ബജാജിന്റെ 400 സിസി ബൈക്ക് നിർമാണം ആരംഭിച്ചു

Photo Courtesy: Facebook

ബജാജ് 400 സിസി ബൈക്കിന്റെ നിർമാണം ആരംഭിച്ചു. കമ്പനി തന്നെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം പകുതിയോടെ ഷോറൂമുകളിൽ ബൈക്കെത്തും എന്നാണ് അറിയുന്നത്. പൂർണ്ണമായും വനിതാ എൻജിനീയർമാരാണ് വാഹനം അസംബിൾ ചെയ്തതെന്നാണ് കമ്പനി ഫെയ്സ്ബുക്ക് പേജിലൂടെ പറയുന്നത്. പ്രീമിയം ബൈക്കിന്റെ പേര് ക്രാറ്റോസ് എന്നോ ഡോമിനർ എന്നോ ആയിരിക്കും എന്നാണ് കമ്പനിയിൽ നിന്ന ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.

Photo Courtesy: Facebook

നേരത്തെ പൾസർ എന്ന പേരിൽ തന്നെയാണ് ബൈക്ക് എത്തുക എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പുതിയ ബ്രാൻഡ് നാമത്തിൽ പ്രീമിയം ബൈക്കുകളെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പേരുമാറ്റം എന്നാണ് സൂചന. 2014 ൽ ഡൽഹിയിൽ നടന്ന 12-ാമത് ഓട്ടോ എക്സ്പോയിൽവെച്ചാണു കമ്പനി ബൈക്കിന്റെ കൺസെപ്റ്റ് മോ‍‍ഡൽ പുറത്തിറക്കിയത്. ബജാജിന്റെ ഓസ്ട്രിയൻ പങ്കാളികളായ കെടിഎമ്മിന്റെ ഡ്യൂക്ക് 390, ആർസി 390 തുടങ്ങിയവയിൽ ഉപയോഗിക്കുന്ന 373.4 സിസി എൻജിനാണ് പൾസർ 400 ഉപയോഗിക്കുന്നത്. ബജാജിന്റെ ട്രിപ്പിൾ സ്പാർക്ക് ടെക്നോളജി ഉപയോഗിക്കുന്ന സിംഗിൾ സിലിണ്ടർ, എയർകൂൾഡ് എൻജിന് 35 ബിഎച്ച്പി കരുത്തുണ്ടാകും. ഈ ബൈക്കിന്റെ മുന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുകളും പിന്നിൽ എബിഎസുമാണുള്ളത്.

ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, എൽസിഡി ഡിസ്പ്ലെ യൂണിറ്റ്, അലോയ് വീലുകൾ, സ്പോർടി എക്സോസ്റ്റ്, എൽഇഡി ടെയിൽലാമ്പുകൾ എന്നീ സവിശേഷതകളും 400 സിസി ബൈക്കിലുണ്ടാകും. ഡ്യൂക്ക് 390 യുടെ അതേ എൻജിനാണ് ഉപയോഗിക്കുന്നതെങ്കിലും വില അതിനേക്കാൾ കുറവായിരിക്കും എന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. മഹീന്ദ്ര മോജോ, റോയൽ എൻഫീൽഡ് ബൈക്കുകൾ എന്നിവയോടായിരിക്കും ബജാജിന്റെ 400 സിസി ബൈക്ക് ഏറ്റുമുട്ടുക.