ആഡംബരത്തിന്റെ ഭാവിയായി പുത്തൻ ‘സെവൻ സീരീസ്’

BMW 7 Series

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ സെഡാനായ ‘സെവൻ സീരീസ്’ ഒക്ടോബറിൽ നിരത്തിലെത്തുക സാങ്കേതികമായി ഏറ്റവും മുന്നിലുള്ള കാർ എന്ന പെരുമയോടെ. ആംഗ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവിനു പുറമെ റിമോട്ട് കൺട്രോൾ നിയന്ത്രണത്തിൽ സ്വയം പാർക്ക് ചെയ്യാനുള്ള കഴിവും ‘ബുദ്ധി’യുള്ള സസ്പെൻഷനുമൊക്കെ പുത്തൻ ‘സെവൻ സീരിസി’ന്റെ മികവാണ്.

രൂപകൽപ്പനയിൽ മിതത്വമാണു പുതിയ കാറിന്റെ മുഖമുദ്ര. കാഴ്ചയിൽ മുൻ ‘സെവൻ സീരിസി’ൽ നിന്നു വേറിട്ടു നിൽക്കാനുള്ള വ്യത്യാസം മാത്രമാണു കാറിന്റെ ആറാം തലമുറയ്ക്കുള്ളത്: മുന്നിലെ കിഡ്നി ഗ്രിൽ കൂടുതൽ പ്രകടമാക്കിയതും പിന്നിലെ ക്വാർട്ടർ ഗ്ലാസുകൾക്കു ചരിവേറിയതും നിറം മാറാൻ കഴിവുള്ള പനോരമിക് സൺ റൂഫ് ഗ്ലാസുമൊക്കെയാണു പ്രധാന പരിഷ്കാരങ്ങൾ.

എന്നാൽ പുതിയ ‘സെവൻ സീരീസി’ന്റെ അകത്തളത്തിലും സാങ്കേതിക വിഭാഗത്തിലുമൊക്കെ ബി എം ഡബ്ല്യു ഇന്ദ്രജാലമാണു കാഴ്ചവയ്ക്കുന്നത്. ഒറ്റയ്ക്കു നിൽക്കുകയും ഡ്രൈവർ നിയന്ത്രിക്കുകയും ചെയ്യുന്ന കാറുകളിൽ നിന്ന് സദാ ബന്ധപ്പെട്ടു നിൽക്കുകയും സ്വയം ഓടുകയും ചെയ്യുന്ന കാറുകളിലേക്കുള്ള പരിണാമമായിട്ടാവും പുത്തൻ ‘സെവൻ സീരീസി’നെ ചരിത്രം രേഖപ്പെടുത്തുക.

ഇടുങ്ങിയ പാർക്കിങ് സ്ഥലങ്ങളിൽ റിമോട്ട് കൺട്രോൾ സഹായത്തോടെ സ്വയം ഇടം പിടിക്കാനുള്ള കഴിവുതന്നെയാവും പുതിയ ‘സെവൻ സീരീസി’ന്റെ പ്രധാന പെരുമ. ടച് സ്ക്രീൻ കീയിലെ പാർക്ക് ബട്ടൻ അമർത്തിക്കഴിഞ്ഞാൽ പിന്നെ ഉടമയ്ക്കു വെറും കാഴ്ചക്കാരനാവാം; ഡ്രൈവറില്ലാതെ തന്നെ പുത്തൻ ‘സെവൻ സീരീസ്’ പാർക്കിങ്ങിലേക്കു ചേക്കേറും.

