കാനഡയിലെ കുതിപ്പിന് പുതു ഇന്ധനവുമായി മക്‌ലാരൻ ഹോണ്ട

യു എസ് നിർമാതാക്കളായ എക്സോൺ മൊബിലിൽ നിന്നുള്ള പരിഷ്കരിച്ച ഇന്ധനത്തിന്റെ പിൻബലത്തിൽ ഈ വാരാന്ത്യത്തിലെ കനേഡിയൻ ഗ്രാൻപ്രിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നു മക്ലാരൻ ഹോണ്ടയ്ക്കു പ്രതീക്ഷ. എക്സോൺ മൊബിൽ യു എസിൽ വികസിപ്പിച്ച് ഹോണ്ട ജപ്പാനിലും യു കെയിലുമായി പരീക്ഷിച്ച ഇന്ധനമാണു മോൺട്രിയളിലെ കനേഡിയൻ ഗ്രാൻപ്രിയിൽ ടീമിന്റെ കാറുകളിൽ ഉപയോഗിക്കുക. ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിന്റെ ഈ സീസണിൽ ഇതാദ്യമായാണ് മക്ലാരൻ ഹോണ്ട പരിഷ്കരിച്ച ഇന്ധനം പരീക്ഷിക്കുന്നത്. ഹോണ്ടയുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച പുതിയ ഇന്ധനം കാനഡയിൽ ട്രാക്കിലിറങ്ങുമെന്ന് എക്സോൺ മൊബിലിന്റെ ഗ്ലോബൽ മോട്ടോർസ്പോർട് ടെക്നോളജി മാനേജർ ബ്രൂസ് ക്രോളിയാണു വെളിപ്പെടുത്തിയത്. മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നു തികച്ചും വേറിട്ട ആശയമാണു കമ്പനി യാഥാർഥ്യമാക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന വികസന പദ്ധതിയുടെ ഭാഗമാണ് ഇപ്പോഴത്തെ പരിഷ്കാരമെന്നും അദ്ദേഹം വ്യക്തമാക്കി.

മെൽബണിൽ തന്നെ കമ്പനി സുപ്രധാന ചുവടുവയ്പ് നടത്തിയിരുന്നു; പഴയ ഇന്ധനം ഉപയോഗിച്ചിരുന്നതിനെ അപേക്ഷിച്ച് എൻജിന്റെ പ്രകടനത്തിൽ 10 ശതമാനത്തിലേറെ വർധനയാണ് അന്നു കൈവരിച്ചത്. തുടർന്ന് ഈ സീസണിൽ അതേ ഇന്ധനമാണ് ഉപയോഗിച്ചിരുന്നത്. മോൺട്രിയലിൽ ട്രാക്കിലെത്തുന്ന പരിഷ്കരിച്ച ഇന്ധനത്തിന് എൻജിന്റെ പ്രകടനത്തിൽ ഒരു ശതമാനം കൂടി വർധന കൈവരിക്കാനാവുമെന്നു ക്രോളി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതോടെ എൻജിന്റെ കരുത്തിൽ അഞ്ചു കിലോവാട്ടോളം വർധനയാണു കൈവരിക; സർക്യൂട്ട് അടിസ്ഥാനമാക്കിയാൽ ലാപ് ടൈമിൽ പത്തിലൊന്നു സെക്കൻഡിന്റെ വരെ നേട്ടം പ്രതീക്ഷിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.മാത്രമല്ല, പുതിയ ഇന്ധനം ഉപയോഗിക്കുന്നതു വഴി ഹോണ്ടയുടെയും കമ്പനിയുടെയും വിദഗ്ധർക്കു പവർ യൂണിറ്റ് സാങ്കേതികവിദ്യയും ഔട്ട്പുട്ടും വികസിപ്പിക്കാനുള്ള അവസരവും കൈവരും. എൻജിൻ ഹാർഡ്വെയറിലെ പരിണാമവും മാറ്റവുമൊക്കെ ചേരുന്നതോടെ പ്രകടനക്ഷമത ഇനിയും വർധിപ്പിക്കാനും ഈ ഇന്ധന സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഈ സീസണിൽ രണ്ടു ചുവടു കൂടി മുന്നേറാൻ എക്സോൺ മൊബിൽ തയാറെടുക്കുന്നുണ്ട്. 2016 സീസണിൽ നിശ്ചയിച്ച ഇന്ധന വികസന പദ്ധതി നിലവിൽ പാതിവഴിയിലാണ്; ഇക്കൊല്ലം ഇന്ധനത്തിൽ രണ്ടു പരിഷ്കാരം കൂടി നടപ്പാക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. അടുത്ത പരിഷ്കാരത്തിനുള്ള ഇന്ധനം കണ്ടെത്തിയതായും ക്രോളി വെളിപ്പെടുത്തി. സീസൺ അവസാനിക്കുംമുമ്പു തന്നെ അതിനടുത്ത ഇന്ധന പരിഷ്കാരവും ട്രാക്കിൽ പ്രതീക്ഷിക്കാം.  മുൻ സീസണെ അപേക്ഷിച്ച് ഇക്കൊല്ലത്തെ വികസന പരിപാടി കൂടുതൽ തീവ്രമാണെന്നു ക്രോളി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം കമ്പനി നാല് ഇന്ധനം അവതരിപ്പിച്ചിരുന്നു; ഇക്കൊല്ലവും അത്രയും തന്നെ പരിഷ്കാരം ന്യായമായും പ്രതീക്ഷിക്കാം. എന്നാൽ ഓരോ പരിഷ്കാരത്തിലും കൈവരിക്കുന്ന പുരോഗതി മുൻവർഷത്തെ അപേക്ഷിച്ച് കൂടുതലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒപ്പം 2017 സീസൺ മുൻനിർത്തിയുള്ള പരീക്ഷണങ്ങൾക്കും കമ്പനി തുടക്കം കുറിച്ചു കഴിഞ്ഞു.