പുതിയ എൻജിനും പ്ലാറ്റ്ഫോമുമായി റോയൽ എൻഫീൽഡ്

ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് പുതിയ രണ്ട് എൻജിൻ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നു. വ്യത്യസ്ത മോഡലുകൾ അവതരിപ്പിക്കാൻ കഴിയുന്ന എൻജിനുകളും പ്ലാറ്റ്ഫോമുകളുമാണു കമ്പനി വികസിപ്പിക്കുന്നതെന്ന് ഐഷർ മോട്ടോഴ്സ് ലിമിറ്റഡ് മാനേജിഘ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാർഥ് ലാൽ അറിയിച്ചു.

പുതിയ എൻജിനുകളുടെ ശേഷി 250 സി സി മുതൽ 750 സി സി വരെയാവും; ഈ എൻജിൻ ഘടിപ്പിച്ച പുതിയ മോഡലുകൾ അടുത്ത വർഷം പ്രതീക്ഷിക്കാമെന്നും ലാൽ വെളിപ്പെടുത്തി.

കമ്പനിയുടെ അടിസ്ഥാന കരുത്തിൽ അധിഷ്ഠിതമായ മോഡലുകളാവും ചെന്നൈ ആസ്ഥാനമായ റോയൽ എൻഫീൽഡ് പുറത്തിറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ കൂടുതൽ ‘സ്പോർട്ടി’യും അത്യന്തം ‘എക്സ്ട്രീമു’മായ ബൈക്കുകളൊന്നും കമ്പനിയിൽ നിന്നു പ്രതീക്ഷിക്കേണ്ടതില്ല. അടുത്ത 10 വർഷത്തെ ആവശ്യം മുൻനിർത്തിയാണു റോയൽ എൻഫീൽഡ് പുതിയ എൻജിനും പ്ലാറ്റ്ഫോമും വികസിപ്പിക്കുന്നതെന്നും ലാൽ വിശദീകരിച്ചു.

‘ബുള്ളറ്റ്’, ‘ക്ലാസിക്’, ‘തണ്ടർബേഡ്’, ‘കോണ്ടിനെന്റൽ ജി ടി’ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ നിർമാതാക്കളായ റോയൽ എൻഫീൽഡ് ഇക്കൊല്ലം 500 കോടി രൂപയാണു ഗവേഷണ, വികസന മേഖലകളിൽ മുതൽ മുടക്കുക. പുതിയ മോഡലുകളുടെ വികസനത്തിനും ഉൽപ്പാദന ശേഷി ഉയർത്താനും ചെന്നൈയിലും യു കെയിലും പുതിയ ടെക്നോളജി വികസന കേന്ദ്രങ്ങൾ സ്ഥാപിക്കാനുമാണ് ഈ നിക്ഷേപത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ പുതിയ നിർമാണശാലയുടെ രണ്ടാം ഘട്ടത്തിനും റോയൽ എൻഫീൽഡ് ഇക്കൊല്ലം തുക വകയിരുത്തിയിട്ടുണ്ട്.

ബൈക്ക് ഉൽപ്പാദനശേഷി ഗണ്യമായി വർധിപ്പിക്കാനും റോയൽ എൻഫീൽഡ് തീരുമാനിച്ചിട്ടുണ്ടെന്നു ലാൽ അറിയിച്ചു. നിലവിൽ മാസം തോറും 30,000 ബൈക്കുകൾ ഉൽപ്പാദിപ്പിക്കുന്നത് വർഷാവസാനത്തോടെ അരലക്ഷമായി ഉയർത്താനാണു പദ്ധതി.

ഇക്കൊല്ലത്തിന്റെ ആദ്യ മൂന്നു മാസത്തിനിടെ റെക്കോർഡ് വിൽപ്പനയാണു റോയൽ എൻഫീൽഡ് കൈവരിച്ചതെന്നും ലാൽ വെളിപ്പെടുത്തി; 92,845 യൂണിറ്റായിരുന്നു കഴിഞ്ഞ ജനുവരി — മാർച്ച് പാദത്തിലെ വിൽപ്പന. 2014ന്റെ ആദ്യ മൂന്നു മാസക്കാലത്തെ വിൽപ്പനയെ അപേക്ഷിച്ച് 44.5% കൂടുതലാണിത്. ഒപ്പം 2,342 യൂണിറ്റ് കയറ്റുമതി ചെയ്യാനും കമ്പനിക്കു കഴിഞ്ഞു. 2014 ജനുവരി — മാർച്ച് കാലത്തെ കയറ്റുമതിയെ അപേക്ഷിച്ച് 62% അധികമാണിത്.