി ചെയ്തും കിറ്റുകൾ എത്തിച്ചു ബൈക്ക് പ്രാദേശികമായി അസംബ്ൾ ചെയ്തും സെമി നോക്ക്ഡ് ഡൗൺ കിറ്റ് വ്യവസ്ഥയിലുമൊക്കെ ‘എം വി അഗസ്റ്റ’ ബൈക്കുകൾ വിൽക്കാൻ ആലോചനയുണ്ട്. എം വി അഗസ്റ്റ ശ്രേണിയിലെ ബൈക്കുകളുടെ വിപണനത്തിനും വിൽപ്പനയ്ക്കും പുറമെ വിൽപ്പനാന്തര സേവന ചുമതലയും കൈനറ്റിക്കിനാണ്.

M V Agusta Brutale Dragster

എം വി അഗസ്റ്റയുടെ സമ്പൂർണ ശ്രേണി തന്നെ ജനുവരിയിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു കൈനറ്റിക് വേൾഡ് നൽകുന്ന സൂചന. ഇതിൽ അഞ്ചോളം മോഡലുകളുടെ ഇന്ത്യയിലെ വിലയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈയോടെ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന ‘ബ്രൂടെയ്ൽ 800’ ബൈക്കിന് 13 — 14 ലക്ഷം രൂപയാണു വില പ്രതീക്ഷിക്കുന്നത്. 16.2 ലക്ഷം രൂപയ്ക്കു ലഭിക്കുമെന്നു കരുതുന്ന ‘എഫ് ത്രീ 800’ ആണു വിലയിൽ രണ്ടാം സ്ഥാനത്ത്; ബൈക്കിലെ 800 സി സി എൻജിന് പരമാവധി 148 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. സെമി നോക്ക്ഡ് ഡൗൺ കിറ്റ് രീതിയിൽ ഇന്ത്യയിലെത്തുന്ന ബൈക്കിന്റെ വിൽപ്പനയാണ് അടുത്ത മാസം ആരംഭിക്കുന്നത്. അഗസ്റ്റ ശ്രേണിയിലെ മൂന്നാം മോഡലായ ‘ബ്രൂടെയ്ൽ 1090’ ഇന്ത്യയിലെത്തുന്നത് 18 — 19 ലക്ഷം രൂപ വില നിലവാരത്തിലാണ്. 1078 സി സി, നാലു സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണു ബൈക്കിലുള്ളത്; പരമാവധി 144 ബി എച്ച് പികരുത്തും 112 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇന്ത്യയിൽ സുസുക്കി ‘ജി എസ് എക്സ് — എസ് 1000’, കാവസാക്കി ‘സെഡ് 1000’, ട്രയംഫ് ‘സ്പീഡ് ട്രിപ്പ്ൾ’ തുടങ്ങിയവയാണു ബൈക്കിന്റെ എതിരാളികൾ.

M V Agusta F4

ഇതോടൊപ്പം ‘എഫ് ഫോർ’, ‘എഫ് ഫോർ ആർ ആർ’ എന്നീ ബൈക്കുകളും ഇന്ത്യയിൽ അവതരിപ്പിക്കാൻ എം വി അഗസ്റ്റയ്ക്കു പദ്ധതിയുണ്ട്. ‘എഫ് ഫോർ’ ശ്രേണിയിൽ ആഗോളതലത്തിൽ ലഭ്യമാവുന്ന മൂന്നു മോഡലുകളിൽ രണ്ടെണ്ണമാണ് ഇവിടെ എത്തുന്നത്. 998 സി സി, നാലു സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ‘എഫ് ഫോറി’ലുള്ളത്; പരമാവധി 195 ബി എച്ച് പി കരുത്തും 111 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇന്ത്യയിലെത്തുമ്പോൾ ബൈക്കിന്റെ വില 26 ലക്ഷം രൂപയാവുമെന്നാണു പ്രതീക്ഷ. പ്രകടനക്ഷമതയേറിയ ‘എഫ് ഫോർ ആർ ആറി’ന്റെ വില 34 ലക്ഷത്തോളം രൂപയാവും. ‘എഫ് ഫോറി’ലെ എൻജിൻ പക്ഷേ ഈ ബൈക്കിലെത്തുമ്പോൾ 201 ബി എച്ച് പി വരെ കരുത്തും 111 എൻ എം ടോർക്കും സൃഷ്ടിക്കും. വിദേശത്തു നിർമിച്ച ഈ രണ്ടു ബൈക്കുകളും ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക.

ഇവയ്ക്കു പുറമെ ഓർഡർ നൽകിയാൽ ‘എഫ് ഫോർ ആർ സി’, ‘ഡ്രാഗ്സ്റ്റർ’ ബൈക്കുകളും ഇന്ത്യയിൽ ലഭ്യമാക്കാൻ എം വി അഗസ്റ്റയ്ക്കു പദ്ധതിയുണ്ട്. ‘എഫ് ഫോറി’ലെ എൻജിൻ തന്നെയാണ് ‘എഫ് ഫോർ ആർ സി’ക്കും കരുത്തേകുന്നത്; പക്ഷേ പരമാവധി കരുത്ത് 212 ബി എച്ച് പിയായി ഉയരുമെന്നതാണു വ്യത്യാസം. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ‘എഫ് ഫോർ ആർ സി’യും ‘ഡ്രാഗ്സ്റ്ററു’മൊക്കെ സ്വന്തമാക്കാൻ 60 ലക്ഷത്തോളം രൂപ മുടക്കേണ്ടി വരുമെന്നാണു സൂചന.