വിൽപ്പനയിൽ തകർപ്പൻ നേട്ടം കൊയ്തു നാലാം തലമുറ ‘സിറ്റി’

പ്രീമിയം സെഡാനായ ‘സിറ്റി’യുടെ നാലാം തലമുറ വകഭേദത്തിന്റെ ഇന്ത്യയിലെ ഇതുവരെയുള്ള വിൽപ്പന രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട. നിരത്തിലെത്തി 32 മാസത്തിനകമാണു പുതിയ ‘സിറ്റി’ ഈ നേട്ടം കൈവരിച്ചതെന്നും ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) അറിയിച്ചു. ഇതോടെ ഏറ്റവും വേഗത്തിൽ രണ്ടു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന പ്രീമിയം സെഡാനായി ‘സിറ്റി’ മാറിയെന്നും കമ്പനി അകാശപ്പെട്ടു. 2014 ജനുവരിയിൽ അരങ്ങേറ്റം കുറിച്ച നാലാം തലമുറ ‘സിറ്റി’ കഴിഞ്ഞ ഓഗസ്റ്റ് 31 വരെ 2,00,098 യൂണിറ്റിന്റെ വിൽപ്പനയാണു നേടിയതെന്നു ഹോണ്ട കാഴ്സ് അറിയിച്ചു.

ഇന്ത്യൻ വിപണിയിൽ 1998 ജൂലൈയിലാണു ഹോണ്ട ‘സിറ്റി’ വിൽപ്പന ആരംഭിച്ചത്. തുടക്കം മുതൽ ജനപ്രീതിയാർജിച്ചു മുന്നേറുന്ന ‘സിറ്റി’ ഇതുവരെ മൊത്തം 6.30 ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയാണ് ഇന്ത്യയിൽ നേടിയത്. ഇന്ത്യയ്ക്ക് ഏറെ പ്രിയങ്കരമായ കാറാണു ‘സിറ്റി’യെന്നു ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഹോണ്ട നേടിയ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതും ‘സിറ്റി’യാണെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായ നവീകരണത്തിലൂടെ നിരത്തിലെത്തുന്ന ‘സിറ്റി’യുടെ ഓരോ തലമുറയും പുതിയ സാങ്കേതികവിദ്യയും ഉടമകൾക്കു മുടക്കുന്ന പണത്തിനു മികച്ച മൂല്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഗുണമേന്മയിലും വിശ്വാസ്യതയിലും പുതിയ നിലവാരം കൈവരിക്കാനും ‘സിറ്റി’ക്കു സാധിച്ചിട്ടുണ്ട്. രണ്ടു ലക്ഷം യൂണിറ്റിന്റെ വിൽപ്പനയെന്ന തകർപ്പൻ നേട്ടം കൈവരിച്ച നാലാം തലമുറ ‘സിറ്റി’ക്കും ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യയിലെത്തിയ ശേഷം 14—ാം തവണയും ജെ ഡി പവർ ഇനീഷ്യൽ ക്വാളിറ്റി സ്റ്റഡിയിൽ ഗുണനിലവാരത്തിൽ ഒന്നാം റാങ്ക് നേടാൻ ‘സിറ്റി’ക്കു കഴിഞ്ഞു. ‘സിറ്റി’യിലെ ഐ വിടെക് പെട്രോൾ, ഐ ഡിടെക് ഡീസൽ എൻജിനുകൾക്കൊപ്പം സി വി ടി ട്രാൻസ്മിഷൻ ലഭ്യമാക്കാനും ഹോണ്ട ശ്രമിച്ചു; പ്രകടനക്ഷമതയുടെയും ഇന്ധനക്ഷമതയുടെയും അപൂർവ സംഗമമാണ് ഈ പുത്തൻ സാങ്കേതികവിദ്യയിലൂടെ കമ്പനി കൈവരിച്ചത്. ഇ ബി ഡി സഹിതം എ ബി എസ്, എസ് ആർ എസ് എയർബാഗ്, അഡ്വാൻസ്ഡ് കംപാറ്റബിലിറ്റി എൻജിനീയറിങ്(എ സി ഇ) ബോഡി ഷെൽ തുടങ്ങിയവയും ‘സിറ്റി’യിൽ ഹോണ്ട ലഭ്യമാക്കുന്നു.