കാറിലെ ആക്ടീവ് സുരക്ഷാ സംവിധാനങ്ങളും അടിമുടി പൊളിച്ചെഴുതിയിട്ടുണ്ട്. ഏതു തരം നിരത്തിലുമുള്ള ഗതാഗതത്തിരക്കിനെ നേരിടാൻ പോന്നതാണു സെമി ഓട്ടണോമസ് ട്രാഫിക് അസിസ്റ്റ്. ഇന്റലിജന്റ് ക്രൂസ് കൺട്രോളാവട്ടെ റോഡിലെ വേഗ നിയന്ത്രണത്തിലെ മാറ്റങ്ങളും മുന്നിലുള്ള കാറുമായുള്ള ദൂരവും കണക്കാക്കി സ്വയം വേഗം പുനഃക്രമീകരിക്കാൻ കഴിവുള്ളതാണ്. കാഴ്ച മറയാതിരിക്കാൻ വാഹനത്തിനു ചുറ്റുമുള്ള 360 ഡിഗ്രി പനോരമിക് വ്യൂ സഹിതമാണു കാറിലെ ടച് സ്ക്രീന്റെ വരവ്. നിരത്തിലെ വിഭിന്ന സാഹചര്യം തിരിച്ചറിഞ്ഞു സ്വയംക്രമീകരിക്കുന്ന ഇന്റലിജന്റ് സസ്പെൻഷനുള്ള പുതിയ ‘സെവൻ സീരീസി’ന് ഉടമയുടെ ഡ്രൈവിങ് ശൈലിയോടു പൊരുത്തപ്പെടാനുള്ള കഴിവും സ്വന്തമാണ്. പോരെങ്കിൽ ജി പി എസിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വയം ഗീയർ മാറാനും ഈ കാറിനാവും. 600 മീറ്റർ വരെ പ്രകാശവിതാനം നിർവഹിക്കുന്ന ലേസർ ലൈറ്റാണു ‘സെവൻ സീരീസി’ലെ മറ്റൊരു പുതുമ.

സാങ്കേതികമായി മുന്നിലുള്ള കാറിലെ നിയന്ത്രണ സംവിധാനങ്ങൾ അതീവ ലളിതമാണെന്നതാണു മറ്റൊരു സവിശേഷത. സ്മാർട് ഫോൺ മാതൃകയിൽ ഇൻഫൊടെയ്ൻമെന്റ് ടച് സ്ക്രീനെ വലുതാക്കി സ്വൈപ് ചെയ്താണു കാറിനു നിർദേശങ്ങൾ നൽകേണ്ടത്. മുകളിൽ ഘടിപ്പിച്ച ത്രിമാന കാമറയുടെ സഹായത്തോടെ ഡ്രൈവറുടെ ആംഗ്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാനും പുതിയ ‘സെവൻ സീരീസി’നു കഴിയും. ഡ്രൈവിങ്ങിനിടെ ഫോൺ സ്വീകരിക്കാൻ കൈയൊന്നു വീശിയാൽ മതി; അല്ലെങ്കിൽ മുഷ്ടി ചുരുട്ടുന്ന രീതിയിലോ ഒന്നോ രണ്ടോ വിരലുകൾ ഉയർത്തും വിധമോ ഈ നിർദേശം ക്രമീകരിക്കാം. ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നതും മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതുമൊക്കെ ഇത്തരത്തിൽ ആംഗ്യഭാഷയിൽ നടപ്പാക്കാം.

ഇതിനു പുറമെ പിൻ സീറ്റിന്റെ മധ്യത്തിലുള്ള ആംറസ്റ്റിൽ ഇടംപിടിക്കുന്ന റിമൂവബിൾ ടച് കമാൻഡ് ടാബ്ലറ്റ് മുഖേനയും പുതിയ ‘സെവൻ സീരീസി’ലെ വെഹിക്കിൾ ഫംക്ഷനുകളും എന്റർടെയ്ൻമെന്റ് സംവിധാനങ്ങളും നിയന്ത്രിക്കാൻ ബി എം ഡബ്ല്യു അവസരമൊരുക്കുന്നുണ്ട്.

സാങ്കേതികതലത്തിലെ പുതുമകൾക്കു പുറമെ ‘ബി എം ഡബ്ല്യു 750 ഐ’, ‘750 എൽ ഐ’, ‘740 ഡി എക്സ് ഡ്രൈവ്’, ‘740 എൽ ഡി എക്സ് ഡ്രൈവ്’ എന്നിവയ്ക്കായി ടർബോ ചാർജ്ഡ് പെട്രോൾ, ഡീസൽ വിഭാഗങ്ങളിൽ പുതിയ എൻജിൻ ശ്രേണിയും തയാറായിട്ടുണ്ട്. അടുത്ത വർഷമാവട്ടെ ഇന്ധനക്ഷമതയേറിയ പ്ലഗ് ഇൻ ഹൈബ്രിഡ്, പ്രകടനക്ഷമതയേറിയ ഇരട്ട ടർബോ വി എയ്റ്റ്, വി 12 യൂണിറ്റുകളും ‘സെവൻ സീരിസി’നു കരുത്തേകാനെത്തും. ‘740 ഇ’ ‘740 എൽ ഇ’, ‘740 എൽ ഇ എക്സ് ഡ്രൈവ്’ എന്നിവയാണ് ഇ ഡ്രൈവ് ശ്രേണിയിൽ ബി എം ഡബ്ല്യു അവതരിപ്പിക്കുക.